September 10, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആദിവാസി ഊരുകളില്‍ ആരോഗ്യവിപ്ലവം തീര്‍ത്ത ‘പത്തു രൂപ ഡോക്റ്റര്‍’

1 min read

‘മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ മാത്രമേ ജീവിക്കുന്നുള്ളൂ,’ ആധുനിക ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ ഭാരതീയ ഋഷിവര്യനായ സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ്. ഈ ചിന്തയാണ് അട്ടപ്പാടിയുടെ ആദിവാസി ഊരുകളിലെ ആരോഗ്യവിപ്ലവത്തിന് അഗ്നി കൊളുത്തിയത്. വിവേകാനന്ദ ദര്‍ശനങ്ങള്‍ സ്‌കൂള്‍കാലം മുതല്‍ മനസിലിട്ട് താലോലിച്ച ഒരു ഡോക്റ്റര്‍, സുരക്ഷിത ജോലിയുടെ എല്ലാവിധ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച്, മാനവസേവ, മാധവസേവ എന്ന മന്ത്രവുമായി ഒരു നാടിന്റെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളില്‍ സമാനതകളില്ലാത്ത പരിവര്‍ത്തനമാണ് സാധ്യമാക്കിയത്. പത്ത് രൂപ ഡോക്റ്ററെന്ന് ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഡോ. വി നാരായണന്റെ നിയോഗമായിരുന്നു അത്. ’10 രൂപ ആശുപത്രി’ എന്നറിയപ്പെടുന്ന അഗളിയിലെ അദ്ദേഹത്തിന്റെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, ആരോഗ്യ സേവനവും സംരക്ഷണവും ലഭ്യമല്ലാത്ത ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയുടെ അപൂര്‍വ ദീപസ്തംഭമായി നിലകൊള്ളുകയാണ്. ഡോക്റ്ററെന്ന ആശയത്തിന്റെ കരുതലും ആര്‍ദ്രതയും സാര്‍ത്ഥകമാകുകയാണിവിടെ:

By ദിപിന്‍ ദാമോദരന്‍, കാര്‍ത്തിക് വിനോദ്

വളഞ്ഞുപുളഞ്ഞ ചുരങ്ങളിലൂടെയായിരുന്നു യാത്ര, പലപ്പോഴും അത് അനന്തമായി തോന്നി. ഓരോ വളവും കാടുകളുടെയും പ്രകൃതിയെന്ന വിസ്മയത്തിന്റെയും മറ്റൊരു ഭാഗം അനാവരണം ചെയ്തുകൊണ്ടിരുന്നു. അട്ടപ്പാടിയിലെ അഗളിയാണ് ലക്ഷ്യം. അട്ടപ്പാടിയെന്ന് കേള്‍ക്കുമ്പോള്‍ ആദിവാസികളുടെ കഷ്ടതകളും നവജാതശിശുമരണങ്ങളും കുട്ടികളുടെ പോഷണവൈകല്യങ്ങളു മെല്ലാമായിരുന്നു ഒരു കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ കൊച്ചിയില്‍ നിന്നും പുറപ്പെട്ടത് ഒരു ഡോക്റ്ററെ തേടിയാണ്. ലക്ഷങ്ങള്‍ കൊയ്യുന്ന മെഡിക്കല്‍ രംഗത്ത്, സുരക്ഷിത ജോലിയുടെ എല്ലാവിധ പരിരക്ഷയും ഉപേക്ഷിച്ച് ആദിവാസി ഊരുകളില്‍ ആരോഗ്യ വിപ്ലവം സാധ്യമാക്കിയ ഡോ. വി നാരായണനെ തേടി. ‘പത്ത് രൂപ ആശുപത്രിയെന്നാണ് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിനെ അട്ടപ്പാടിയിലെ ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. അഗളിയിലെ ഈ ആശുപത്രി വെറുമൊരു ആരോഗ്യസേവന കേന്ദ്രം മാത്രമല്ല, ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങളുടെ അന്തസ്സിന്റെയും ആത്മവിശ്വാസത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണ്. കൊല്ലത്തു നിന്നും ആദിവാസി ഊരുകളെ സേവിക്കാന്‍ രണ്ട് പതിറ്റാണ്ട് കാലം മുമ്പ് അട്ടപ്പാടിയിലെത്തിയാണ് ഡോ. വി നാരായണന്‍. എന്നാല്‍ അത് തന്റെ നിയോഗമാണെന്ന തിരിച്ചറിവിലായിരുന്നു അദ്ദേഹമെത്തിയത്. ആരോഗ്യ സേവനം ലഭ്യമല്ലാതിരുന്ന നാട്ടില്‍ ഇന്ന് 50 ബെഡും പന്ത്രണ്ടോളം മുഴുവന്‍ സമയ ഡോക്റ്റര്‍മാരുമുള്ള ആശുപത്രി വികസിപ്പിച്ചെടുത്തിരിക്കുന്നു ഡോ. നാരായണന്‍. ആരെയും പ്രചോദിപ്പിക്കുന്ന ഒരു ഭിഷഗ്വരന്റെ കരുതലിന്റെയും ആര്‍ദ്രതയുടെയും കഥ കൂടിയാണത്.

