പതിനേഴ് വ്യായാമ മോഡുകളോടെ ഗോകി വൈറ്റല്‍ 4
ഫിറ്റ്നസ് ബാന്‍ഡിന് 4,999 രൂപയാണ് വില. ആമസോണ്‍, ഗോകി ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിച്ചു
ന്യൂഡെല്‍ഹി: ഗോകി വൈറ്റല്‍ 4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫിറ്റ്നസ് ബാന്‍ഡിന് 4,999 രൂപയാണ് വില. ആമസോണ്‍, ഗോകി ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ ഇതിനകം വില്‍പ്പന ആരംഭിച്ചു. ബ്ലാക്ക്, പര്‍പ്പിള്‍, റെഡ് എന്നീ മൂന്ന് സിലിക്കണ്‍ ബാന്‍ഡ് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫിറ്റ്നസ് ടെക്നോളജി കമ്പനിയാണ് ഗോകി.
ശരീരോഷ്മാവ്, രക്തത്തിലെ ഓക്സിജന്‍ നില (എസ്പിഒ2) അഥവാ പള്‍സ് ഓക്സിമീറ്ററിന്റെ ജോലി, 24 മണിക്കൂര്‍ നേരം ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം എന്നിവ നിരീക്ഷിക്കുന്നതാണ് ഗോകി വൈറ്റല്‍ 4 ഫിറ്റ്നസ് ബാന്‍ഡ്. നിങ്ങളുടെ ചുവടുകള്‍, ആകെ സഞ്ചരിച്ച ദൂരം, എത്ര കലോറി കത്തിച്ചു, സജീവ സമയം തുടങ്ങി മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങളും ഈ വെയറബിള്‍ നിരീക്ഷിക്കും. നടത്തം, ഓട്ടം, വര്‍ക്ക്ഔട്ട്, സൈക്ലിംഗ്, വോളിബോള്‍, ടെന്നീസ്, ടേബിള്‍ ടെന്നീസ്, നൃത്തം, ബാസ്കറ്റ്ബോള്‍, ക്രിക്കറ്റ്, യോഗ, വിശ്രാന്തി, സിറ്റ്അപ്പുകള്‍, സോക്കര്‍, മലകയറ്റം, എയ്റോബിക്സ്, കയര്‍ ചാട്ടം തുടങ്ങി പതിനേഴ് വ്യായാമ മോഡുകള്‍ സവിശേഷതയാണ്.
പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏഴ് ദിവസം വരെ ബാറ്ററി നീണ്ടുനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. എല്ലാ ഫംഗ്ഷനുകളും എനേബിള്‍ ചെയ്താല്‍ മൂന്ന് മുതല്‍ നാല് ദിവസം വരെ ചാര്‍ജ് നീണ്ടുനില്‍ക്കും. തുടര്‍ച്ചയായ ഹൃദയമിടിപ്പ് നിരീക്ഷണം, ശരീരോഷ്മാവ് നിരീക്ഷണം എന്നിവ സ്വിച്ച് ഓഫ് ചെയ്താല്‍ ഏഴ് മുതല്‍ എട്ട് ദിവസം വരെ ബാറ്ററി ചാര്‍ജ് ദീര്‍ഘിപ്പിക്കാം.
120, 120 പിക്സല്‍ റെസലൂഷന്‍ സഹിതം അമോലെഡ് കളര്‍ ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് ഐപി 68 റേറ്റിംഗ് ലഭിച്ചു. മ്യൂസിക് ഫൈന്‍ഡര്‍, ഫോണ്‍ ഫൈന്‍ഡര്‍ എന്നിവ കൂടാതെ മെസേജുകള്‍, കോളുകള്‍, ചാറ്റ് ആപ്പുകള്‍ എന്നിവയുടെ നോട്ടിഫിക്കേഷനുകളും ലഭിക്കും. അലാം, റിമൈന്‍ഡറുകള്‍ എന്നിവ സെറ്റ് ചെയ്യാന്‍ കഴിയും. വിശദമായ ഡാറ്റ, ഓരോരുത്തര്‍ക്കും അനുയോജ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ലഭിക്കുന്നതിന് സ്മാര്‍ട്ട്ഫോണിലെ ഗോകി ആപ്പുമായി ഫിറ്റ്നസ് ബാന്‍ഡ് കണക്റ്റ് ചെയ്താല്‍ മതി. ഗോകി ആപ്പില്‍ നിരവധി വാച്ച് ഫേസുകള്‍ ലഭിക്കും.