February 20, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സമുദ്രമേഖലയിലെ വികസന സാധ്യതകള്‍ ഐകെജിഎസ് 2025 ചര്‍ച്ച ചെയ്യും

കൊച്ചി: സമുദ്രമേഖലയിലെ സംസ്ഥാനത്തിന്റെ വികസന സാധ്യതകള്‍ ഫെബ്രുവരി 21 മുതല്‍ 22 വരെ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി (ഐകെജിഎസ് 2025) ചര്‍ച്ച ചെയ്യും. ആഗോള പങ്കാളിത്തവും നിക്ഷേപ അവസരങ്ങളും ആകര്‍ഷിക്കുന്നതിനായി കോച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടന ദിവസം സമുദ്ര മേഖലയെ സംബന്ധിച്ച് പ്രത്യേക സെഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മികച്ച രീതിയില്‍ വികസിച്ചു വരുന്ന മാരിടൈം മേഖലയുടെ നവീകരണവും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് കപ്പല്‍ നിര്‍മ്മാതാക്കളുമായും ടെക്‌നോളജി സേവനദാതാക്കളുമായുള്ള സഹകരണ സാധ്യതകള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സമീപഭാവിയില്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റാന്‍ പോകുന്നതാണ് വിഴിഞ്ഞം തുറമുഖം എന്നത് കൊണ്ടുതന്നെ മാരിടൈം മേഖലയെ സംബന്ധിച്ചുള്ള സെഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവ് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിട്ടുണ്ട്. നിക്ഷേപം ആകര്‍ഷിക്കുന്നതിന് പുറമേ, എഐ, റോബോട്ടിക്‌സ് എന്നിവ ഉപയോഗിച്ച് കപ്പല്‍ നിര്‍മ്മാണത്തിന്റെ ചെലവ് കുറയ്ക്കുക, കാര്യക്ഷമത വര്‍ധിപ്പിക്കുക, സുരക്ഷ ഉറപ്പാക്കുക എന്നിവ എങ്ങനെ സാധിക്കും എന്നതിനെ പറ്റി ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (കെഎസ്‌ഐഡിസി) ഉച്ചകോടി സംഘടിപ്പിക്കുന്നത്. സുസ്ഥിര സാങ്കേതികവിദ്യകള്‍, തന്ത്രപ്രധാന വ്യവസായങ്ങള്‍, ആരോഗ്യമേഖലയിലെ നവീകരണം, ഫിന്‍ടെക്, ടൂറിസം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളില്‍ ഉച്ചകോടി ശ്രദ്ധകേന്ദ്രീകരിക്കും. ‘നാവിഗേറ്റിംഗ് ദ ഫ്യൂച്ചര്‍: ഷിപ്പ് ബില്‍ഡിംഗ് പൊട്ടന്‍ഷ്യല്‍ ഇന്‍ ഇന്ത്യാസ് മാരിടൈം ഗ്രോത്ത് ‘ എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ മാരിടൈം മേഖലയിലെ വിദഗ്ധരും വ്യവസായ പങ്കാളികളും പങ്കെടുക്കും. മാരിടൈം മേഖലയിലെ സുരക്ഷയുടെ പ്രധാന ഘടകമെന്ന നിലയിലുള്ള കപ്പല്‍ നിര്‍മ്മാണം, പ്രാദേശിക തൊഴിലവസരങ്ങളും നൈപുണ്യവും വര്‍ധിപ്പിക്കല്‍, നിക്ഷേപം ആകര്‍ഷിക്കല്‍, പ്രാദേശിക സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കല്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആകര്‍ഷിക്കല്‍ എന്നിവ സംബന്ധിച്ച് സെഷന്‍ ചര്‍ച്ച ചെയ്യും. ചെറിയ ബോട്ടുകളും വലിയ ഇലക്ട്രിക് കപ്പലുകളും നിര്‍മ്മിക്കാനുള്ള സാധ്യതകളും ഇവയുടെ സുസ്ഥിരതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള നവീന സാങ്കേതികവിദ്യകള്‍ എന്നിവയെ സംബന്ധിച്ചുമുള്ള ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിപുലീകരണത്തെക്കുറിച്ചും പാനലിസ്റ്റുകള്‍ തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെയ്ക്കും. ‘ഭാവി വളര്‍ച്ചയ്ക്കായി സമുദ്ര മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍’, ‘ആഗോള വ്യാപാരത്തിനുള്ള പാലമെന്ന നിലയില്‍ തുറമുഖ അധിഷ്ഠിത വികസനം’ എന്നിങ്ങനെ സമുദ്രമേഖലയുമായി ബന്ധപ്പെട്ട സെഷനുകള്‍ ഉച്ചകോടിയില്‍ ഉണ്ടാകും. ‘ശുദ്ധവും സുസ്ഥിരവുമായ ഊര്‍ജ്ജം ഉപയോഗിച്ച് കേരളത്തിന്റെ ഭാവി ശാക്തീകരിക്കല്‍’ എന്ന വിഷയത്തില്‍ ഉദ്ഘാടന ദിവസം സെഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ വ്യവസായ നയത്തിലെ സുപ്രധാന മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഉച്ചകോടിയില്‍ ആഗോള വ്യവസായ പ്രമുഖരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരുമടക്കം 2,500 പ്രതിനിധികള്‍ പങ്കെടുക്കും. ഐകെജിഎസ് 2025 ന് മുന്നോടിയായി സംഘടിപ്പിച്ച വിവിധ പരിപാടികളിലൂടെ സംസ്ഥാനത്തിന്റെ സുപ്രധാന മേഖലകളെ ഫലപ്രദമായി നിക്ഷേപകര്‍ക്കും വ്യവസായ പങ്കാളികള്‍ക്കും മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

  ഫാസ്റ്റ്ട്രാക്ക് ബെയർ കളക്ഷൻ

 

Maintained By : Studio3