മൂന്ന് മാസത്തിനുള്ളില്‍ വിതരണത്തിനായി 23,000 പേരെ നിയമിച്ചെന്ന് ഫ്ളിപ്കാര്‍ട്ട്
1 min readപ്രതിദിനം 73,000 പലചരക്ക് ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വിപുലീകരണമാണ് നടത്തുന്നത്
ബെംഗളൂരു: കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഡെലിവറി എക്സിക്യൂട്ടീവുകള്‍ ഉള്‍പ്പെടെ 23,000 പേരെ വിതരണ ശൃംഖലയില്‍ നിയമിച്ചതായി വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്ലിപ്കാര്‍ട്ട് അറിയിച്ചു. രാജ്യത്തുടനീളം ഇ-കൊമേഴ്സ് സേവനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് നിയമനം നടത്തിയത്. കോവിഡ് 19 പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ ആളുകള്‍ കൂടുതലായും വീടിനകത്ത് തുടരുകയാണ്. ഇത് വിതരണ ശൃംഖലയുടെ ശേഷി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാക്കിയെന്ന് ഫ്ളിപ്കാര്‍ട്ട് പറഞ്ഞു.
‘വിതരണ ശൃംഖലയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഞങ്ങളുടെ എല്ലാ പുതിയ ജോലിക്കാരെയും ഞങ്ങളുടെ ആരോഗ്യ പരിരക്ഷാ സംരംഭങ്ങളില്‍ ഉള്‍പ്പെടുത്തും, “ഫ്ലിപ്കാര്‍ട്ടിലെ സപ്ലൈ ചെയിന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ഹേമന്ത് ബദ്രി പറഞ്ഞു. സുരക്ഷാ ചട്ടങ്ങളും പ്രോട്ടോക്കോളുകളും മുതല്‍ കോവിഡുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങളും പരിശീലന പരിപാടികളിലൂടെ പുതിയ ജീവനക്കാരില്‍ എത്തിക്കുന്നു.
വേഗത്തിലുള്ളതും സമ്പര്‍ക്കരഹിതവുമായ വിതരണം സാധ്യമാക്കുന്ന തരത്തില്‍ തങ്ങളുടെ പലചരക്ക് വിതരണ ശൃംഖലയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുമെന്ന് ഫ്ലിപ്പ്കാര്‍ട്ട് ഈ മാസം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി, അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് പുതിയ ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകളിലൂടെ 8 ലക്ഷം ചതുരശ്ര അടി സ്ഥലം ഫ്ലിപ്കാര്‍ട്ട് കൂട്ടിച്ചേര്‍ക്കും.
ഈ അധിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ച് ഡെല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പലചരക്ക് ഷോപ്പിംഗ് ലഭ്യമാക്കുന്നതിനാണ് ശ്രമം. പ്രതിദിനം 73,000 പലചരക്ക് ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വിപുലീകരണമാണ് നടത്തുന്നത്.
കഴിഞ്ഞ മാസം കമ്പനി ലക്നൗ, പൂനെ, അഹമ്മദാബാദ്, ഡെല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പട്ന എന്നിവിടങ്ങളില്‍ ഗ്രോസറി ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകളുടെ ശേഷി വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോള്‍ നിലവില്‍ ഒരു ദിവസം ശരാശരി 64,000 ഓര്‍ഡറുകളാണ് ഈ വിഭാഗത്തില്‍ വിതരണം ചെയ്യുന്നത്.