വിവേകവാണികളുടെ ശക്തി
2002ലാണ് ഡോ. നാരായണന്‍ അട്ടപ്പാടിയിലെത്തിയത്. എന്നാല്‍ വെറുതെ ഒരാള്‍ ഇത്തരമൊരു ദൗത്യത്തിലേക്ക് ഇറങ്ങുമോ. ഇല്ല. കൊടുങ്കാറ്റുപോലുള്ള ഭാരതീയനെന്ന് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദനായിരുന്നു ഈ ആരോഗ്യവിപ്ലവത്തിന് നിമിത്തമായത്. അതിലേക്ക് വഴിവെച്ച കാരണങ്ങള്‍ ഡോ. നാരായണന്‍ പറയുന്നതിങ്ങനെ. ‘ഞാന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം. പൊതുവേ വിപ്ലവം ചിന്തിക്കുന്ന പ്രായമാണല്ലോ അത്. വിവേകാനന്ദ സ്വാമികളെ അക്കാലത്ത് ഒരുപാട് വായിച്ചിരുന്നു. നാട്ടിലെ കഷ്ടപ്പെടുന്ന ജനങ്ങളെ നമ്മള്‍ തന്നെ സേവിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനത്തില്‍ ഞാന്‍ വല്ലാതെ ആകൃഷ്ടനായി. വിവേകാനന്ദ സ്വാമികളുടെ നിരവധി ആഹ്വാനങ്ങളിലൊന്നായിരുന്നു അത്. പിന്നോക്കാവസ്ഥയുള്ള പ്രദേശങ്ങളില്‍ പോയി ജോലി ചെയ്യണം, പ്രവര്‍ത്തിക്കണം എന്ന ആഗ്രഹം ആ സമയംതൊട്ടേ അങ്ങനെ മനസില്‍ കയറി.  ഗ്രാമീണ സേവനവും കൃഷിയുമായിരുന്നു മനസില്‍. എംബിബിഎസ് ആഗ്രഹിച്ചിരുന്നില്ല. പക്ഷേ കുടുംബം നിര്‍ബന്ധിച്ചു. എംബിബിഎസ് എടുത്താല്‍ സാമൂഹ്യ സേവനത്തിന്റെ തലങ്ങള്‍ വിശാലമാക്കാമെന്ന് പലരും ചൂണ്ടിക്കാണിച്ചു. അങ്ങനെയാണ് എംബിബിഎസിന് ചേരുന്നത്. എന്നാല്‍ നഗരത്തില്‍ സേവനം ചെയ്യാനല്ല, ഗ്രാമങ്ങളില്‍ ചെന്ന് സേവനം നല്‍കലാണ് എന്റെ കടമയെന്ന ചിന്തയോട് കൂടിയാണ് മെഡിസിന് ചേര്‍ന്നത്. റൂറല്‍ ഡെവലപ്‌മെന്റ് എന്റെ പാഷനായിരുന്നു. എംബിബിഎസിന് പഠിക്കുന്ന കാലത്ത് ഭാരതീയ വിചാര കേന്ദ്രവുമായും പരമേശ്വര്‍ജിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. അവിടെനിന്ന് കൃത്യമായ ദിശാബോധം കിട്ടി. വിവേകാനന്ദ കേന്ദ്രവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു,’ കൊല്ലം സ്വദേശിയായ ഡോ. നാരായണന്‍ പറയുന്നു. എംബിബിഎസ് പഠനം കഴിഞ്ഞ്, ചൈല്‍ഡ് ഹെല്‍ത്തില്‍ പിജിയും കഴിഞ്ഞ് അട്ടപ്പാടിയാണ് തന്റെ കര്‍മമേഖലയായി അദ്ദേഹം തെരഞ്ഞെടുത്തത്. അങ്ങനെ അനന്തപുരിയിലെ പഠനം കഴിഞ്ഞ് നേരെ അട്ടപ്പാടിയിലേക്ക് വണ്ടി കയറി ഡോ. നാരായണന. കുറേ വര്‍ഷങ്ങളായി അഗളിയില്‍ ആശുപത്രി വികസിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. അട്ടപ്പാടിയില്‍ നല്ലൊരു ആശുപത്രി വേണമെന്ന ആവശ്യകത നിലനിന്നിരുന്ന കാലമായിരുന്നു അത്. മൂന്ന് പ്രൈമറി ഹെല്‍ത്ത് സെന്ററുകളുണ്ടായിരുന്നെങ്കില്‍ കൂടി ആദിവാസികളുടെ ആരോഗ്യ സംരക്ഷണം പരിതാപകരമായിരുന്നു. 2007ലാണ് സര്‍ക്കാര്‍ ട്രൈബല്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ നിലവില്‍ വരുന്നത്. 2002ല്‍ ഡോ. നാരായണന്‍ അഗളിയിലെത്തിയപ്പോള്‍ തീര്‍ത്തും നിരാശാജനകമായിരുന്നു ആരോഗ്യരംഗത്തെ അവസ്ഥ. ‘പണ്ട് മരുന്നുകള്‍ വളരെ കുറവാണ്, ചികില്‍സ കിട്ടിയില്ലെങ്കില്‍ സ്വകാര്യ ആശപുത്രികളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. പ്രസവസംബന്ധമായ കാര്യങ്ങളിലെല്ലാം വലിയ ബുദ്ധിമുട്ടായിരുന്നു ഇവിടുത്തുകാര്‍ നേരിട്ടത്. സൗകര്യങ്ങള്‍ തീരെ ഇല്ലായിരുന്നു. കടുത്ത ചൂഷണവും നേരിട്ടിരുന്നു ഇവിടുത്തെ ജനത. പണം ഇല്ലാത്തതുകൊണ്ട് കടം വാങ്ങി ചികില്‍സിക്കുക. എന്നിട്ട് ആ കടം വീട്ടാന്‍ വീണ്ടും പ്രശ്‌നങ്ങളിലും ചൂഷണങ്ങളിലും ചെന്ന് വീഴുക..ഇങ്ങനെ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു ആദിവാസി വിഭാഗത്തിലെ ജനങ്ങള്‍ക്ക്.’ ഞാന്‍ അഗളിയിലെത്തുമ്പോള്‍ ഇവിടെ അങ്ങനെ വണ്ടികളൊന്നുമില്ല… ബൈക്കുകള്‍ പോലും റോഡില്‍ കാണില്ലായിരുന്നു. സാഹചര്യങ്ങള്‍ ഇന്നൊരുപാട് മാറി. എന്നാല്‍ അന്ന് ഗുണനിലവാരമുള്ള ചികില്‍സ നല്‍കാനുള്ള സൗകര്യങ്ങളുടെ കുറവുണ്ടായിരുന്നു. ആശുപത്രിയില്‍ പോയാല്‍ ചെറിയ ചികില്‍സനടത്തി തിരിച്ചുവരാന്‍ പറ്റില്ലെന്ന ചിന്ത പലര്‍ക്കുമുണ്ടായിരുന്നു. അതെല്ലാം മാറ്റിയെടുത്തു-നാരായണന്‍ പറയുന്നു.

