Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അവസാന പത്തു ദിവസങ്ങളില്‍ നടന്നത് റെക്കോഡ് പേമെന്‍റുകള്‍: തോമസ് ഐസക്

മൂന്നു ദിവസത്തില്‍ പരിഷ്കരിച്ച ശമ്പളത്തിന്‍റെയും പെന്‍ഷന്‍റെയും വിതരണം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പത്തു ദിവസങ്ങളില്‍ റെക്കോഡ് പേമെന്‍റുകളാണ് സംസ്ഥാനത്തെ ട്രഷറികളിലൂടെ നടത്തിയതെന്ന് ധനമന്ത്രി തോമസ് ഐസക്. 375171 ബില്ലുകളിലായി 23202 കോടി രൂപയാണ് ട്രഷറിയില്‍ മാറി നല്‍കിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയാണ്. അവസാന മൂന്നു ദിവസങ്ങളില്‍ മാത്രം ഏകദേശം അയ്യായിരം കോടി രൂപയാണ് ട്രഷറിയില്‍ നിന്ന് വിതരണം ചെയ്തത്.

നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്മെന്‍റിലൂടെ എല്ലാ പേയ്മെന്‍റുകളും നല്‍കിക്കഴിഞ്ഞതിന് ശേഷമാണിത്. ഈ വര്‍ഷം എടുക്കാമായിരുന്ന രണ്ടായിരം കോടി രൂപയിലധികം വായ്പ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതുള്‍പ്പെടെയാണിത്. ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തെ ധന മാനേജ്മെന്‍റ് സുഗമമാക്കുമെന്നുറപ്പാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

  ദശകോടി ഹരിത കിലോമീറ്ററുകള്‍ പിന്നിട്ട് ടാറ്റാ പവറിന്‍റെ ചാര്‍ജിങ് ശൃംഖല

ട്രഷറി എക്കൗണ്ടില്‍ ചെലവാക്കാതെ വകുപ്പുകള്‍ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരിച്ചെടുത്തിട്ടുണ്ട്. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ അടുത്ത വര്‍ഷത്തെ കടമെടുപ്പില്‍ നിന്ന് അത്രയും തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടികുറയ്ക്കുമായിരുന്നു. ഇങ്ങനെ തിരിച്ചെടുത്ത തുക കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തതുപോലെ ഏപ്രിലില്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകളുടെ എക്കൗണ്ടില്‍ തിരിച്ചു നല്‍കുമെന്നും ഇക്കാര്യത്തിലെ മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറയുന്നു.

നേരിട്ട് ബാങ്ക് എക്കൗണ്ട് വഴിയുള്ള പെന്‍ഷന്‍ എല്ലാവരിലും എത്തിക്കഴിഞ്ഞു. സാമൂഹ്യ പെന്‍ഷനുള്ള തുക മുഴുവനും ബന്ധപ്പെട്ട പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കി. മിക്കവാറും സംഘങ്ങള്‍ സര്‍ക്കാര്‍ വിഹിതം ലഭിക്കുന്നതിന് മുന്നേ തന്നെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നുവെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

വെല്ലുവിളികള്‍ക്കിടയിലും സംസ്ഥാന തദ്ദേശ സ്ഥാപന പ്ലാന്‍ ചിലവുകള്‍ എണ്‍പത് ശതമാനം എത്തിക്കാനായി. തദ്ദേശ സ്ഥാപനങ്ങള്‍ പകുതിയില്‍ കൂടുതലും നൂറു ശതമാനത്തിലേറെ ചിലവാക്കിയ വര്‍ഷമാണിത്. ഇതില്‍ ഭൂരിഭാഗത്തിന്‍റെയും ബില്ലുകള്‍ അധികമായി തുക അനുവദിച്ച് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. അവസാന ദിവസങ്ങളില്‍ ബില്ലുകള്‍ സമര്‍പ്പിച്ച ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ ഈ സാമ്പത്തിക വര്‍ഷം ആദ്യം തന്നെ നല്‍കുന്നതായിരിക്കും. അവസാന ദിവസം ട്രഷറി കമ്പ്യൂട്ടര്‍ ശൃഖലയിലെ തിരക്ക് കാരണം ചില ഇടപാടുകാര്‍ക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടു. അത്തരം തുകകള്‍ ഈ മാസം ശമ്പള വിതരണത്തിന് ശേഷം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

  ടെക്നോപാര്‍ക്കില്‍ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍

മൂന്നു ദിവസത്തിനുള്ളില്‍ പരിഷ്കരിച്ച ശമ്പളവും പെന്‍ഷനും നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ ബാങ്ക് അവധി പരിഗണിച്ച് പെന്‍ഷന്‍കാര്‍ക്ക് വിതരണം നടത്താനുള്ള തുക സൂക്ഷിക്കുന്നതിനായി ട്രഷറികള്‍ക്കു ഉത്തരവ് നല്‍കി. പ്രശ്ങ്ങള്‍ ഒന്നും തന്നെയില്ലാതെ ശമ്പള പെന്‍ഷന്‍ വിതരണം മൂന്നു ദിവസത്തിനുള്ളില്‍ പൂത്തിയാക്കുമെന്ന പ്രത്യാശയും ധനമന്ത്രി പങ്കുവെച്ചു.

Maintained By : Studio3