4 ബാങ്കുകളിലേക്കായി 14,500 കോടിയുടെ മൂലധന ഉള്‍ച്ചേര്‍ക്കല്‍
1 min read2020-21ല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കിയത് 20,000 കോടി രൂപയുടെ മൂലധന നിക്ഷേപം
ന്യൂഡെല്‍ഹി: പലിശേതര ബോണ്ടുകള്‍ നല്‍കി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യുക്കോ ബാങ്ക് എന്നിവയില്‍ 14,500 കോടി രൂപ നിക്ഷേപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറ് വ്യത്യസ്ത മെച്യുരിറ്റികളോടെ റീകാപ്പിറ്റലൈസേഷന്‍ ബോണ്ടുകള്‍ നല്‍കും. കൂടാതെ യോഗ്യതയുള്ള ബാങ്കുകള്‍ സമര്‍പ്പിക്കുന്ന അപേക്ഷ അനുസരിച്ച് പ്രത്യേക സെക്യൂരിറ്റികളില്‍ തുക ലഭ്യമാക്കുക.
ഇതോടുകൂടി 2020-21ലെ പൊതുമേഖലാ ബാങ്കുകള്‍ക്കായുള്ള 20,000 കോടി രൂപയുടെ മൂലധന നിക്ഷേപം പൂര്‍ത്തിയാക്കുന്നതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിലും 5,500 കോടി രൂപ നിക്ഷേപിച്ചിരുന്നു. പ്രത്യേക സെക്യൂരിറ്റികള്‍ പലിശരഹിതമായിരിക്കുമെന്നും സെക്യൂരിറ്റികളുടെ ഇഷ്യുവിന് പലിശ നല്‍കേണ്ടതില്ലെന്നും മാര്‍ച്ച് 30 ലെ വിജ്ഞാപനത്തില്‍ പറയുന്നു. സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് പലിശയുള്ള ബോണ്ടുകള്‍ നല്‍കുന്ന പതിവില്‍ നിന്ന് വ്യത്യസ്തമാണിത്.
സര്‍ക്കാരിന് പലിശ ചിലവ് ഇല്ലാത്തതിനാല്‍, പലിശയുള്ള മുമ്പത്തെ റീക്യാപ് ബോണ്ടുകളേക്കാള്‍ മികച്ച മാര്‍ഗമാണിതെന്ന് കെയര്‍ റേറ്റിംഗ്സിലെ ചീഫ് എക്ക്ണോമിസ്റ്റ് മദന്‍ സബ്നാവിസ് പറയുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ നല്‍കിയ റീ ക്യാപിറ്റലൈസേഷന്‍ ബോണ്ടുകളുടെ പലിശ ചെലവ് 16,286 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 19,293 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ എണ്ണം ക്രമേണ വെട്ടിക്കുറയ്ക്കുന്ന നടപടി തുടരുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പത്ത് പൊതുമേഖലാ ബാങ്കുകളെ സംയോജിപ്പിച്ച് 4 വലിയ ബാങ്കുകള്‍ സൃഷ്ടിക്കുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിലവില്‍ വന്നിരുന്നു. ഐഡിബിഐ ബാങ്കിന്‍റെ സ്വകാര്യവത്കരണം സംബന്ധിച്ച തീരുമാനവും ഉടനുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.