പെട്രോളിലെ 20% എഥനോള്‍ ബ്ലെന്‍ഡിംഗ് 2025ഓടെ സാധ്യമാക്കും: പ്രധാനമന്ത്രി
2030 ഓടെ 20 ശതമാനം ബ്ലെന്‍ഡിംഗ് നേടാനാകുമെന്നുമായിരുന്നു സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത്
ന്യൂഡെല്‍ഹി: മലിനീകരണവും ഇറക്കുമതി ആശ്രയത്വവും കുറയ്ക്കുന്നതിനായി പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുകയെന്ന ലക്ഷ്യം 2025ഓടെ സാധ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തേ 2030ഓടെ ഇതു നേടുന്നതിനുള്ള ലക്ഷ്യമാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് മോദി ലക്ഷ്യം നേരത്തേയാക്കുന്നതായി പ്രഖ്യാപിച്ചത്.
ഇന്ത്യ ഇപ്പോള്‍ കാലാവസ്ഥാ വ്യതിയാന പരിഹാരത്തിന്‍റെ വക്താവാണെന്നും കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയിലെ മികച്ച 10 രാജ്യങ്ങളില്‍ ഒന്നാണെന്നും മോദി പറഞ്ഞു. കരിമ്പില്‍ നിന്നും കേടായ ഭക്ഷ്യധാന്യങ്ങള്‍, കാര്‍ഷിക മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എഥനോള്‍ പ്രയോജനപ്പെടുത്തുന്നത് രണ്ട് തരത്തില്‍ ഗുണകരമാണ്. ഇന്ധന മലിനീകരണം കുറയ്ക്കാനാകുന്നതിനൊപ്പം കര്‍ഷകര്‍ക്ക് മറ്റൊരു വരുമാന മാര്‍ഗ്ഗം കൂടി സൃഷ്ടിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
2022ഓടെ പെട്രോളില്‍ 10 ശതമാനം എഥനോള്‍ കൂട്ടിച്ചേര്‍ക്കുന്നത് സാധ്യമാക്കുമെന്നും 2030 ഓടെ 20 ശതമാനം ബ്ലെന്‍ഡിംഗ് നേടാനാകുമെന്നുമായിരുന്നു സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത്. നിലവില്‍ 8.5 ശതമാനം എഥനോള്‍ പെട്രോളുമായി കലര്‍ത്തുന്നത് സാധ്യമാക്കിയിട്ടുണ്ടെന്ന് മോദി പറയുന്നു. മുന്‍പിത് 2 ശതമാനത്തില്‍ താഴെയായിരുന്നു. എത്തനോള്‍ സംഭരണം 320 കോടി ലിറ്ററായി ഉയര്‍ന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം എണ്ണക്കമ്പനികള്‍ 21,000 കോടി രൂപ എത്തനോള്‍ സംഭരണത്തിനായി ചെലവഴിച്ചുവെന്നാണ് കണക്ക്.
കാലാവസ്ഥാ വ്യതിയാനം സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. പുനരുപയോഗ ഊര്‍ജ്ജ ശേഷി 250 ശതമാനം ഉയര്‍ന്നു. പുനരുപയോഗ ഊര്‍ജ്ജത്തിന്‍റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യ ഇപ്പോള്‍ ഉള്‍പ്പെടുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമ്പദ്വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ഒരുമിച്ച് പോകാന്‍ കഴിയുമെന്നും അതാണ് ഇന്ത്യ തെരഞ്ഞെടുത്ത പാതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധ നടപടികളിലും പാരിസ് ഉടമ്പടിയുടെ വെളിച്ചത്തില്‍ വിവിധ ലോക രാഷ്ട്രങ്ങള്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്.