എക്‌സൈസ് തീരുവ ശേഖരണത്തില്‍ 48% ഉയര്‍ച്ച
1 min readന്യൂഡെല്‍ഹി: വരുമാനം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് മാര്‍ച്ചില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയുടെ ഫലം ഏപ്രില്‍-നവംബര്‍ കാലയളവിലെ മൊത്തം എക്‌സൈസ് തീരുവ ശേഖരണത്തില്‍ പ്രകടം. കഴിഞ്ഞ വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് തീരുവ ശേഖരണം 48 ശതമാനം ഉയര്‍ന്നുവെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസത്തെ എക്‌സൈസ് തീരുവ 1.96 ലക്ഷം കോടി രൂപയില്‍ അധികമാണ്. 2019-20ലെ ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇത് 1.32 ലക്ഷം കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ നവംബറിലെ മാത്രം കളക്ഷന്‍ 35,703 കോടി രൂപയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഇതുവരെയുള്ള പ്രതിമാസ കളക്ഷനാണിത്. 2019 നവംബറില്‍ എക്‌സൈസ് തീരുവ ശേഖരണം 18,948 കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം എക്‌സൈസ് തീരുവ 2.39 ലക്ഷം കോടി രൂപയായിരുന്നു. ക്രൂഡ് ഓയില്‍ വില കുറഞ്ഞിരുന്നിട്ടും ഇന്ധനവില റെക്കോര്‍ഡ് ഉയരത്തില്‍ ആണ് എന്നതിനാല്‍ സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുന്നതിന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഞായറാഴ്ച പെട്രോള്‍ ലിറ്ററിന് 84.70 രൂപയും ഡീസല്‍ ലിറ്ററിന് 74.88 രൂപയും എന്ന ഏറ്റവും ഉയര്‍ന്ന നിലയിലാണ് വില.