ഇന്ത്യന്‍ വിപണിക്ക് ഒന്നാം നമ്പര്‍ പരിഗണന ഹ്യുണ്ടായ് 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും
താങ്ങാവുന്ന വിലയില്‍ തദ്ദേശീയമായി ഇവി നിര്‍മിക്കുന്നതിന് വലിയൊരു ഭാഗം ചെലവഴിക്കും
ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയില്‍ പുതുതായി 200 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും. താങ്ങാവുന്ന വിലയില്‍ തദ്ദേശീയമായി ഇലക്ട്രിക് വാഹനം നിര്‍മിക്കുന്നതിന് ഇതില്‍നിന്ന് വലിയൊരു ഭാഗം ചെലവഴിക്കും. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ചില പദ്ധതികള്‍ നടപ്പാക്കുമെന്നും തങ്ങളുടെ ഭാവി പദ്ധതികളില്‍ ഇന്ത്യന്‍ വിപണിക്ക് ഒന്നാം നമ്പര്‍ പരിഗണനയാണ് നല്‍കുന്നതെന്നും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ എസ്എസ് കിം പറഞ്ഞു. ഉല്‍പ്പാദനം കൂടുതല്‍ തദ്ദേശീയവല്‍ക്കരിക്കാനും അതുവഴി ചെലവുകള്‍ കുറച്ചുകൊണ്ടുവരുന്നതിനും ബാറ്ററി നിര്‍മാതാക്കളുമായും വിതരണക്കാരുമായും ചര്‍ച്ച നടത്തിവരികയാണ് ഹ്യുണ്ടായ്.
2019 ല്‍ ഇന്ത്യയില്‍ ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കിയിരുന്നു. സൂപ്പര്‍ പ്രീമിയം ഉപയോക്താക്കള്‍ക്കു മാത്രമേ കോന വാങ്ങാന്‍ കഴിയൂ എന്ന് ഹ്യുണ്ടായ് ഇന്ത്യ വിപണന, വില്‍പ്പന വിഭാഗം ഡയറക്റ്റര്‍ തരുണ്‍ ഗാര്‍ഗ് സമ്മതിക്കുന്നു. വലിയ തോതില്‍ വില്‍പ്പന നേടണമെങ്കില്‍ മാസ് സെഗ്‌മെന്റില്‍ ഒരു ഇലക്ട്രിക് വാഹനം അവതരിപ്പിക്കണമെന്നും ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ ഇവി എപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഗാര്‍ഗ് വ്യക്തമാക്കിയില്ല.
ഇന്ത്യയില്‍ ഇപ്പോള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍. ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ നാല് ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തി. ഇന്ത്യയില്‍ പ്രവേശിച്ചതുമുതല്‍ ഒമ്പത് മില്യണ്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞു. രാജ്യമെങ്ങുമായി 1,154 ഡീലര്‍ഷിപ്പുകളും 1,298 വില്‍പ്പനാനന്തര വര്‍ക്ക്‌ഷോപ്പുകളും പ്രവര്‍ത്തിക്കുന്നു. കാറുകള്‍ മാത്രം വില്‍ക്കുന്ന കമ്പനി എന്നതിനപ്പുറം മൊബിലിറ്റി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന സ്ഥാപനമായി മാറാനാണ് ഇന്ത്യയില്‍ ഹ്യുണ്ടായ് ആഗ്രഹിക്കുന്നതെന്നും തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
വൈദ്യുത വാഹനങ്ങള്‍, സ്വയമോടുന്ന കാറുകള്‍ ഉള്‍പ്പെടെ മൊബിലിറ്റി സംബന്ധിച്ച ഭാവി സാങ്കേതികവിദ്യകള്‍ക്കായി 35 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് മാതൃ കമ്പനിയായ ഹ്യുണ്ടായ് മോട്ടോഴ്‌സ്, ഉപകമ്പനിയായ കിയ എന്നിവര്‍ 2019 ല്‍ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി പുതിയ പ്ലാറ്റ്‌ഫോം കഴിഞ്ഞ വര്‍ഷം അനാവരണം ചെയ്തു. 2025 ഓടെ 23 ഇലക്ട്രിക് വാഹന മോഡലുകള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയിലും ഹ്യുണ്ടായ് വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. നൃത്തം ചെയ്യുന്ന റോബോട്ടുകളെ നിര്‍മിക്കുന്ന ബോസ്റ്റണ്‍ ഡൈനാമിക്‌സിന്റെ ഭൂരിപക്ഷ ഓഹരി കഴിഞ്ഞ മാസം ഹ്യുണ്ടായ് വാങ്ങിയിരുന്നു.