പുതിയ തുറമുഖത്ത് നിന്നുള്ള ഇറാന്റെ എണ്ണക്കയറ്റി അടുത്ത മാസം ആരംഭിക്കും
ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കയറ്റുമതി ഒഴിവാക്കാന്‍ ഈ തുറമുഖത്തിലൂടെ ഇറാന് സാധിക്കും
ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ചരക്ക്‌നീക്കം ഒഴിവാക്കാന്‍ സഹായിക്കുന്ന പുതിയ തുറമുഖത്ത് നിന്നുള്ള എണ്ണക്കയറ്റുമതി ഉടന്‍ ആരംഭിക്കുമെന്ന് ഇറാന്‍. ഒമാന്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള ജാസ്‌ക് ടെര്‍മിനലില്‍ നിന്നുള്ള ചരക്ക് നീക്കം അടുത്ത മാസത്തോടെ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ ദേശീയ ഇറാനിയന്‍ ഓയില്‍ കമ്പനി (എന്‍ഐഒസി) അറിയിച്ചു.
ജാസ്‌ക് ടെര്‍മിനലിനെ ഗോറയിലെ തെക്ക്പടിഞ്ഞാറന്‍ ഇന്ധന കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന 1,000 കിലോമീറ്റര്‍ നീളമുള്ള പൈപ്പ്‌ലൈനിലൂടെ ഇപ്പോള്‍ തന്നെ എന്‍ഐഒസി എണ്ണ പമ്പ് ചെയ്യുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടറായ മസൂദ് കര്‍ബാസിയന്‍ അറിയിച്ചു. താമസിക്കാതെ തന്നെ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ഈ പൈപ്പ്‌ലൈന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും കൃത്യമായി എപ്പോഴാണ് പൈപ്പ്‌ലൈന്‍ വഴിയുള്ള എണ്ണക്കയറ്റുമതി ആരംഭിക്കുകയെന്നോ തുടക്കത്തില്‍ എത്ര എണ്ണ കയറ്റുമതി ചെയ്യുമെന്നോ വ്യക്തമാക്കാതെ കര്‍ബാസിയന്‍ പറഞ്ഞു.
അമേരിക്കയുടെ ഉപരോധം നേരിടുന്ന ഇറാന് എണ്ണക്കയറ്റുമതിക്ക് വിലക്കുണ്ട്. രാജ്യം ഇപ്പോള്‍ നടത്തുന്ന ഊര്‍ജക്കയറ്റുമതിയുടെ ഭൂരിഭാഗവും ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്.