രാജ്യത്തിന്‍റെ കറന്‍റ് എക്കൗണ്ട് കമ്മി 1.7 ബില്യണ്‍ ഡോളര്‍
ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 15.1 ബില്യണ്‍ ഡോളറിന്‍റെ മിച്ചത്തില്‍ നിന്ന് ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് മൂന്നാം പാദത്തില്‍ 1.7 ബില്യണ്‍ ഡോളറിന്‍റെ കമ്മിയിലേക്ക് മാറി. വ്യാപാരക്കമ്മി മുന്‍ പാദത്തിലെ 14.8 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് മൂന്നാം പാദത്തില്‍ 34.5 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു.
കേന്ദ്ര ബാങ്കിന്‍റെ കണക്കനുസരിച്ച്, സേവന വിഭാഗത്തിലെ അറ്റ വരുമാനം മുന്‍ പാദവുമായുള്ള താരതമ്യത്തിലും വാര്‍ഷികാടിസ്ഥാനത്തിലും ഉയര്‍ന്നു. കമ്പ്യൂട്ടര്‍ സേവനങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന കയറ്റുമതി വരുമനമാണ് ഇതിനെ പ്രധാനമായും പിന്തുണച്ചത്.
എന്നിരുന്നാലും, സ്വകാര്യ ട്രാന്‍സ്ഫര്‍ രസീതുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്നാം പാദത്തില്‍ നേരിയ ഇടിവ് നേരിട്ടു. എങ്കിലും മുന്‍ പാദവുമായുള്ള താരതമ്യത്തില്‍ 1.5 ശതമാനം വര്‍ദ്ധിച്ച് 20.7 ബില്യണ്‍ ഡോളറായി , പ്രധാനമായും വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പണമടയ്ക്കലിനെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.
പ്രധാനമായും നിക്ഷേപ വരുമാനത്തിന്‍റെ പേയ്മെന്‍റുകളെ പ്രതിഫലിപ്പിക്കുന്ന, പ്രാഥമിക വരുമാന എക്കൗണ്ടിലെ മൊത്തം വരുമാന 10.1 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലിത് 7.4 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. റിസര്‍വ് ബാങ്കിന്‍റെ കണക്കനുസരിച്ച്, ധനകാര്യ എക്കൗണ്ടില്‍, നേരിട്ടുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 17 ബില്യണ്‍ ഡോളറിന്‍റെ ശക്തമായ വരവ് രേഖപ്പെടുത്തി.