November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജനിതക വ്യതിയാനങ്ങള്‍: കോവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍വീര്യമായേക്കും

1 min read

എത്രയും പെട്ടന്ന് ആവശ്യത്തിന് കോവിഡ് വാക്‌സിനുകള്‍ എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാക്കിയില്ലെങ്കില്‍ നിലവിലെ വാക്‌സിനേഷന്‍ യജ്ഞങ്ങളെല്ലാം നിഷ്ഫലമാകുമെന്ന് മുന്നറിയിപ്പ്

അടിക്കടിയുണ്ടാകുന്ന ജനിതക വ്യതിയാനങ്ങള്‍ നിലവിലുള്ള കോവിഡ്-19 വാക്‌സിനുകളുടെ ഫലപ്രാപ്തി ഒരു വര്‍ഷത്തിനകം ഇല്ലാതാക്കിയേക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പീപ്പിള്‍സ് വാക്‌സിന്‍ അലിയന്‍സ് 28 രാജ്യങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ പ്രതികരിച്ച മൂന്നിലൊന്ന് പകര്‍ച്ചവ്യാധി വിദഗ്ധരും വൈറോളജിസ്റ്റുകളും നോവല്‍ കൊറോണ വൈറസിന്റെ ജനിതക ഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കോവിഡ്-19 വാക്‌സിന്‍ ഫലപ്രാപ്തിയെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടു. കോവിഡ്-19നില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാവശ്യമായ വാക്‌സിന്‍ ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാക്കിയില്ലെങ്കില്‍ നിലവിലെ വാക്‌സിനേഷന്‍ യജ്ഞങ്ങളെല്ലാം നിഷ്ഫലമാകുമെന്ന സൂചനയാണ് ഇവരുടെ വാക്കുകളിലുള്ളത്.

കോവിഡ്-19ല്‍ നിന്നും സംരക്ഷണം നല്‍കാനുള്ള നിലവിലെ കോവിഡ്-19 വാക്‌സിനുകളുടെ ശേഷി ഒമ്പത് മാസത്തിനുള്ളില്‍ ഇല്ലാതായേക്കുമെന്നാണ് സര്‍വ്വേയില്‍ പ്രതികരിച്ചവരില്‍ മൂന്നിലൊരു വിഭാഗം വിദഗ്ധര്‍ പറയുന്നത്. ജനിതക വ്യതിയാനം കോവിഡ്-19 വാക്‌സിന്റെ ഫലപ്രാപ്തിക്ക് മാറ്റം വരുത്തില്ലെന്ന് വളരെ ചെറിയൊരു ശതമാനം പ്രതികരിച്ചു. എന്നാല്‍ നിരവധി രാജ്യങ്ങളിലെ വളരെ കുറഞ്ഞ തോതിലുള്ള വാക്‌സിനേഷന്‍ നിരക്ക് വാക്‌സിനുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വൈറസ് വകഭേദങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമാകുമെന്ന് 88 ശതമാനം പേരും അഭിപ്രായപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഇപ്പോഴുള്ള വാക്‌സിനേഷന്‍ നിരക്ക് കണക്കിലെടുക്കുമ്പോള്‍ അടുത്ത വര്‍ഷം ഭൂരിഭാഗം ദരിദ്ര രാഷ്ട്രങ്ങളിലെയും കേവലം പത്ത് ശതമാനം ആളുകള്‍ക്ക് മാത്രമേ വാക്‌സിന്‍ ലഭിക്കാനിടയുള്ളുവെന്ന് ആഫ്രിക്കന്‍ അലിയന്‍സ്, ഓക്‌സ്ഫാം, യുഎന്‍എയിഡ്‌സ് അടക്കം അമ്പതോളം സംഘടനകളുടെ കൂട്ടായ്മയായ പീപ്പിള്‍സ് വാക്‌സിന്‍ അലിയന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.

