ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി ഫെബ്രുവരി 21 മുതല്‍ 22 വരെ

തിരുവനന്തപുരം: ഫെബ്രുവരി 21 മുതല്‍ 22 വരെ കൊച്ചിയില്‍ നടക്കുന്ന ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി’ (ഐകെജിഎസ് 2025), സര്‍ക്കാരിന്‍റെ പുതിയ വ്യാവസായിക നയത്തിലെ സുപ്രധാന മേഖലകള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്‍റെ നിക്ഷേപ സാധ്യതാ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഉച്ചകോടി വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) വിവിധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഐകെജിഎസ് 2025 ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ജയന്ത് ചൗധരി, യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി എന്നിവര്‍ മുഖ്യതിഥികളാകും. സംസ്ഥാന വ്യവസായ, നിയമ, കയര്‍ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, വ്യവസായ റവന്യു (വഖഫ്) പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, സിഐഐ പ്രസിഡന്‍റും ഐടിസി ചെയര്‍മാനും എംഡിയുമായ സഞ്ജീവ് പുരി എന്നിവര്‍ സംസാരിക്കും. നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാനും എംഡിയുമായ എംഎ യൂസഫലി, അദാനി പോര്‍ട്സിന്‍റെയും എസ്ഇഇസെഡ് ലിമിറ്റഡിന്‍റെയും (എപിഎസ്ഇഇസെഡ്) എംഡി കരണ്‍ അദാനി, സോഹോ കോര്‍പ്പറേഷന്‍ സിഇഒ ശ്രീധര്‍ വെമ്പു, സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി, ടിവിഎസ് മോട്ടോര്‍ കമ്പനി എംഡി സുദര്‍ശന്‍ വേണു, സിയുഎംഐ ചെയര്‍മാന്‍ എംഎം മുരുഗപ്പന്‍, ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ജി-20 ഷെര്‍പയും നീതി ആയോഗ് മുന്‍ സിഇഒയുമായ അമിതാഭ് കാന്ത് തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ആഗോള വ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കം 2,500 പ്രതിനിധികള്‍ ഉച്ചകോടിയുടെ ഭാഗമാകും. 24 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുക്കും. ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, നോര്‍വെ, മലേഷ്യ, ഫിന്‍ലാന്‍ഡ്, സൗദി അറേബ്യ എന്നിവ ഐകെജിഎസ് 2025 ന്‍റെ പങ്കാളിത്ത രാജ്യങ്ങളാണ്. എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്സ്, മാരിടൈം ആന്‍ഡ് പാക്കേജിംഗ്, ഫാര്‍മ, മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് ബയോടെക്, പുനരുപയോഗ ഊര്‍ജ്ജം, ആയുര്‍വേദം, ഫുഡ് ടെക്, ഉയര്‍ന്ന മൂല്യവര്‍ദ്ധിത റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍. ജര്‍മനി, വിയറ്റ്നാം, നോര്‍വെ, യുഎഇ, ഫ്രാന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപ അവസരങ്ങള്‍ക്ക് വഴിയൊരുക്കുന്ന രാജ്യ കേന്ദ്രീകൃത സെഷനുകളും ഉച്ചകോടിയുടെ സവിശേഷതയാണ്. സംസ്ഥാനത്ത് നിക്ഷേപ സാധ്യതാ മേഖലകളെ വികസിപ്പിക്കാനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നുവെന്ന് വ്യവസായ റവന്യു (വഖഫ്) പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഉച്ചകോടിക്ക് മുന്നോടിയായി പുതിയ വ്യവസായ നയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ 22 മുന്‍ഗണനാ മേഖലകള്‍ കേന്ദ്രീകരിച്ച് കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചിരുന്നു. വ്യവസായ പങ്കാളികളില്‍ നിന്ന് വളരെയധികം പ്രോത്സാഹജനകമായ പ്രതികരണമാണ് ഇതിന് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, സുസ്ഥിര നയങ്ങള്‍, മികച്ച യോഗ്യതയുള്ള പ്രൊഫഷണലുകള്‍ എന്നിവ ഉള്‍പ്പെടുന്ന അനുകൂലമായ നിക്ഷേപ ആവാസവ്യവസ്ഥ കേരളം വാഗ്ദാനം ചെയ്യുന്നുവെന്ന് കെഎസ് ഡിഐസി എംഡി എസ്. ഹരികിഷോര്‍ പറഞ്ഞു. ഇതിലൂടെ വിവിധ മേഖലകളിലെ വിദേശ കമ്പനികളുമായും നിക്ഷേപകരുമായും പങ്കാളിത്തം സ്ഥാപിക്കാനും നിക്ഷേപ അവസരമൊരുക്കാനും കേരളത്തിന് സാധിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിക്കുന്ന ഹരിത സംരംഭങ്ങള്‍ക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള കേരളത്തിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഐകെജിഎസ് അവസരമൊരുക്കും. വിജ്ഞാന-സമ്പദ്വ്യവസ്ഥയിലേക്കുള്ള കേരളത്തിന്‍റെ പരിവര്‍ത്തനവുമായി ഇന്‍വെസ്റ്റ് കേരള പൊരുത്തപ്പെടുന്നു. വിദ്യാഭ്യാസ, നൈപുണ്യ വികസന സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും ഉച്ചകോടിയുടെ ലക്ഷ്യമാണെന്ന് ഹരികിഷോര്‍ കൂട്ടിച്ചേര്‍ത്തു. സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്‍റെ (ഡബ്ല്യുഇഎഫ്) 55-ാമത് വാര്‍ഷിക യോഗത്തില്‍ മന്ത്രി രാജീവിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല കേരള പ്രതിനിധി സംഘം ഹൈടെക് മുതല്‍ എംഎസ്എംഇകള്‍ വരെയുള്ള വിവിധ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വണ്‍-ഓണ്‍-വണ്‍ മീറ്റിംഗുകളും ആശയവിനിമയങ്ങളും നടത്തി. ഇന്ത്യയിലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ നിക്ഷേപ സൗഹൃദ ആവാസവ്യവസ്ഥയില്‍ മതിപ്പ് പ്രകടിപ്പിച്ച ആഗോള പങ്കാളികള്‍ ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ ഭാഗമാകാനും താല്‍പര്യം പ്രകടിപ്പിച്ചു. ദാവോസിലെ ഇന്‍വെസ്റ്റ് കേരള പവലിയനില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ വ്യാവസായിക നയവും സംസ്ഥാനത്തെ സുസ്ഥിര വ്യവസായ സാധ്യതകളും മറ്റ് നിരവധി പുതിയ സംരംഭങ്ങളും പ്രദര്‍ശിപ്പിച്ചു. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പരിപാടിയായ അറബ് ഹെല്‍ത്ത് 2025 എക്സ്പോയില്‍ നൂതന മെഡ്ടെക് ആവാസവ്യവസ്ഥ പ്രദര്‍ശിപ്പിച്ചുകൊണ്ട് ആറ് കമ്പനികള്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. ഐകെജിഎസ് 2025 ന്‍റെ മുന്നോടിയായി ജെന്‍ എഐ കോണ്‍ക്ലേവ്, കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് (കെഎടിഎസ് 2025), ഇന്‍റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍, ബയോ കണക്ട് 2.0, സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്, വിഴിഞ്ഞം കോണ്‍ക്ലേവ്, മലബാര്‍ കോണ്‍ക്ലേവ് തുടങ്ങിയ 40 ലധികം സെക്ടറര്‍ കോണ്‍ക്ലേവുകള്‍ കെഎസ്ഐഡിസി സംഘടിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമായി റോഡ് ഷോകളും നടത്തി.