November 26, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മ്യാന്‍മാറിലെ നരനായാട്ട്; രൂക്ഷവിമര്‍ശനവുമായി ലോകം

1 min read

വാഷിംഗ്ടണ്‍: മ്യാന്‍മാറില്‍ സൈന്യം നടത്തുന്ന അതിക്രമം തികച്ചും പ്രകോപനപരമാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.കൂടുതല്‍ ഉപരോധങ്ങള്‍കൊണ്ട് പ്രതികരിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഫെബ്രുവരിയില്‍ നടന്ന സൈനിക അട്ടിമറിക്ക് ശേഷം മ്യാന്‍മറിലെ സ്ഥിതിഗതികള്‍ നാള്‍ക്കുനാള്‍ വഷളായി വരികയാണ്. മ്യാന്‍മാറില്‍ ശനിയാഴ്ച സായുധ സേനാദിനത്തോട് അനുബന്ധിച്ചുനടന്ന വെടിവെയ്പില്‍ 114പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് യുഎസ് നിലപാട് കടുപ്പിച്ച് രംഗത്തുവന്നത്.

സൈനിക അട്ടിമറി നടന്നതിനുശേഷം ഒരു ദിവസം ഏറ്റവുമധികം ആള്‍ക്കാര്‍ കൊല്ലപ്പെടുന്ന ദിവസം സായുധ സേനാദിനമായിരുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം നടത്തിയ ആക്രമണത്തിനെതിരെ നേരത്തെതന്നെ ലോകരാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. ജപ്പാന്‍, ദക്ഷിണകൊറിയ,ബ്രിട്ടന്‍, യുഎസ്, ജര്‍മ്മനി,ന്യൂസിലാന്‍ഡ് ,ഇറ്റലി,ഗ്രീ്സ് ,നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്,കാനഡ എന്നീ രാജ്യങ്ങളാണ് ജനങ്ങള്‍ക്കെതിരായി അക്രമത്തിനെതിരെ ആദ്യം രംഗത്തുവന്നത്. ഇതില്‍ പല രാജ്യങ്ങളും മ്യാന്‍മാറുമായി അടുത്തബന്ധം പുലര്‍ത്തുന്നവയുമാണ്.

  'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന്

എന്നാല്‍ സായുധ സേനാ ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തത് പട്ടാള ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന നീക്കമായി എന്ന് ആഗോളതലത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ചൈനയും റഷ്യയും തുടക്കം മുതല്‍ തന്നെ സൈനിക ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും നല്‍കിയിരുന്നു. അതിനാല്‍ അവരുടെ സാന്നിധ്യത്തില്‍ ആരും അത്ഭുതപ്പെട്ടില്ല. പാക്കിസ്ഥാനും ചൈന നയിക്കുന്ന വഴിയേ സഞ്ചരിക്കുന്നു. ഇവരെ ക്കൂടാതെ ഇന്ത്യ ,ബംഗ്ലാദേശ്, വിയറ്റ്നാം, ലാവോസ്, തായ്ന്‍ഡ് തുടങ്ങിയ അയല്‍ രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തത് ജനങ്ങള്‍ക്കെതിരായ അക്രമത്തില്‍ മ്യാന്‍മാര്‍ സൈന്യത്തിന് പിന്തുണ നല്‍കുന്ന നീക്കമായി എന്നാണ് വിമര്‍ശനം.

അതിനിടെ മ്യാന്‍മാറിലെ ബ്രിട്ടീഷ് പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് യുകെ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഈ മാസം 27നുശേഷം അക്രമങ്ങളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതിനെത്തുടര്‍ന്നാണ് ഈ നിര്‍ദേശം. നാല്‍പ്പതിലധികം സ്ഥലങ്ങളിലാണ് ശനിയാഴ്ച സൈന്യം പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെച്ചത്. പട്ടാളം അടിച്ചമര്‍ത്തല്‍ തുടരുന്ന ഈ ഘട്ടത്തിലും പ്രതിഷേധങ്ങളില്‍നിന്ന് ജനം പിന്നോട്ടുപോകുന്നില്ലെന്നത് അധികൃതരെ വെട്ടിലാക്കിയിട്ടുണ്ട്. എങ്കിലും സമരത്തിനെ അടിച്ചമര്‍ത്താന്‍ തന്നെയാണ് സൈന്യത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.

  വരുന്നു പാൻ 2.0

മ്യാന്‍മാറില്‍ അരങ്ങേറുന്ന കൂട്ടക്കുരുതി അതീവ ഭീതിദമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. ചുരുക്കം ചിലരെ സേവിക്കാന്‍ സൈന്യം ജനങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മ്യാന്‍മാറിലെ സൈനികരുടെ അതിക്രമത്തില്‍ നടുങ്ങിപ്പോയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസും വിശദീകരിച്ചു. മുമ്പത്തെ ഏത് സാഹചര്യങ്ങളേക്കാളും ഇത് നിരാശാജനകമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഇതിനെ വിശേഷിപ്പിച്ചു. ചൈനയും റഷ്യയും വിമര്‍ശനങ്ങളില്‍ പങ്കുചേര്‍ന്നിട്ടില്ല എന്നത് മ്യാന്‍മാറിന് ആശ്വാസമാണ്. കാരണം യുഎന്‍ സുരക്ഷാ സമിതിയിലൂടെ നടപടിയെടുക്കുക മറ്റുരാജ്യങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, കാരണം പ്രമേയം എത്തിയാല്‍ അവര്‍ വീറ്റോ ചെയ്യുമെന്നുറപ്പാണ്.

  ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ പദ്ധതി

1945 ല്‍ ജപ്പാനീസ് അധിനിവേശത്തിനെതിരായ മ്യാന്‍മറിന്‍റെ സൈനിക ചെറുത്തുനില്‍പ്പിന്‍റെ സ്മരണയ്ക്കായാണ് സായുധ സേനാദിനം ആഘോഷിക്കുന്നത്. ഇക്കുറി ആഡംബരപൂര്‍ണമായ പാര്‍ട്ടിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സായുധ സേനാവാര്‍ഷികദിത്തില്‍ത്തന്നെ സ്വന്തം ജനതയുടെ നേര്‍ക്ക് ഇത്ര ക്രൂരമായ ആക്രമണം നടത്തിയ സൈനിക അധികാരികള്‍ക്കെതിരെ മ്യാന്‍മാറില്‍ രോഷം പുകയുകയാണ്. സോഷ്യല്‍ മീഡിയയിലും സൈനിക നേതൃത്വത്തിനെതിരെ രോഷാകുലമായ പ്രതികരണമാണ് ഉണ്ടാകുന്നുണ്ട്.

Maintained By : Studio3