“വൈറസ് വ്യാപനം കൂടുന്നതിനനുസരിച്ച് വ്യതിയാനങ്ങള്‍ക്കും പുതിയ വകഭേദങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിക്കും. അത് നിലവിലെ വാക്‌സിനുകളെ നിര്‍വീര്യമാക്കും. അതോടൊപ്പം തന്നെ ദരിദ്രരാഷ്ട്രങ്ങള്‍ മതിയായ വാക്‌സിനോ ഓക്‌സിജന്‍ പോലുള്ള അടിസ്ഥാന വൈദ്യസഹായങ്ങളോ ഇല്ലാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയും സംജാതമാകും. വെറസുകള്‍ക്ക് അതിര്‍ത്തിഭേദമില്ല. അതുകൊണ്ട് ലോകത്തിലെ എല്ലാ ഭാഗങ്ങളിലുമുള്ള, കഴിയുന്നിടത്തോളം ആളുകള്‍ക്ക് എത്രയും പെട്ടന്ന് വാക്‌സിന്‍ ലഭ്യമാക്കണം. ഒട്ടും അമാന്തിക്കാതെ തന്നെ ഇതിനുള്ള നടപടി ആരംഭിക്കണം”

പ്രഫസര്‍ ദേവി ശ്രീധര്‍ 

ഈഡന്‍ബര്‍ഗ് സര്‍വ്വകലാശാല

ജോണ്‍സ് ഹോപ്കിന്‍സ്, യൈല്‍, ഇംപീരിയല്‍ കൊളെജ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, കേംബ്രിജ് സര്‍വ്വകലാശാല, ഈഡന്‍ബര്‍ഗ് സര്‍വ്വകലാശാല. കേപ്‌ടൌണ്‍ സര്‍വ്വകലാശാല തുടങ്ങി ലോകപ്രശസ്ത സ്ഥാപനങ്ങളിലെ എപിഡെമിയോളജിസ്റ്റുകളും വൈറോളജിസ്റ്റുകളും സാംക്രമികരോഗ വിദഗ്ധരുമായ 77ഓളം ആളുകളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. സാങ്കേതികവിദ്യകളുടെയും ബൗദ്ധിക ആസ്തികളുടെയും പങ്കുവെക്കല്‍ ആഗോളതലത്തില്‍ വാക്‌സിന്‍ കവറേജ് കൂട്ടാന്‍ സഹായിക്കുമെന്ന് ഇവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

വൈറസ് വ്യാപനം കൂടുന്നതിനനുസരിച്ച് വ്യതിയാനങ്ങള്‍ക്കും പുതിയ വകഭേദങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിക്കും. അത് നിലവിലെ വാക്‌സിനുകളെ നിര്‍വീര്യമാക്കും. അതോടൊപ്പം തന്നെ ദരിദ്രരാഷ്ട്രങ്ങള്‍ മതിയായ വാക്‌സിനോ ഓക്‌സിജന്‍ പോലുള്ള അടിസ്ഥാന വൈദ്യസഹായങ്ങളോ ഇല്ലാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയും സംജാതമാകുമെന്ന് ബ്രിട്ടനിലെ ഈഡന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ആഗോള പൊതുജനാരോഗ്യ വിഭാഗം പ്രഫസര്‍ ദേവി ശ്രീധര്‍ അഭിപ്രായപ്പെട്ടു. വൈറസുകള്‍ക്ക് അതിര്‍ത്തിഭേദമില്ല. അതുകൊണ്ട് ലോകത്തിലെ എല്ലാ ഭാഗങ്ങളിലുമുള്ള, കഴിയുന്നിടത്തോളം ആളുകള്‍ക്ക് എത്രയും പെട്ടന്ന് വാക്‌സിന്‍ ലഭ്യമാക്കണം. ഒട്ടും അമാന്തിക്കാതെ തന്നെ ഇതിനുള്ള നടപടി ആരംഭിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

