ഹൈദരാബാദ് അന്നപൂര്‍ണ കാന്‍റീനുകളില്‍ സൗജന്യ ഭക്ഷണം
ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദില്‍ തെലങ്കാന സര്‍ക്കാര്‍ നടത്തുന്ന അന്നപൂര്‍ണ കാന്‍റീനുകള്‍ ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ആവശ്യക്കാര്‍ക്ക് സൗ ജന്യ ഭക്ഷണം നല്‍കാന്‍ തുടങ്ങി. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ (ജിഎച്ച്എംസി) പരിധിയില്‍ 250 അന്നപൂര്‍ണ കാന്‍റീനുകളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ലോക്ക്ഡൗണ്‍ സമയത്ത് രോഗികളെ പരിചരിക്കുന്നവര്‍, ദിവസ വേതന തൊഴിലാളികള്‍, കച്ചവടക്കാര്‍, ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ ഈ കാന്‍റീനുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ പറഞ്ഞു.നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 45,000 ത്തിലധികം ആളുകള്‍ക്ക് ഈ കാന്‍റീനുകള്‍ ദിവസവും ഭക്ഷണം നല്‍കുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു.
കാന്‍റീനുകള്‍ 5 രൂപയ്ക്ക് ചൂടുള്ളതും ശുചിത്വമുള്ളതുമായ ഭക്ഷണം നല്‍കുന്നു. എന്നിരുന്നാലും, ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് അത് ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ കാരണം ദിവസ വേതനക്കാര്‍ ജോലിയില്ലാത്തതിനാല്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടിയിരുന്നു.
അധികൃതര്‍ 102 പുതിയ കാന്‍റീനുകള്‍ ചേര്‍ത്തതിന് നാല് ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ നടപടി. ജിഎച്ച്എംസി പരിധിയില്‍ ഇതിനകം പ്രവര്‍ത്തിക്കുന്ന 140 കാന്‍റീനുകള്‍ക്ക് പുറമേ, 102 പുതിയ കാന്‍റീനുകള്‍ സ്ഥാപിക്കുകയും മെയ് 14 മുതല്‍ അവ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്തു. ഹരേ കൃഷ്ണ മൂവ്മെന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാണ് ജിഎച്ച്എംസി കാന്‍റീനുകള്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് മെയ് 12 നാണ് സംസ്ഥാന സര്‍ക്കാര്‍ 10 ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ലോക്ക്ഡൗണ്‍ നീട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സംസ്ഥാന മന്ത്രിസഭ മെയ് 20 ന് യോഗം ചേരും.