September 3, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐബിഎസ് ഇന്ത്യയിലെ മികച്ച ഐടി തൊഴില്‍ദാതാക്കളില്‍ ഒന്നായി

1 min read
തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് 2025 ലെ ഏറ്റവും മികച്ച പന്ത്രണ്ട് ഐടി തൊഴില്‍ദാതാക്കളില്‍ ഒന്നായി ഐബിഎസ്  സോഫ്റ്റ്‌വെയറിനെ അന്താരാഷ്ട്ര പ്രശസ്തമായ ടൈം മാസിക തെരഞ്ഞെടുത്തു. ഓഗസ്റ്റ് 26-ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, എസ്എപി (സാപ്) തുടങ്ങിയ ആഗോള ഭീമന്‍മാര്‍ക്കൊപ്പമാണ് ഐബിഎസിനെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടൈം മാഗസിന്‍ പുറത്തു വിട്ട പട്ടികയിലെ ആദ്യ പന്ത്രണ്ടില്‍ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന ഏക ഐടി കമ്പനിയാണ് ഐബിഎസ്  സോഫ്റ്റ്‌വെയര്‍. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 1997-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഐബിഎസ്  സോഫ്റ്റ്‌വെയറിന് ഇന്ന് ലോകമെമ്പാടുമായി 17 ഓഫീസുകളിലായി 5,000-ത്തിലധികം ജീവനക്കാരുണ്ട്. ഇന്ത്യയില്‍ നി്ന്ന് ഐടി ഉത്പന്ന രംഗത്തെ ഏറ്റവും വിജയകരമായ ആഗോള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നാണ് ഐബിഎസ്  സോഫ്റ്റ്‌വെയര്‍. ഐടി ഉത്പന്ന കമ്പനികള്‍ ആഗോള ശൃംഖലയുടെ ഉയര്‍ന്ന വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഐബിഎസ് സോഫ്റ്റ്‌വെയറിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് പറഞ്ഞു. ഭാവി വ്യവസായ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് സോഫ്റ്റ്‌വെയര്‍ ഉത്പന്ന വികസനം, രൂപകല്‍പ്പന, നിര്‍മ്മാണം എന്നിവയാണ് ഐബിഎസിലെ ജീവനക്കാര്‍ ചെയ്യുന്നത്. ഐടി സേവന കമ്പനികളെ അപേക്ഷിച്ച് ജീവനക്കാര്‍ക്ക് ഐബിഎസ് വ്യത്യസ്തമായ തൊഴില്‍ പരിചയം നല്‍കുന്നു. ഇതിനോടൊപ്പം വെല്ലുവിളികളില്‍ നിന്ന് സ്വയം പ്രചോദിതരാകാനും, പുതിയ ആശയങ്ങള്‍ കണ്ടെത്താനും, സര്‍ഗ്ഗാത്മക ശേഷി പൂര്‍ണ്ണമായി ഉപയോഗിക്കാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈ ബഹുമതി ഐബിഎസ് രൂപപ്പെടുത്തിയ മികച്ച തൊഴില്‍ അന്തരീക്ഷത്തിന്‍റെ തെളിവാണെന്നും വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി. ടൈം മാസികയും ജര്‍മ്മന്‍ ആസ്ഥാനമായുള്ള മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ സ്റ്റാറ്റിസ്റ്റയും ചേര്‍ന്ന് ഇന്ത്യ, ബ്രസീല്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ സ്വതന്ത്ര ജീവനക്കാരുടെ സര്‍വേയുടെ അടിസ്ഥാനത്തിലാണ് 2025-ലെ മികച്ച തൊഴില്‍ദാതാക്കളുടെ പട്ടിക തയ്യാറാക്കിയത്. ഇന്ത്യയില്‍, 800,000 ജീവനക്കാരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ നിന്ന് ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ശുപാര്‍ശ ചെയ്ത 600 കമ്പനികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
  ഓണം വാരാഘോഷം: വ്യാപാരമേളയ്ക്കും എക്സിബിഷനും തുടക്കം
Maintained By : Studio3