December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തദ്ദേശീയ നിക്ഷേപങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി സൗദി കമ്പനികള്‍ ലാഭവിഹിതം വെട്ടിക്കുറയ്ക്കും

1 min read
  • 27 ട്രില്യണ്‍ സൗദി റിയാലിന്റെ നിക്ഷേപ പദ്ധതിയില്‍ 5 ട്രില്യണ്‍ റിയാല്‍ സൗദി കമ്പനികളില്‍ നിന്ന് സമാഹരിക്കാനാണ് പദ്ധതി

  • കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും എണ്ണവിപണിയിലെ പ്രതിസന്ധിയും സൗദി സമ്പദ് വ്യവസ്ഥയ്ക്ക് ഇരുട്ടടി ആയ സാഹചര്യത്തിലാണ് തീരുമാനം

റിയാദ്: തദ്ദേശീയ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായി ലാഭ വിഹിതം വെട്ടിക്കുറയ്ക്കാന്‍ സൗദി അറേബ്യയിലെ വന്‍കിട കമ്പനികള്‍ സമ്മതം അറിയിച്ചതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഓഹരിയുടമകള്‍ക്കുള്ള ലാഭ വിഹിതം വെട്ടിച്ചുരുക്കി ആ പണം പ്രാദേശിക സമ്പദ് വ്യവസ്ഥയിലേക്ക് വക മാറ്റാനാണ് പദ്ധതി. പകര്‍ച്ചവ്യാധിക്ക് നേരിയ ശമനമുണ്ടായ സാഹചര്യത്തില്‍ സാമ്പത്തിക നവീകരണ പരിപാടിയുമായി മുന്നോട്ട് പോകാനുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതിക്ക് ഫണ്ടിംഗ് കണ്ടെത്തുകയാണ്

എണ്ണ ഭീമനായ സൗദി അരാംകോ, സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്, അല്‍മരായി, സൗദി ടെലികോം, നാഷണല്‍ ഷിപ്പിംഗ് കമ്പനി അടക്കം ഇരുപത്തിനാല് കമ്പനികളാണ് ലാഭ വിഹിതം വെട്ടിക്കുറയ്ക്കാനും അടുത്ത പത്ത് വര്‍ഷങ്ങളിലായി തദ്ദേശീയമായ മൂലധന ചിലവിടലിന് വേണ്ടി 5 ട്രില്യണ്‍ സൗദി റിയാല്‍ (1.3 ട്രില്യണ്‍ ഡോളര്‍) സംഭാവന ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാകാനും സമ്മതം അറിയിച്ചതെന്ന് എംബിഎസ് വ്യക്തമാക്കി. ഇതിന് പകരമായി ഈ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡികള്‍ അടക്കമുള്ള ഇളവുകള്‍ ലഭ്യമാക്കുമെന്നും കിരീടാവകാശി അറിയിച്ചു. അതേസമയം അരാംകോയിലെ ന്യൂനപക്ഷ ഓഹരിയുടമകള്‍ക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം ലഭ്യമാക്കുമെന്നും എംബിഎസ് ഉറപ്പ് നല്‍കി.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

ജിഡിപി വളര്‍ച്ച, കൂടുതല്‍ തൊഴില്‍, കൂടുതല്‍ സര്‍ക്കാര്‍ വരുമാനം, സൗദി പൗരന്മാര്‍ക്ക് മെച്ചപ്പെട്ട ജീവിതം എന്നിങ്ങനെ സൗദി അറേബ്യയുടെ മൊത്തത്തിലുള്ള വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ എംബിഎസ് പറഞ്ഞു. കഴിഞ്ഞ ദിവസം എംബിഎസ് പ്രഖ്യാപിച്ച 27 ട്രില്യണ്‍ റിയാലിന്റെ നിക്ഷേപ പദ്ധതിയുടെ ഭാഗമായിരിക്കും സ്വകാര്യ കമ്പനികളില്‍ നിന്നും സമാഹരിക്കുന്ന ഈ 5 ട്രില്യണ്‍ റിയാല്‍. അടുത്ത പത്ത് വര്‍ഷങ്ങളായി സൗദി അറേബ്യയിലെ വിവിധ മേഖലകളിലായാണ് ഈ തുക നിക്ഷേപിക്കുക. ഇതില്‍ പത്ത് ട്രില്യണ്‍ റിയാല്‍ സൗദി സര്‍ക്കാരും 3 ട്രില്യണ്‍ റിയാല്‍ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫും വഹിക്കും. ബാക്കിയുള്ള തുകയില്‍ 4 ട്രില്യണ്‍ റിയാല്‍ സ്വകാര്യ നിക്ഷേപങ്ങളിലൂടെയും 5 ട്രില്യണ്‍ റിയാല്‍ സാധാരണ ഉപഭോക്തൃ ചിലവിടലിലൂടെയും കണ്ടെത്താനാണ് സര്‍ക്കാരിന്റെ പദ്ധതി.

