മൊബീലിലെ ഹെല്‍ത്ത് ആപ്പുകള്‍ അറുപത് പിന്നിട്ട ഹൃദ്രോഗികള്‍ക്ക് ഗുണം ചെയ്യും: പഠനം
1 min readമൊബീല്‍ ഫോണുകളിലെ ഫിറ്റ്‌നെസ് ആപ്പുകള്‍ ഉള്‍പ്പടെയുള്ളവ ഹൃദ്രോഗികള്‍ക്ക് ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും മരുന്നുകളുടെ കൃത്യമായ ഉപയോഗത്തിനും സഹായകമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്
ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് കണ്ടെത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും ഗര്‍ഭകാല പരിചരണത്തിനും എന്തിന് ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് വരെ വ്യക്തികേന്ദ്രീകൃത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന നിരവധി മൊബീല്‍ ഹെല്‍ത്ത് ടെക്‌നോളജികള്‍ ഇന്നുണ്ട്. ഫിറ്റ്‌നസ് ആപ്പുകള്‍ അടക്കം ഇത്തരത്തിലുള്ള സാങ്കേതികവിദ്യകള്‍ ഹൃദ്രോഗികള്‍ക്കും ഏറെ ഗുണകരമാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അറുപത് വയസ് പിന്നിട്ട ഹൃദ്രോഗികള്‍ക്ക് ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും മരുന്നുകളുടെ കൃത്യമായ ഉപയോഗത്തിനും നൂതന സാങ്കേതികവിദ്യകള്‍ പ്രത്യേകിച്ച് മൊബീല്‍ ഹെല്‍ത്ത് ടെക്‌നോളജി ഏറെ ഉപകാരപ്രദമാണെന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നത്.
അരോഗ്യപരമായ നേട്ടങ്ങള്‍ ലക്ഷ്യമാക്കിയുള്ള മൊബീല്‍, വയര്‍ലെസ് സാങ്കേതികവിദ്യകളെയാണ് മൊബീല്‍ ഹെല്‍ത്ത് ടെക്‌നോളജി എന്ന് വിളിക്കുന്നത്. ടെക്‌സ്റ്റ് മെസേജിംഗ്, ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്), ബ്ലൂടൂത്ത് ടെക്‌നോളജി, ആരോഗ്യ വിവരങ്ങളോ സ്വഭാവങ്ങളോ ശീലങ്ങളോ കണ്ടെത്തുന്നതിനായി ശരീരത്തില്‍ ധരിക്കുന്ന വെയറബിള്‍ ഡിവൈസുകള്‍ എന്നിവ മൊബീല്‍ ഹെല്‍ത്ത് ടെക്‌നോളജക്ക് ഉദാഹരണങ്ങളാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇത്തരത്തിലുള്ള മൊബീല്‍ ഹെല്‍ത്ത് ടെക്‌നോളജി പ്രത്യേകിച്ച് വെയറിബിള്‍ ടെക്‌നോളജിയും മൊബീല്‍ ഹെല്‍ത്ത് വിപണികളും വലിയ തോതില്‍ സ്വീകാര്യത നേടിയതായി മിനിസോട്ട സ്‌കൂള്‍ ഓഫ് നേഴ്‌സിംഗിലെ അസോസിയേറ്റ് പ്രഫസറും ഇത് സംബന്ധിച്ച പഠനത്തിന് നേതൃത്വം നല്‍കിയ വ്യക്തികളില്‍ ഒരാളുമായ എറിക എന്‍ സ്‌കോര്‍ പറഞ്ഞു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലായ സര്‍ക്കുലേഷന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ക്വാളിറ്റി ആന്‍ഡ് ഔട്ട്കംസിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രായമായവര്‍ക്കിടയില്‍ ഇത്തരം സാങ്കേതികവിദ്യകളുടെ ഉപയോഗം കുറവാണെന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ടെന്നും എന്നാലിത് തീര്‍ത്തും തെറ്റാണെന്നും പഠനസംഘം പറയുന്നു. വിനോദത്തിനും അറിവ് വര്‍ധിപ്പിക്കുന്നതിനുമായി പ്രായമായവര്‍ വന്‍തോതില്‍ സാങ്കേതികവിദ്യകളെ, പ്രത്യേകിച്ച് മൊബീല്‍ ഫോണ്‍ ആപ്പുകളെ ആശ്രയിക്കുന്നുണ്ട്. ഈ വസ്തുത കണക്കിലെടുത്ത് ആരോഗ്യ സംരക്ഷണത്തിനും പ്രായമായവര്‍ക്കിടയില്‍ സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നാണ് പഠനം ശുപാര്‍ശ ചെയ്യുന്നത്. അറുപത് പിന്നിട്ടവരില്‍ കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യകാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നിര്‍ദ്ദേശങ്ങളും അറിവുകളും നല്‍കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം സാങ്കേതികവിദ്യകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും.
