October 1, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി

1 min read

തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതയുള്ള നൂതനാശയങ്ങളുമായെത്തുന്ന കേരളത്തിലെ സാമൂഹിക-വനിതാ സംരംഭകരെ പിന്തുണയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യവസായ വാണിജ്യ, എഐ, സ്റ്റാര്‍ട്ടപ്പ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള നൂറുദിന പരിപാടിയുടെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സംഘടിപ്പിച്ച ‘സാമൂഹിക സംരംഭകത്വ കോണ്‍ക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ സാമൂഹിക സംരംഭങ്ങള്‍ക്ക് വലിയ വളര്‍ച്ചാസാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായതോടെ വേള്‍ഡ് മാര്‍ക്കറ്റിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കുന്ന സാഹചര്യം നിലവിലുണ്ട്. പ്രാദേശിക കൈത്തറി ഉത്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിലെത്തിക്കാനും തദ്ദേശീയമായി വികസിപ്പിക്കുന്ന ലളിതമായ സാങ്കേതികവിദ്യകളിലൂടെ ജലാശയങ്ങളിലെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കാനും സാധിച്ചാല്‍ അത് വലിയൊരു ജനവിഭാഗത്തിന്‍റെ ജീവിതത്തെ പോസിറ്റീവായി സ്വാധീനിക്കും. സമൂഹത്തിന്‍റെ താഴേത്തട്ടിലുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന ഇത്തരം സാങ്കേതിക-പ്രായോഗിക ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകളെ, പ്രത്യേകിച്ച് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. സാമൂഹിക സംരംഭകത്വ കോണ്‍ക്ലേവില്‍ ഉയര്‍ന്നുവരുന്ന മികച്ച ആശയങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ക്ലേവിനോടനുബന്ധിച്ച് നടക്കുന്ന കെഎസ്‌യുഎമ്മിന്‍റെ വനിതാ സ്റ്റാര്‍ട്ടപ്പ് സെല്ലിന്‍റെ ഉദ്ഘാടനം വനിതാ ശിശു വികസന-തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിച്ചു. പരമ്പരാഗത അറിവുകളും ആധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്ന പുതിയ സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നമ്മുടെ നാടിന്‍റെ സുസ്ഥിര വികസനത്തിന് അനുയോജ്യമായ മികച്ച ആശയങ്ങളുമായി മുന്നോട്ടുവരുന്ന സംരംഭകര്‍ക്ക് ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങിയ മേഖലകളിലടക്കം പ്രോത്സാഹനം നല്‍കും. തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് കേരള സര്‍ക്കാരിന്‍റെ നയം. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നേട്ടം കൈവരിക്കുന്നതിനൊപ്പം തൊഴിലെടുക്കുന്നവരുടെ സന്തോഷവും സംതൃപ്തിയും ഉറപ്പാക്കുക എന്നതിനാണ് സര്‍ക്കാരിന്‍റെ മുന്‍ഗണന. കരിയര്‍ ഇടവേളയെടുക്കേണ്ടി വരുന്ന വനിതകളെ കണ്ടെത്തി തിരികെ തൊഴില്‍ രംഗത്തേക്ക് കൊണ്ടുവരുന്നതിനും അവരുടെ കഴിവുകള്‍ നാടിന് പ്രയോജനപ്പെടുത്തുന്നതിനും പ്രത്യേക പദ്ധതികള്‍ വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്‌യുഎമ്മിന്‍റെ സാമൂഹിക സംരംഭകത്വ പരിപാടിയുടേയും (സോഷ്യല്‍ എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം) പേറ്റന്‍റ് ഫെലിസിറ്റേഷന്‍ സെന്‍ററിന്‍റേയും ഉദ്ഘാടനവും പരിഷ്കരിച്ച വനിതാ സ്റ്റാര്‍ട്ടപ്പ് ഹാന്‍ഡ്ബുക്കിന്‍റെ പ്രകാശനവും കോണ്‍ക്ലേവില്‍ നടന്നു. സ്റ്റാര്‍ട്ടപ്പ് സാക്ഷരതാ കാമ്പയ്നിന്‍റെ ആദ്യ പതിപ്പും കോണ്‍ക്ലേവിന്‍റെ ഭാഗമായി ആരംഭിച്ചു. കേരളത്തിലെ സാമൂഹിക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ച് ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു അധ്യക്ഷപ്രസംഗത്തില്‍ സംസാരിച്ചു. കേരളത്തില്‍ യൂണിക്കോണുകള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡീപ്-ടെക് ആശയങ്ങളെ പിന്തുണയ്ക്കുന്നതിനായി പേറ്റന്‍റ് ഫയലിംഗ് പ്രൊമോഷന്‍ പരിപാടികള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫഷണല്‍ സാങ്കേതികവിദ്യാധിഷ്ഠിത ഉത്പന്നങ്ങള്‍ക്ക് പുറമെ സാമൂഹിക പ്രതിബദ്ധതയുള്ള വിപ്ലവകരമായ ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും പിന്തുണ നല്കാനാണ് കേരള സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനുപ് അംബിക സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പരമ്പരാഗത സംരംഭകര്‍ക്കും തനത് ഉത്പന്ന നിര്‍മ്മാണം, വനോത്പന്നങ്ങള്‍, ഗാര്‍ഹിക വിഭവ സമാഹരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമ്പത്തിക സഹായത്തിനൊപ്പം മാര്‍ഗനിര്‍ദേശവും നല്കും. കൂടുതല്‍ വനിതകളെ സാങ്കേതിക സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കാനും ആഗ്രഹിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, മെഷീന്‍ ലേണിംഗ് തുടങ്ങിയ സാങ്കേതിക പദാവലികളില്‍ മാത്രം ചുറ്റിക്കറങ്ങുന്നതല്ല സ്റ്റാര്‍ട്ടപ്പുകളെന്ന സങ്കല്‍പ്പമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലാനിംഗ് ബോര്‍ഡംഗം ശ്രീധര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍കാലത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് മികച്ച സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം നിലവിലുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന പിന്തുണ പരമാവധി പ്രയോനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ടൈ വിമണ്‍ ചെയര്‍ നിഷ ജോസ്, വിവിധ മേഖലകളിലെ സാമൂഹ്യസംരംഭകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് നൂതന ആശയങ്ങള്‍ വഴി പരിഹാരം കാണുന്ന സംരംഭങ്ങളാണ് സാമൂഹ്യ സംരംഭങ്ങള്‍ (സോഷ്യല്‍ എന്‍റര്‍പ്രൈസസ്). ലാഭേച്ഛയില്ലാത്ത സേവന സംരംഭങ്ങളായാണ് സാമൂഹ്യ സംരംഭങ്ങള്‍ തിരിച്ചറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തികമായി വളരാനുള്ള പിന്തുണ ഇത്തരം സംരംഭങ്ങള്‍ക്ക് കുറവാണ്. ഈ സാഹചര്യത്തിലാണ് സാമൂഹ്യ സംരംഭങ്ങള്‍ക്കുള്ള പിന്തുണ ഉറപ്പാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സോഷ്യല്‍ എന്‍റര്‍പ്രെണര്‍ഷിപ് പ്രോഗ്രാമിന് തുടക്കമിടുന്നത്. ഈ പ്രോഗ്രാം വഴി ഫണ്ടിംഗ്, മെന്‍റര്‍ഷിപ്പ്, വിപണി പ്രവേശനം, ബ്രാന്‍ഡിംഗ് തുടങ്ങി ഇത്തരം നൂതന ആശയങ്ങള്‍ക്കുള്ള പിന്തുണ നല്കാന്‍ ലക്ഷ്യമിടുന്നു. കേരളത്തിലെ നൂതനവും സുസ്ഥിരവുമായ സാമൂഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. സാമൂഹിക -വനിതാ സംരംഭകര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, നിക്ഷേപകര്‍, വിദ്യാര്‍ത്ഥി സംരംഭകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

  അഷിഷ് കുമാർ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എംഡി & സിഇഒ
Maintained By : Studio3