Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍ഫോപാര്‍ക്കിലെ തരംഗ് മൂന്നാം സീസണ് തുടക്കമായി

കൊച്ചി: കൊച്ചിയുടെ ഐടി സമൂഹത്തിന്‍റെ സര്‍ഗ്ഗാത്മകത മാറ്റുരയ്ക്കുന്ന ആഘോഷദിനങ്ങള്‍ വിളിച്ചോതി തരംഗ് മൂന്നാം സീസണിന് വര്‍ണാഭമായ തുടക്കം. ഏപ്രില്‍ 21 മുതല്‍ മെയ് ഒമ്പത് വരെ നീണ്ടു നില്‍ക്കുന്ന അഖില കേരള ടെക്കീസ് കലോത്സവം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ജോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു വേണ്ടി കലാപരമായ കൂടിച്ചേരലുകളും ആത്മബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഉണ്ടാകണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തരംഗ് പോലുള്ള കലാമേളകള്‍ തുടര്‍ച്ചയായി നടത്താന്‍ സാധിച്ചത് പ്രോഗ്രസീവ് ടെക്കീസിന്‍റെ വിജയമാണ്. ഗുണമേന്‍മയുള്ള തൊഴിലും തൊഴില്‍ അന്തരീക്ഷവും കേരളത്തില്‍ തന്നെ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലയാളികളും കലോത്സവങ്ങളും തമ്മിലുള്ള ആത്മബന്ധം ഏത് സാഹചര്യത്തിലായാലും തുടര്‍ന്നു പോകുന്നത് ആഗോളതലത്തില്‍ തന്നെ ദൃശ്യമാകുന്ന കാര്യമാണെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. വിവിധ കമ്പനികളിലെ മത്സരാര്‍ത്ഥികളും കലാകാരന്‍മാരും പങ്കെടുത്ത തരംഗ് ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. വിസ്മയ കെട്ടിടത്തിന്‍റെ അങ്കണത്തില്‍ നടന്ന ഫ്ളാഷ് മോബ് കാണികളുടെ ആവേശം ഇരട്ടിയാക്കി. വിവിധ സിനിമാ മുഹൂര്‍ത്തങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രച്ഛന്ന വേഷങ്ങള്‍ ഒരേ സമയം കൗതുകമുണര്‍ത്തുന്നതും രസിപ്പിക്കുന്നതുമായിരുന്നു. ചെണ്ട മേളം, കാവടി, വിവിധ ഗ്രൂപ്പുകളുടെ ബാന്‍ഡു മേളം എന്നിവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ അതുല്യ കെട്ടിടത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. വിസ്മയ കെട്ടിടത്തില്‍ നിന്നാരംഭിച്ച് ഇന്‍ഫോപാര്‍ക്ക് പ്രധാന കവാടത്തിലൂടെ അതുല്യ കെട്ടിടത്തിലാണ് ഘോഷയാത്ര സമാപിച്ചത്. പ്രോഗ്രസീവ് ടെക്കീസ് പ്രസിഡന്‍റ് അനീഷ് പന്തലാനി, തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ഷാനാ, പരിപാടിയുടെ സ്പോണ്‍സര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ഇന്‍ഫോപാര്‍ക്കില്‍ നിന്നും പിരിച്ചെടുത്ത ധനസഹായമായ 8,69,816 രൂപയുടെ ചെക്കും റീബില്‍ഡ് വയനാടിന് കൈമാറി. നൂറിലധികം വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മുന്നൂറിലധികം കമ്പനികളില്‍ നിന്ന് പ്രാതിനിധ്യമുണ്ടാകും. അയ്യായിരത്തിലേറെ മത്സരാര്‍ഥികളാണ് വിവിധ വേദികളിലായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്.

  ഭരണം എന്നതു സംവിധാനങ്ങൾ കൈകാര്യം ചെയ്യലല്ല, സാധ്യതകൾ വർധിപ്പിക്കലാണ്: പ്രധാനമന്ത്രി
Maintained By : Studio3