  രാഷ്ട്രത്തിന്റെ ഉള്‍ഗ്രാമങ്ങളിലൂടെ എച്ച്ആര്‍ഡിഎസ്

തുടക്കം മൊബൈല്‍ യൂണിറ്റുകളിലൂടെ
അട്ടപ്പാടിയിലെത്തിയപ്പോള്‍ ഡോ. നാരായണന് ഓരോ കാര്യവും വെല്ലുവിളിയായിരുന്നു. ഒറ്റയ്ക്ക് വന്ന് ഒരു സിസ്റ്റം എസ്റ്റാബ്ലിഷ് ചെയ്‌തെടുക്കുക എന്നത് പറയുന്നതുപോലെ എളുപ്പമല്ല എന്നതാണ് വാസ്തവം. ആദിവാസി ഊരുകളില്‍ അതിന് സ്വീകാര്യത ഉണ്ടാക്കുകയെന്നതും ഏറെ ശ്രമകരവും സങ്കീര്‍ണവുമാണ്. എന്നാല്‍ തന്നെ സംബന്ധിച്ച് ഇത് സേവനവും നിയോഗവുമായതിനാല്‍ വെല്ലുവിളികളൊന്നും പ്രശ്‌നങ്ങളായി ഡോ. നാരായണന് അനുഭവപ്പെട്ടില്ല. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളായിട്ടായിരുന്നു തുടക്കത്തിലെ പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ആദ്യഘട്ടത്തില്‍ വയനാട് വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ഒരു വണ്ടി ഉപയോഗിച്ചായിരുന്നു സേവനം. ‘ഓരോ ദിവസം വൈകുന്നേരവും ഞാന്‍ ഒരു ആദിവാസി ഗ്രാമത്തില്‍ പോകും. അവിടെയുള്ളവരുമായി സംസാരിക്കും. അവരുടെ പ്രശ്‌നങ്ങള്‍, ആവശ്യകത എന്നിവയെല്ലാം മനസിലാക്കി എഴുതി വെക്കും. ചില സ്ഥലങ്ങളിലെ പ്രശ്‌നം കുടിവെള്ളമാകും, മറ്റൊരിടത്ത് തൊഴിലില്ലായ്മയാകും…ആദ്യകാലങ്ങളില്‍ പ്രശ്‌നങ്ങള്‍ മനസിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്,’ അദ്ദേഹം പറയുന്നു. അതിവേഗത്തില്‍ ജനകീയ ഡോക്റ്ററായി മാറി അദ്ദേഹം. അഗളിയിലെ ആശുപത്രിയില്‍ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനെയും ആദ്യം നാരായണന്‍ ഡോക്റ്റര്‍ എടുക്കണമെന്ന ജനങ്ങളുടെ പിടിവാശിയില്‍ ആ സ്‌നേഹം ഇപ്പോഴും നിഴലിക്കുന്നു. രോഗികളുടെ എണ്ണം കൂടാന്‍ തുടങ്ങിയപ്പോള്‍, 2003ലാണ് അഗളിയില്‍ ഒപി ക്ലിനിക്ക് തുടങ്ങിയത്. പ്രതിദിനം വരുന്ന രോഗികളുടെ എണ്ണം 50 കവിഞ്ഞപ്പോള്‍, പഴയ ബില്‍ഡിംഗ് പൊളിച്ച് ആശുപത്രി പണിയാന്‍ തീരുമാനിച്ചു. 10 ബെഡ്, രണ്ട് ഒപി മുറി, ലാബ് അങ്ങനെ പരിമിതമായ സൗകര്യങ്ങളാണ് പദ്ധതിയിട്ടത്. 18 ലക്ഷം രൂപയോളം തുടക്കത്തില്‍ ചെലവ് വന്നു. 2006 ജൂണ്‍ അഞ്ചിനാണ് ഔപചാരികമായി സ്വാമി വിവേകാനന്ദ മിഷന്‍ ഹോസ്പിറ്റലിന് തുടക്കമാകുന്നത്. ചെലവ് 22 ലക്ഷം രൂപയിലേക്ക് എത്തി. ആദിവാസികള്‍ക്ക് ആശ്രയിക്കാവുന്ന ആശുപത്രിയെന്ന തലത്തിലേക്ക് പെട്ടെന്ന് സ്വാമി വിവേകാനന്ദ മിഷന്‍ ഹോസ്പിറ്റില്‍ ഉയര്‍ന്നു. അതോടുകൂടി രോഗികളുടെ എണ്ണം വീണ്ടും കൂടി. ആദിവാസികളെ സംബന്ധിച്ചിടത്തോളം അവരെ ചൂഷണം ചെയ്യാതെ, അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്ന ഇടമായി സ്വാമി വിവേകാനന്ദ മിഷന്‍ ആശുപത്രി മാറി. ഇവിടെ ചികില്‍സയ്ക്ക് എത്തുന്ന രോഗികള്‍ തന്നെ അത് സാക്ഷ്യപ്പെടുത്തുന്നു. വലിയ ബഹുമാനത്തോടെയും ആദരവോടെയുമാണ് ജനങ്ങള്‍ ഡോ. നാരായണനെക്കുറിച്ച് സംസാരിച്ചത്’. 