ജനജാഗ്രതാ പോര്‍ട്ടലിന് തുടക്കം
1 min readLaunch of Janajagratha Portal keralaതിരുവനന്തപുരം: പൊതുഭരണ വകുപ്പിന്‍റെ ജനജാഗ്രതാ പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കു സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയും ദുരുപയോഗവും തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇതുവഴി പൊതുജനങ്ങള്‍ക്ക് കഴിയും. അഴിമതി പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്കും പങ്കു ചേരാനുള്ള അവസരമാണ് ജനജാഗ്രതാ പോര്‍ട്ടല്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും, പൗരനെയും സര്‍ക്കാരിനെയും ശാക്തീകരിക്കാനും, സാങ്കേതികവിദ്യയുടെ സഹായം ഉപയോഗപ്പെടുത്തുകയാണ് ജനജാഗ്രത പോര്‍ട്ടല്‍ ചെയ്യുന്നത്. വ്യക്തിവിവരങ്ങളല്ല, തെളിവുകള്‍ക്കാണ് പ്രാധാന്യം എന്നതിനാല്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരുപയോഗം അധികൃതര്‍ക്ക് അറിയാനുള്ള സംവിധാനവും ഇതിലുണ്ട്. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച 700 ലധികം നിര്‍ദ്ദേശങ്ങളില്‍ നിന്നാണ് പോര്‍ട്ടലിന്‍റെ പേര് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയുടെ 10 ഇന പരിപാടിയുടെ ഭാഗമായി ജനുവരി ഒന്നിന് പ്രഖ്യാപിച്ചതാണ് ജനജാഗ്രത പോര്‍ട്ടല്‍.