October 1, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജിയോജിത്തില്‍ നേതൃമാറ്റം: ജോണ്‍സ് ജോര്‍ജ് പുതിയ മാനേജിങ് ഡയറക്ടര്‍

കൊച്ചി: ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നേതൃമാറ്റം. കമ്പനിയുടെ പുതിയ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിലവിലെ എംഡി, സി. ജെ. ജോര്‍ജിനെയും മാനേജിങ് ഡയറക്ടറായി നിലവില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജോണ്‍സ് ജോര്‍ജിനെയും നിയമിച്ചു. പുതിയ നിയമനം 2026 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ജൂലൈ 22ന് ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ സ്ഥാനമാറ്റങ്ങള്‍ക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. 1987ല്‍ സി. ജെ. ജോര്‍ജും രണജിത് കാഞ്ചിലാലും ചേര്‍ന്ന് സ്ഥാപിച്ച ജിയോജിത്, ഇന്ത്യയിലെ ഓഹരി വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന കമ്പനിയാണ്. ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയുമുള്ള ട്രേഡിംഗ് രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത് ജിയോജിത്താണ്. ഇതിനുപുറമെ സ്വര്‍ണം, കുരുമുളക്, ഏലം തുടങ്ങിയവയുടെ ഫ്യൂച്ചേഴ്‌സ് ട്രേഡിംഗിനും തുടക്കം കുറിച്ചത് ജിയോജിത്താണ്. നാല്‍പതാം വര്‍ഷത്തേക്ക് കടക്കുന്ന കമ്പനിയുടെ വളര്‍ച്ചയിലെ അടുത്ത പടിയാണ് ഈ നേതൃമാറ്റം. 2013ല്‍ ഡിജിറ്റല്‍ മീഡിയാ മാനേജരായാണ് ജോണ്‍സ് ജോര്‍ജ് ജിയോജിത്തില്‍ എത്തിയത്. പിന്നീട്, 2018ല്‍ ചീഫ് ഡിജിറ്റല്‍ ഓഫീസറായും 2021ല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിക്കപ്പെട്ടു. ജിയോജിത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം, വിദേശത്തെ ബിസിനസുകളുടെയും കമ്പനിയുടെ വളര്‍ച്ചാ തന്ത്രങ്ങളുടെയും ചുമതല വഹിക്കുന്നുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കമ്പനിക്കൊപ്പമുള്ള ജോണ്‍സിന് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അറിവുണ്ട്. അടിസ്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് കമ്പനിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കമ്പനിയുടെ നേതൃനിരയ്ക്ക് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സി.ജെ. ജോര്‍ജ് പറഞ്ഞു. പ്രവര്‍ത്തനം തുടങ്ങി നാല്‍പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കാനിരിക്കുന്ന ഈ നിര്‍ണായക ഘട്ടത്തില്‍ ജിയോജിത്തിലെ പുതിയ ചുമതല ഏറ്റെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണെന്ന് ജോണ്‍സ് ജോര്‍ജ് പറഞ്ഞു. നിക്ഷേപകരുടെ വിശ്വാസവും അവരുമായുള്ള ആഴത്തിലുള്ള ബന്ധവുമാണ് ജിയോജിത്തിന്റെ കരുത്ത്. വരുംകാലങ്ങളില്‍ പുതിയ സാങ്കേതികവിദ്യകളിലും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജിയോജിത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് കമ്പനിയുടെ വളര്‍ച്ച ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും ജോണ്‍സ് ജോര്‍ജ് വ്യക്തമാക്കി.

  ടാറ്റ എഐഎ 'മൊമെന്‍റം വാല്യൂ 50 ഇൻഡക്‌സ് ഫണ്ട്'
Maintained By : Studio3