ഹോങ്കോംഗിലും തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു
1 min readഹോങ്കോംഗ്: കൊറോണ വ്യാപനത്തിന്റെ രൂക്ഷതയില്‍പ്പെട്ട് ഹോങ്കോംഗും. 2020 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഹോങ്കോംഗിലെ തൊഴിലില്ലായ്മാ നിരക്ക് 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. കാലാനുസൃതമായി ക്രമീകരിച്ച തൊഴിലില്ലായ്മാ നിരക്ക് സെപ്റ്റംബര്‍-നവംബര്‍ കാലയളവില്‍ 6.3 ശതമാനത്തില്‍ നിന്ന് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 6.6 ശതമാനമായി ഉയര്‍ന്നതായി നഗരത്തിലെ സെന്‍സസ്, സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ഇത് നിഷേധിച്ചു. തൊഴിലില്ലായ്മ നിരക്കില്‍ മാറ്റമില്ലെന്നും അത് 3.4 ആയി തുടരുന്നുവെന്നും ഏജന്‍സി വാര്‍ത്ത പുറത്തുവിട്ടു.
ചില്ലറ വില്‍പ്പന, താമസം, ഭക്ഷ്യ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ടൂറിസം സംബന്ധമായ മേഖലകളിലെ തൊഴിലില്ലായ്മാ നിരക്കാണ് ഉയര്‍ന്നത്. ഇക്കാര്യം തൊഴില്‍-ക്ഷേമ സെക്രട്ടറി ലോ ചി-ക്വാങ് സ്ഥിരീകരിക്കുന്നു. ഇതില്‍ ഭക്ഷ്യ-പാനീയ സേവന മേഖലയിലെ സ്ഥിതി ഏറ്റവും രൂക്ഷമാണ്. ഇതുകൂടാതെ മറ്റ് മേഖലകളിലെ തൊഴിലില്ലായ്മാ നിരക്കും ഉയര്‍ന്നിട്ടുണ്ട്. വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊഴില്‍വിപണി സമ്മര്‍ദത്തില്‍ തുടരുമെന്നാണ് ലോ ചി-ക്വാങ് പറയുന്നത്.