മാര്‍ച്ചില്‍ യുഎസ് കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത് 50,000 ഐടി തൊഴിലുകള്‍
1 min readവാഷിംഗ്ടണ്‍: കൊറോണ വൈറസ് മഹാമാരിയുടെ സാഹചര്യത്തില്‍ കമ്പനികള്‍ നടപ്പാക്കിയ ഡിജിറ്റല്‍ നടപടികള്‍, സ്ഥിരമായ വര്‍ക്ക്പ്ലെയ്സ് സവിശേഷതകളായി വികസിപ്പിക്കുന്നത് കമ്പനികള്‍ തുടരുന്നതിനാല്‍ മാര്‍ച്ചില്‍ യുഎസ് കമ്പനികളുടെ നിയമനങ്ങള്‍ കുതിച്ചുയര്‍ന്നു. ഐടി ട്രേഡ് ഗ്രൂപ്പായ കോംപ്ടിഐഎ വിശകലനം ചെയ്ത ഫെഡറല്‍ ജോബ്സ് ഡാറ്റ പ്രകാരം യുഎസ് തൊഴിലുടമകള്‍ കഴിഞ്ഞ മാസം 50,000 പുതിയ എന്‍റര്‍പ്രൈസ്-ടെക്നോളജി തൊഴിലാളികളെ ചേര്‍ത്തു.
വിദൂരങ്ങളിലിരുന്നുള്ള ജോലി ചെയ്യലിനെ പിന്തുണയ്ക്കാന്‍ കഴിയുന്ന ക്ലൗഡ് അധിഷ്ഠിത ബിസിനസ്സ് പ്രോസസ്സുകള്‍ പോലുള്ള സാങ്കേതികവിദ്യയില്‍ നിക്ഷേപം തുടരുന്നതിനാലാണ് തൊഴില്‍ വളര്‍ച്ചയില്‍ നേട്ടമുണ്ടായതെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായ ആറാം മാസമാണ് യുഎസിലെ ഐടി തൊഴില്‍ നിയമനങ്ങള്‍ മികച്ച വളര്‍ച്ച പ്രകടമാക്കുന്നത്.
സോഫ്റ്റ്വെയര്‍, ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍, ഐടി സപ്പോര്‍ട്ട് സ്പെഷ്യലിസ്റ്റുകള്‍, സിസ്റ്റം എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍ എന്നിവരാണ് മാര്‍ച്ചിലെ ഐടി തൊഴില്‍ നേട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ടെക് തൊഴിലാളികളുടെ തൊഴിലില്ലായ്മാ നിരക്ക് 1.9 ശതമാനമായി കുറഞ്ഞു, ഇത് 2019 ഓഗസ്റ്റിനുശേഷം ഏറ്റവും താഴ്ന്ന നിലയിലാണെന്ന് കോംപ്ടിഐഎ പറഞ്ഞു.
യുഎസ് കമ്പനികള്‍ മൊത്തത്തില്‍ ഓഗസ്റ്റിനുശേഷം തങ്ങളുടെ ഏറ്റവും വലിയ തൊഴില്‍ നേട്ടം രേഖപ്പെടുത്തിയതായി തൊഴില്‍ വകുപ്പ് അറിയിച്ചു. സമ്പദ്വ്യവസ്ഥയില്‍ ആകെ 916,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. തൊഴിലില്ലായ്മ നിരക്ക് 6 ശതമാനമായി കുറയുകയും ചെയ്തു.