അടിയന്തരമായി ആഗോളതലത്തില്‍ വാക്‌സിനേഷന്‍ നടത്തേണ്ടതിന്റെ പ്രാധാന്യം യൈല്‍ സര്‍വ്വകലാശാലയിലെ എപിഡെമിയോളജി വിഭാഗം അസോസിയേറ്റ് പ്രഫസറായ ഗ്രെഗ് ഗാന്‍സാല്‍വ്‌സും ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ആളുകള്‍ വൈറസ് ബാധിതരായിക്കുന്ന അവസ്ഥയില്‍ ഓരോ ദിവസവും വൈറസിന് പുതിയ പുതിയ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമെന്നും ചിലപ്പോള്‍ തങ്ങളുടെ മുന്‍ഗാമികളേക്കാള്‍ ശക്തിയുള്ള വൈറസുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള വകഭേദങ്ങളുടെ വ്യാപനശേഷി കൂടുതലായിരിക്കുമെന്നും മുന്‍ വൈറസുകള്‍ക്കെതിരെ ശരീരത്തിലുള്ള പ്രതിരോധ ശക്തിയെ അതിജീവിക്കാന്‍ അവയ്ക്ക് കഴിഞ്ഞേക്കുമെന്നും ഗാന്‍സാല്‍വ്‌സ് പറഞ്ഞു. ലോകജനതയ്ക്ക് ഒന്നാകെ പ്രതിരോധ കുത്തിവെപ്പ് എടുക്കാനായില്ലെങ്കില്‍ കൂടുതല്‍ വ്യതിയാനങ്ങള്‍ക്കുള്ള സാധ്യതകളാണ് നാം വൈറസിന് തുറന്നുകൊടുക്കുന്നതെന്നും നിലവിലെ വാക്‌സിനുകളെ പ്രതിരോധിക്കാനാകുന്ന വകഭേദങ്ങള്‍ ഉണ്ടാകാന്‍ അത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

വികസ്വര രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്ക് എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കേണ്ടത് ലോകജനതയുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവിലെ വാക്‌സിന്‍ അസമത്വം പരിഹരിക്കാനായില്ലെങ്കില്‍ കൂടുതല്‍ വ്യതിയാനങ്ങള്‍ക്കുള്ള സാധ്യത കൂടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത്തരമൊരു അടിയന്തര സാഹചര്യത്തിലും സമ്പന്ന രാഷ്ട്രങ്ങളും വന്‍കിട ഔഷധ നിര്‍മാണ കമ്പനികളും ചേര്‍ന്ന് ആഗോളതലത്തിലുള്ള വാക്‌സിന്‍ വിതരണത്തില്‍ കൃത്രിമം കാണിക്കുകയാണ്. വിരലിലെണ്ണാവുന്ന കമ്പനികള്‍ ആരൊക്കെ ജീവിക്കണം, ആര് മരിക്കണമെന്ന് തീരുമാനിക്കുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോവിഡ്-19 വാക്‌സിനുകള്‍ക്കുള്ള ബൗദ്ധിക സ്വത്തവകാശങ്ങളില്‍ ഇളവ് നല്‍കാനുള്ള നിര്‍ദ്ദേശത്തിന് കഴിഞ്ഞ മാസം ആദ്യം സമ്പന്ന രാഷ്ട്രങ്ങള്‍ തടയിട്ടിരുന്നു. ഈ മാസം ലോക വ്യാപാര സംഘടനയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുനഃരാരംഭിക്കുമ്പോള്‍ ഈ രാഷ്ട്രങ്ങള്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് പീപ്പിള്‍സ് വാക്‌സിന്‍ അലിയന്‍സ് ആവശ്യപ്പെടുന്നു. കോവിഡ്-19 വാക്‌സിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ഔഷധ നിര്‍മാണ കമ്പനികളും അവരുടെ സാങ്കേതികവിദ്യയും ബൗദ്ധിക സ്വത്തും ലോകാരോഗ്യ സംഘടനയുടെ കോവിഡ്-19 ടെക്‌നോളജി അസ്സസ് പൂള്‍ മുഖേന പങ്ക് വെക്കണമെന്നും ഈ കൂട്ടായ്മ ആവശ്യപ്പെട്ടു. എല്ലാ രാജ്യങ്ങളിലും വാക്‌സിന്‍ ഉല്‍പ്പാദനവും വിതരണവും വേഗത്തിലാകാന്‍ ഇത് അനിവാര്യമാണെന്ന് അവര്‍ വ്യക്തമാക്കി.

Maintained By : Studio3