ഇന്‍ഡെല്‍ മണി പ്രവര്‍ത്തനം വിപുലീകരിക്കുന്നു

കൊച്ചി . രാജ്യത്തെ മുന്‍നിര നോണ്‍ ബാങ്കിംഗ് സ്വര്‍ണ്ണ വായ്പാ കമ്പനികളിലൊന്നായ ഇന്‍ഡെല്‍ മണി, 2026 സാമ്പത്തിക വര്‍ഷം പശ്ചിമേന്ത്യന്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. പുതിയ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുംബൈയില്‍ ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച രജിസ്‌ട്രേഡ് ഓഫീസ് തുറന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഈ മൂന്നു സംസ്ഥാനങ്ങളിലുമായി ബ്രാഞ്ചുകളുടെ എണ്ണം 45 ആക്കി ഉയര്‍ത്താനാണ് നീക്കം. കമ്പനിയ്ക്ക് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ 22 ഉം ഗുജറാത്തില്‍ 10 ഉം രാജസ്ഥാനില്‍ 5 ഉം ബ്രഞ്ചുകളാണുള്ളത്. മുംബൈ, പൂനെ, നാഗ്പൂര്‍, അഹ്‌മദാബാദ്, സൂറത്, രാജ്‌കോട്, ജെയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലും ശാഖകളുണ്ട്. കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചാ പദ്ധതിയില്‍ പശ്ചിമ മേഖലയ്ക്ക് നിര്‍ണ്ണായകമായ പ്രാധാന്യമുണ്ടെന്ന് ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒ യുമായ ഉമേഷ് മോഹനന്‍ നിരീക്ഷിച്ചു. വീടുകളില്‍ യഥേഷ്ടം സ്വര്‍ണ്ണം സൂക്ഷിക്കുമെങ്കിലും പണയം വെച്ച് വായ്പയെടുക്കാന്‍ അവിടെ ജനങ്ങള്‍ക്കു താല്‍പര്യക്കുറവുണ്ട്. എന്നാല്‍ ഈ മേഖലയില്‍ കസ്റ്റമര്‍ ഡിമാന്റില്‍ 35 ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നു. വളരുന്ന ഡിമാന്റ്ിനനുസരിച്ച് സുതാര്യമായും സുരക്ഷിതമായും സാങ്കേതിക മേന്മയോടെ സേവനം നല്‍കുകയാണ് ലക്ഷ്യം. അദ്ദേഹം പറഞ്ഞു. ” മുന്നോട്ടു പോകുന്തോറും ഇടപാടുകാരുടെ വിശ്വാസം നില നിര്‍ത്തി മെച്ചപ്പെട്ട പ്രവര്‍ത്തനത്തിലൂടെ ഉത്തരവാദിത്തത്തോടെയുള്ള വളര്‍ച്ചയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പശ്ചിമ വിപണി നിര്‍ണായക വളര്‍ച്ചയുടെ കേന്ദ്രമാണ്. സാങ്കേതിക രംഗത്തും പ്രാദേശിക പങ്കാളിത്തത്തിലും വിപണിക്കനുസരിച്ചുള്ള പരിഷ്‌കാരങ്ങളിലും പണം നിക്ഷേപിക്കുന്നത് തുടരും. ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡെല്‍ മണിയെ രാജ്യമെങ്ങും ധനകാര്യ സേവനം നല്‍കുന്ന സ്ഥാപനമാക്കി മാറ്റുന്നതില്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കു വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്രസ്വകാല പരിധിയില്‍ വ്യാപാര, വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യ മാര്‍ഗ്ഗമായി സ്വര്‍ണ്ണ പണയം പരിഗണിക്കപ്പെടുന്ന കാലത്താണ് ഇന്‍ഡെല്‍ മണിയുടെ വികസന പ്രഖ്യാപനം. നിയമാനുസൃതവും സുതാര്യവുമായി, തടസങ്ങളില്ലാതെ സ്വര്‍ണ്ണ പണയത്തില്‍ വായ്പ നല്‍കാനുള്ള കമ്പനിയുടെ ശ്രമം, ഈ സേവനം ലഭ്യമല്ലാത്ത പശ്ചിമേന്ത്യയിലെ നഗര, അര്‍ധ നഗര വിപണികളില്‍ സാന്നിധ്യം ശക്തമാക്കുമെന്നു കരുതുന്നു. കമ്പനിയുടെ അറ്റാദായം 2025 സാമ്പത്തിക വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധിച്ച് 61 കോടി രൂപയായി. ശക്തമായ വായ്പാ വളര്‍ച്ചയായിരുന്നു ഈ നേട്ടത്തിനു പിന്നില്‍. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ (AUM ) മാര്‍ച്ച് 31ലെ കണക്കനുസരിച്ച് മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 52 ശതമാനം വളര്‍ന്ന് 2400 കോടി രൂപയായി ഉയര്‍ന്നു. ഈ കാലയളവില്‍ 6000 കോടിയോളം രൂപയുടെ വായ്പ വിതരണം ചെയ്തു. മുന്‍ വര്‍ഷം 3.2 ശതമാനമായിരുന്ന കിട്ടാക്കടത്തിന്റെ അനുപാതം 1.4 ശതമാനമായി കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം 10,000 കോടി രൂപയുടെ വായ്പാ വിതരണവും വര്‍ഷാന്ത്യത്തോടെ 40,000 കോടി രൂപയുടെ ആസ്തി കൈകാര്യവുമാണ് കമ്പനി ലക്ഷ്യമിടുന്നത്.