 

സാമ്പത്തിക വൈവിധ്യവല്‍ക്കരണം

സാമ്പത്തിക വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ടുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതികളുടെ തുടര്‍ച്ചയാണ് പുതിയ പ്രഖ്യാപനം അടിവരയിടുന്നത്. എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കുക, സൗദി യുവാക്കള്‍ക്ക് ആവശ്യമായ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുക എന്നിവയാണ് എംബിഎസിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ കാതല്‍. ദീര്‍ഘകാലമായി പ്രധാനമായും സര്‍ക്കാര്‍ ചിലവിടലിനെ ആശ്രിച്ച് കഴിഞ്ഞിരുന്ന സ്വകാര്യ മേഖലയെയും വളര്‍ച്ചയ്ക്കായുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്ന തരത്തിലുള്ള വൈവിധ്യവല്‍ക്കരണ നയത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും എണ്ണവിപണിയിലെ പ്രതിസന്ധിയും സൗദി സമ്പദ് വ്യവസ്ഥയ്ക്കും എണ്ണ-ഇതര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള എംബിഎസിന്റെ ലക്ഷ്യങ്ങള്‍ക്കും ഇരുട്ടടിയായ സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി സൗദിയിലെ യുവ കിരീടാവകാശി രംഗത്തെത്തിയിരിക്കുന്നത്. തദ്ദേശീയ നിക്ഷേപങ്ങള്‍ക്കായി സൗദി കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചിലത്തുകയെന്ന തന്ത്രമാണ് സൗദി കിരീടാവകാശി പയറ്റുന്നത്. പല തലമുറകളില്‍ പെട്ടവരുടെ പണം ഉപയോഗിച്ച് സര്‍ക്കാര്‍ ചിലവിടലിനായി പണം കണ്ടെത്തി എണ്ണ വ്യാപാരമില്ലാത്തൊരു കാലത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാനാണ് എംബിഎസിന്റെ ശ്രമമെന്നാണ് വിലയിരുത്തല്‍.

ലാഭവിഹിതം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി കമ്പനികളിലെ ഓഹരിയുടമകള്‍ക്ക് ദോഷമുണ്ടാക്കില്ലെന്നും പണമായി ലാഭവിഹിതം ലഭിക്കുന്നതിന് പകരം അവര്‍ക്ക് തദ്ദേശീയ ചിലവിടലിലൂടെ ഓഹരി വിപണിയിലുണ്ടാകുന്ന വളര്‍ച്ച നേട്ടമാകുമെന്നും എംബിഎസ് അവകാശപ്പെട്ടു. പദ്ധതിയുടെ ഭാഗമാകുന്നതിനായി മറ്റ് കമ്പനികളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതേസമയം കമ്പനികളില്‍ നിന്നും ലക്ഷ്യമിടുന്ന 5 ട്രില്യണ്‍ റിയാലില്‍ 60 ശതമാനവും അരാംകോയില്‍ നിന്നും സാബികില്‍ നിന്നുമാണ് വരിക.

 

കമ്പനികള്‍ക്ക് ഗുണമുണ്ടാകും

നിക്ഷേപ പദ്ധതിയുടെ ഭാഗമാകുന്നതിന് പകരമായി കമ്പനികള്‍ക്ക് സബ്‌സിഡികള്‍ നല്‍കുമെന്നും അവരുടെ ഇച്ഛക്കൊത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്നും അവരുടെ ആഗ്രഹങ്ങള്‍ നടപ്പിലാക്കുമെന്നും സൗദി കിരീടാവകാശി വാക്ക് നല്‍കി. പുതിയ നിക്ഷേപങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി പിഐഎഫ് പ്രാദേശികമായുള്ള ചില ആസ്തികള്‍ വിറ്റേക്കുമെന്നും എംബിഎസ് സൂചിപ്പിച്ചു. ഓഹരി അവകാശം എപ്പോഴും കാത്തുസൂക്ഷിക്കാന്‍ പദ്ധതിയില്ലെന്നും പാകം വന്ന നിക്ഷേപങ്ങള്‍ വില്‍ക്കുമെന്നും എംബിഎസ് വ്യക്തമാക്കി.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

കഴിഞ്ഞ വര്‍ഷം സാബികിലെ 70 ശതമാനം ഓഹരികള്‍ 70 ബില്യണ്‍ ഡോളറിന് പിഐഎഫ് അരാംകോയ്ക്ക് വിറ്റിരുന്നു. സൗദി ടെലികോം, നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്ക് അടക്കം നിരവധി സൗദി കമ്പനികളില്‍ പിഐഎഫിന് വലിയ നിക്ഷേപങ്ങളുണ്ട്. അതേസമയം ഏതൊക്കെ ആസ്തികളാണ് പിഐഎഫ് വില്‍ക്കാന്‍ പദ്ധതിയിടുന്നതെന്ന് എംബിഎസ് വെളിപ്പെടുത്തിയില്ല. 27 ട്രില്യണ്‍ ഡോളറിന്റെ പദ്ധതിയ്ക്കായുള്ള ഫണ്ടിംഗില്‍ 90 ശതമാനവും സൗദി സര്‍ക്കാര്‍, സ്വകാര്യ മേഖല, ജനങ്ങള്‍ എന്നിവരില്‍ നിന്നാണ് വരിക. 2 ട്രില്യണ്‍ വിദേശ നിക്ഷേപവും പദ്ധതിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ സൗദിയിലെ വര്‍ഷം തോറുമുള്ള വിദേശ നിക്ഷേപം 2019ലെ 4.6 ബില്യണ്‍ ഡോളറില്‍ നിന്നും 50 ബില്യണ്‍ ഡോളറായി ഉയരും. ഇത് അഥിമോഹമായി തോന്നാമെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള പല അതിമോഹങ്ങളും തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അടുത്ത പത്ത് വര്‍ത്തിനുള്ളില്‍ അവ നടപ്പിലാക്കാനാകുമെന്നാണ് കരുതുന്നതെന്നും എംബിഎസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

Maintained By : Studio3