December 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹഡില്‍ ഗ്ലോബല്‍ 2025: ശ്രദ്ധേയമായി സ്റ്റാര്‍ട്ടപ്പ് എക്സ്പോ

1 min read

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും സേവനങ്ങളും അണിനിരക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പോ വിസ്മയമാകുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 14 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലില്‍ നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2025 നോടനുബന്ധിച്ചാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള വിവിധ മേഖലകളിലെ നൂറോളം സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ എക്സ്പോയിലുണ്ട്. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സാങ്കേതിക, വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്താനും എക്സ്പോയില്‍ അവസരമുണ്ട്. എഡ്യൂടെക്, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ്ടെക്, ഹെല്‍ത്ത്ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ – ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് / മെഷീന്‍ ലേണിംഗ്, എആര്‍/വിആര്‍, ഐഒടി, ഗ്രീന്‍ടെക്, എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയുടെ ഭാഗമാണ്. ഹ്യൂമനോയിഡ് റോബോട്ടുകള്‍, ഓട്ടോണമസ് ഡ്രോണുകള്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, ഊര്‍ജ്ജം ലാഭിക്കാന്‍ സഹായകമാകുന്ന സാങ്കേതിക ഉത്പന്നങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്. ഇ-ഗവേണന്‍സുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങളും സേവനങ്ങളും എക്സ്പോയുടെ പ്രത്യേകതയാണ്. പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മ്മിച്ച നൂതന മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, അഗ്നി സുരക്ഷാ ഉപകരണങ്ങള്‍, പുതുതലമുറ റോബോട്ടിക്സ് സൊല്യൂഷനുകള്‍, ശാസ്ത്രത്തിലും ഗണിതത്തിലും വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്ന വിദ്യാഭ്യാസ ഉപകരണങ്ങള്‍ തുടങ്ങിയവയും എക്സ്പോയെ ശ്രദ്ധേയമാക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം സര്‍ക്കാര്‍ ഗവേഷണ വികസന സ്ഥാപനങ്ങളും ഇന്‍കുബേഷന്‍ സെന്‍ററുകളും എക്സ്പോയിലുണ്ട്. കാര്‍ഷിക സംസ്കരണം, സമുദ്ര സാങ്കേതികവിദ്യ, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ അവരുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും എക്സ്പോ വേദിയാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ് ഫോമായ ‘ക്ലിക്കിന്‍’, ‘ഫ്യൂച്ചര്‍മഗ്’ സ്റ്റാര്‍ട്ടപ്പിന്‍റെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ഒരുമിച്ച് ഇന്‍റര്‍വ്യൂവും ഫോണ്‍കാളും ചെയ്യാന്‍ സഹായകമായ ഏജന്‍റിക് എഐ സംവിധാനം, ചെറുകിട സംരംഭകര്‍ക്കും ബിസിനസ് എളുപ്പത്തില്‍ ചെയ്യാന്‍ സഹായകമാകുന്ന വെബ് ആപ്ലിക്കേഷന്‍ നല്കുന്ന വെബ്ഈസ് സ്റ്റാര്‍ട്ടപ്പ് എന്നിവ എക്സ്പോയിലുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വഴിപാട് ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സാധ്യമാക്കുന്ന ടെമ്പിള്‍ മാനേജ്മെന്‍റ് സോഫ്റ്റ്‌വെയര്‍ നല്കുന്ന ‘ഇനിറ്റ് സൊല്യൂഷന്‍സ്’, വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പന്നങ്ങള്‍ പായ്ക്ക് ചെയ്യാന്‍ സഹായിക്കുന്ന പിക്ക് ആന്‍റ് പ്ലേസ് റോബോട്ടും രാത്രി സമയങ്ങളില്‍ അപകടം കുറയ്ക്കുന്നതിനായി വാഹനങ്ങളുടെ സെന്‍സേഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലെന്‍സും അവതരിപ്പിക്കുന്ന ‘സിസി റോബോട്ടിക്സ്’, കൈയുടെ ചലനത്തിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് കര്‍ണാടിക് രാഗങ്ങള്‍ കേള്‍പ്പിക്കുന്ന ‘രാഗനോവ’ ഉപകരണം പ്രദര്‍ശിപ്പിച്ചിട്ടുള്ള ‘എയ്റോ’ സ്റ്റാര്‍ട്ടപ്പ്, ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പുകളായ ലൂക്ക ഹെല്‍ത്ത്കെയര്‍, ക്ലൗഡ് അക്സിലറേറ്റര്‍ നല്കുന്ന ടെക്ബ്രെയിന്‍ സ്റ്റാര്‍ട്ടപ്പ്, ഡ്രോണ്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഫ്യൂസ് ലേജ്, വേവ്ലെറ്റ് ടെക്നോളജീസിന്‍റെ ഇന്‍ററാക്ടീവ് ടെസ്ക്ടോപ്പ് റോബോട്ട്, എച്ച്ആര്‍ പ്ലാറ്റ് ഫോമായ ‘കീവര്‍ക്ക്’, കേരളത്തിലാദ്യമായി 24 മണിക്കൂറും മാനസികാരോഗ്യ മേഖലയില്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സാധ്യമാക്കുന്ന ‘ഒപ്പം’ സ്റ്റാര്‍ട്ടപ്പ്, ബാന്‍ഡിക്കൂട്ട്, ജി-ഗെയ്റ്റര്‍ എന്നിവയുമായി ജെന്‍ റോബോട്ടിക്സ്, ബഹിരാകാശ ഗവേഷണ മേഖലയില്‍ നൂതന ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഹെക്സ് 20, തുറമുഖ-റെയില്‍ ചരക്കുനീക്കങ്ങളിലെ സമയം ലാഭിക്കാനും ഉത്പന്നങ്ങളുടെ ഗുണമേന്‍മ തിരിച്ചറിയാനും സഹായകമായ ആട്ടോമേറ്റഡ് എഐ ക്യാമറ സൊല്യൂഷന്‍ നല്കുന്ന സ്റ്റാര്‍ട്ടപ്പ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ വ്യത്യസ്തമാണ്.

  കൊച്ചി ബിനാലെ ആറാം ലക്കത്തിന് തുടക്കം

 

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3