ഏതാണ്ട് മൂന്നില്‍ രണ്ട് വിഭാഗം ഹൃദ്രോഗികളും അറുപത് വയസ് പിന്നിട്ടവരാണെന്നാണ് അനുമാനം. മാത്രമല്ല പ്രായമാകുന്നതിനനുസരിച്ച് ഫിസിക്കല്‍ ആക്ടിവിറ്റി കുറയുകയും ചെയ്യും. പ്രത്യേകിച്ച് ഹൃദ്രോഗികളില്‍. ഹൃദയാഘാതം, സ്‌ട്രോക്ക് പോലെ ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങള്‍ നേരത്തെ വന്നിട്ടുള്ളവര്‍ക്ക് അല്ലാത്തവരെ അപേക്ഷിച്ച് വീണ്ടും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം അധികമാണ്. അതിനാല്‍ തന്നെ ഒരിക്കല്‍ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അനുഭവിച്ചവര്‍ വീണ്ടും രോഗമുണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ രണ്ടാമതും ഹൃദയപ്രശ്‌നങ്ങള്‍ വരുന്നത് തടയുന്നതില്‍ പ്രായമായവര്‍ക്ക് മൊബീല്‍ ഹെല്‍ത്ത് ടെക്‌നോളജി സഹായകമായും.
ടെസ്റ്റ് മെസേജിംഗ്, വെബസൈറ്റുകള്‍ വഴിയുള്ള വിവരശേഖരണം തുടങ്ങിയവ പ്രായമാവരില്‍ ഫിസിക്കല്‍ ആക്ടിവിറ്റിയും മരുന്നുകളുടെ കൃത്യമായ ഉപയോഗവും ജീവിതശൈലിയും മെച്ചപ്പെടുത്തിയതായി പഠന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കൃത്യസമത്ത് മരുന്ന് കഴിക്കുന്നത് ഓര്‍മ്മപ്പെടുത്തുന്നതിനായി മൊബീല്‍ ആപ്പോ ടെക്‌സ്റ്റ് മെസേജിംഗോ ഉപയോഗിക്കുന്നത് രോഗികളുടെ മരുന്ന് ഉപയോഗം ക്രമപ്പെടുത്തുന്നതായി പഠനത്തില്‍ തെളിഞ്ഞു. വീണ്ടും ഹൃദ്രോഗം ഉണ്ടാകുന്നത് തടയുന്നതില്‍ രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോളും വലിയ പങ്ക് വഹിക്കുന്നു. ഇവ നിയന്ത്രണവിധേയമാക്കുന്നതിന് മരുന്നുകള്‍ അത്യാവശ്യമാണ്. സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള കൃത്യമായ മരുന്ന് ഉപയോഗം രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും.
മരുന്ന് ഉപയോഗത്തിനപ്പുറം വെറുതെയിരിക്കുന്ന സമയം കുറയ്ക്കുക, ഫിസിക്കല്‍ ആക്ടിവിറ്റി വര്‍ധിപ്പിക്കുക, ശരീരഭാരം കൃത്യമായി നിലനിര്‍ത്തുക, ആരോഗ്യപൂര്‍ണമായ ഭക്ഷണക്രമം പിന്തുടരുക, ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക എന്നിവയും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗസാധ്യത കുറയ്ക്കും. ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന വേയറബിള്‍ ഡിവൈസുകളും മൊബീല്‍ ഉപകരണങ്ങളും ആപ്പുകളും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കുമെന്നും വീണ്ടും രോഗമുണ്ടാകാനുള്ള സാധ്യത കണ്ടെത്താന്‍ സഹായിക്കുമെന്നും എറിക് പറയുന്നു.
അതേസയമം പ്രായമായവരിലെ മൊബീല്‍ ഹെല്‍ത്ത് ടെക്‌നേളജി ഉപയോഗത്തില്‍ ചില വെല്ലുവിളികളും തടസങ്ങളും ഉണ്ട്. പിന്നാക്ക വിഭാഗങ്ങളിലും ചില പ്രത്യേക സമുദായങ്ങളിലും പെട്ട ആളുകള്‍ സാങ്കേതികവിദ്യകളുടെ ഉപയോഗത്തില്‍ വിമുഖത കാണിക്കാറുണ്ട്. മാത്രമല്ല ചിലര്‍ സാങ്കേതികവിദ്യകളുടെ സുരക്ഷ, ചിലവ്, സ്വകാര്യത പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് ആശങ്കയുള്ളവരാണ്. ഇവ കൂടാതെ, ഗ്രഹണശക്തി, കാഴ്ചക്കുറവ്, കേള്‍വിക്കുറവ് അടക്കമുള്ള ശാരീരിക പരിമിതികള്‍ എന്നിവയും പ്രായമായവരിലെ സാങ്കേതികവിദ്യ ഉപയോഗത്തിന് വെല്ലുവിളിയാണ്. ടെക്‌നോളജി ഉപയോഗം ഒറ്റപ്പെടലെന്ന തോന്നല്‍ ഉളവാക്കുമെന്നതിനാല്‍ ചിലര്‍ ആരോഗ്യവിദഗ്ധരെ നേരിട്ട് ചെന്ന് കാണാനാണ് ആഗ്രഹിക്കുന്നത്.