2014ലാണ് അടുത്തഘട്ട വികസനം വരുന്നത്. ആദിവാസികള്‍ക്ക് ആശ്രയിക്കാവുന്ന ആശുപത്രിയെന്ന നിലയില്‍ ആളുകള്‍ ഇങ്ങോട്ടേക്ക് കൂടുതലെത്തി. എത്തിക്കല്‍ പ്രാക്റ്റീസായിരുന്നു ഞങ്ങളുടേത്. ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആദിവാസികളിലും സാധാരണ ജനങ്ങളിലും ആശുപത്രിയോട് വലിയ വിശ്വാസ്യത ഉണ്ടായി. ഓടി വന്നാല്‍ ചികില്‍സ കിട്ടും. വെറുതെ മരുന്ന് തരില്ല. അഡ്മിറ്റാക്കി ബുദ്ധിമുട്ടിക്കില്ല എന്നെല്ലാമുള്ള ചിന്തകള്‍ ജനങ്ങളിലുണ്ടായി. അതിപ്പോഴുമുണ്ട്. എന്നാല്‍ കാലത്തിന് അനുസരിച്ച് വളരുക എന്നതായിരുന്നു ഞങ്ങളുടെ വെല്ലുവിളി. ഊരുകളില്‍ നിലനിന്നിരുന്ന പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു പ്രധാന വെല്ലുവിളികള്‍. അബോര്‍ഷന്‍, മാസം തികയാതെയുള്ള ഡെലിവറി തുടങ്ങിയ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു,’ അദ്ദേഹം വിശദമാക്കുന്നു. ‘കുട്ടികളുടെ കാര്യത്തിലും അസ്വസ്ഥകളുണ്ടായിരുന്നു. അക്കാലത്ത് പോഷകാഹാരക്കുറവ് കാര്യമായി നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മറ്റേണിറ്റി, ചൈല്‍ഡ് ഹെല്‍ത്ത് എന്ന ഫോക്കസില്‍ ആശുപത്രിയെ വികസിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്,’ ഡോക്റ്റര്‍ പറയുന്നു. ആദ്യ ഫ്‌ളോറില്‍ ഓപ്പറേഷന്‍ തീയറ്റര്‍, ലേബര്‍ റൂം, ഐസിയു എന്നിങ്ങനെയെല്ലാം പ്ലാന്‍ ചെയ്തു. 2014-16 കാലഘട്ടത്തിലായിരുന്നു അത്.  സര്‍ജറി നടത്താനുള്ള സംവിധാനങ്ങളുമൊരുക്കി. 2021മുതല്‍ മുഴുവന്‍സമയ ഗൈനക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമായിത്തുടങ്ങി.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്

ലക്ഷ്യം സമഗ്ര വികസനം
ഹെല്‍ത്ത് കെയറിനോടൊപ്പം കമ്യൂണിറ്റി തലങ്ങളില്‍ വിദ്യാഭ്യാസ പദ്ധതികളും സ്വാമി വിവേകാനന്ദ മിഷന്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നുണ്ട്. സമഗ്ര ഗ്രാമീണ വികസനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായാണ് വില്ലേജ് ഹെല്‍ത്ത് വര്‍ക്കര്‍ എന്നൊരു പദ്ധതി ആവിഷ്‌കരിച്ചത്. വളണ്ടിയര്‍ ആയി ഓരോ ഗ്രാമത്തില്‍ നിന്നും നിന്ന് ഒരാളെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രിവന്റീവ് കെയറാണ് ഉദ്ദേശ്യം. രോഗം വരുന്നതിന് മുമ്പേ തടയാന്‍ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധ ജലം, തുറന്നയിടങ്ങളിലെ മലമൂത്ര വിസര്‍ജനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ബോധവല്‍ക്കരണം നടത്തി. ആദ്യം 40 ഗ്രാമങ്ങളിലായിരുന്നു ഹെല്‍ത്ത് വളന്റിയര്‍മാര്‍ ഉണ്ടായിരുന്നത്, പിന്നീടത് 80 ആയി മാറി. ഇന്ന് 130 ഗ്രാമങ്ങളില്‍ ഹെല്‍ത്ത് വളന്റിയര്‍മാരുണ്ട്. ഏഴോളം കമ്യൂണിറ്റി ഹെല്‍ത്ത് പദ്ധതികള്‍ നടപ്പാക്കുന്നുണ്ട് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍. വിദ്യാഭ്യാസരംഗത്തും പദ്ധതികളുണ്ട്. 2012-13ല്‍ നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ടായപ്പോള്‍, അതിന്റെ മൂലകാരണങ്ങള്‍ കണ്ടെത്താനുള്ള വിലയിരുത്തലുകള്‍ നടത്താനും ശ്രമം നടത്തി ഡോ. നാരായണനും സംഘവും. ദാരിദ്ര്യവും വരുമാനമില്ലായ്മയും കുടുംബങ്ങളെ തളര്‍ത്തിയതു കാരണം ഗര്‍ഭകാലത്തും അധ്വാനിച്ച് കുടുംബം പോറ്റേണ്ട അവസ്ഥയിലേക്ക് സ്ത്രീകള്‍ എത്തിയിരുന്നു. ഗര്‍ഭകാല പരിചരണമോ വിശ്രമമോ ഒന്നും ലഭിക്കാതെ അവര്‍ തീര്‍ത്തും ദുരവസ്ഥയിലായി. ഇതാണ് അവരുടെയും കുഞ്ഞിന്റെയും ആരോഗ്യത്തില്‍ നിഴലിച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ആരോഗ്യസേവനം പൂര്‍ണമാകില്ലെന്ന തിരിച്ചറിവാണ് പദ്ധതികളുടെ വൈവിധ്യവല്‍ക്കരണത്തിലേക്ക് തിരിയാന്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയെ പ്രേരിപ്പിച്ചത്.  കമഴ്ത്തി വെച്ച കുടത്തിന് മുകളില്‍ വെള്ളമൊഴിക്കുന്ന പോലെയാണ് കാര്യങ്ങളെന്ന് അപ്പോള്‍ മനസിലായി. വരുമാനം ഉറപ്പാക്കാനും ആദിവാസികളെ ശാക്തീകരിക്കാനും മിഷന്‍ മുന്നിട്ടിറങ്ങി. ഷോളയൂരില്‍ 10 ഗ്രാമം ഏറ്റെടുത്തായിരുന്നു തുടക്കം. ഗ്രാമത്തിലെ എല്ലാവരെയും വിളിച്ചിരുത്തി അവരില്‍ നിന്ന് ഡാറ്റ ശേഖരിച്ച് വിലയിരുത്തിയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. പാര്‍ട്ടിസിപ്പേറ്ററി റൂറല്‍ അപ്രൈസല്‍ എന്ന രീതിയായിരുന്നു തങ്ങള്‍ സ്വീകരിച്ചതെന്ന് ഡോ. നാരായണന്‍ പറയുന്നു. ഊരുകളിലെ കാര്യങ്ങള്‍ അറിയാനുള്ള ടൂളാണ് അത്. 10 ഗ്രാമങ്ങളില്‍ ഈ പ്രക്രിയ നടത്തി. അതൊരു കണ്ണ് തുറക്കലായിരുന്നുവെന്ന് ഡോക്റ്റര്‍ പറയുന്നു. ‘ഗര്‍ഭിണികള്‍ എല്ലാ ദിവസവും പണിക്ക് പോയേ മതിയാകൂ എന്നതായിരുന്നു അവസ്ഥ. വീട് നോക്കാന്‍ അവര്‍ ജോലിക്ക് പോകണം. പ്രത്യേക പരിചരണമൊന്നും അവര്‍ക്ക് കിട്ടില്ല. ഭക്ഷണം പോലുമില്ലാത്ത അവസ്ഥയായിരുന്നു. ഇങ്ങനെയൊക്കെയുള്ള നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. അവരുടെ വരുമാനം ലക്ഷ്യമിട്ടാണ് ഞങ്ങള്‍ കൃഷിയിലേക്ക് ഇറങ്ങുന്നത്. അത് എളുപ്പമല്ലായിരുന്നു. ആരോഗ്യം പറയുന്നതുവരേ കാര്യങ്ങള്‍ സുഗമമാണ്. പക്ഷേ കൃഷിയെക്കുറിച്ച് പറഞ്ഞാല്‍ അവര്‍ അംഗീകരിക്കുമോയെന്ന പേടി ഉണ്ടായിരുന്നു. എന്നാല്‍ അത് നടപ്പാക്കാനായി. വിദ്യാഭ്യാസരംഗത്തും പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ 600ലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്,’ ഡോ. നാരായണന്‍ വിശദമാക്കുന്നു. കുട്ടികള്‍ക്ക് വീക്കെന്‍ഡ് ക്ലാസുകള്‍ കമ്യൂണിറ്റി തലത്തില്‍ നല്‍കുന്നുണ്ട് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍. അഗളി ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ നിലവാരം വലിയൊരു പ്രശ്‌നമാണെങ്കിലും ഓരോ തലമുറ കഴിയുന്തോറും കാര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ടെന്ന് ഡോക്റ്റര്‍ പറയുന്നു. ഇപ്പോള്‍ മെഡിസിനില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യുന്ന 10 പേരെങ്കിലുമുണ്ട് ഇവിടെ. സര്‍ക്കാര്‍ ജോലി കിട്ടിയിട്ടും അത് കളഞ്ഞ് തിരിച്ച് ഇവിടെതന്നെ വന്നിരിക്കുന്നവര്‍ പണ്ടുണ്ടായിരുന്നു. അതെല്ലാം ഇപ്പോള്‍ മാറി. അട്ടപ്പാടിയിലെ ഈ വലിയ മാറ്റത്തിന്റെ ഭാഗമാകാന്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിനും സാധിച്ചു എന്നതാണ് പ്രസക്തമായ കാര്യം. ട്രസ്റ്റായി ഈ പ്രസ്ഥാനം രൂപം കൊണ്ടിട്ട് 20 വര്‍ഷത്തോളം കഴിഞ്ഞു.

  ഫിസിക്സ്‌വാലാ ലിമിറ്റഡ് ഐപിഒയ്ക്ക്

പത്ത് രൂപ ആശുപത്രി
ആദിവാസികള്‍ക്ക് ഒരിക്കലും സാമ്പത്തിക ബാധ്യത വരാതിരിക്കാന്‍ കേവലം പത്ത് രൂപ മാത്രമാണ് ആശുപത്രിയിലെ ഫീസ് ആയി ഈടാക്കുന്നത്. അത് കൂട്ടണമെന്ന പല നിര്‍ദേശങ്ങള്‍ വന്നിട്ടും ആദിവാസികളുടെ സേവനാര്‍ത്ഥം തുടങ്ങിയ ഈ സംരംഭത്തില്‍ അവര്‍ക്ക് പത്ത് രൂപ തന്നെയായിരിക്കും ഫീസെന്ന് ഡോ. നാരായണന്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത തരത്തില്‍ വ്യക്തമാക്കുന്നു. കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകളിലൂടെയാണ് അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമുള്ള ഫണ്ട് ആശുപത്രി കണ്ടെത്തുന്നത്. പ്രവര്‍ത്തന ചെലവുകള്‍ക്കായും സിഎസ്ആര്‍ ഫണ്ടുകള്‍ ലഭ്യമായാല്‍ ആശുപത്രിയുടെ വികസനത്തില്‍ നിര്‍ണായകമായി അത് മാറും.

ലക്ഷ്യം 100 ബെഡ് ആശുപത്രി
നിലവില്‍ 12 ഡോക്റ്റര്‍മാരുള്ള 50 ബെഡ് ആശുപത്രിയാണ് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍. ആശുപത്രിയില്‍ മാത്രം 80ഓളം ജീവനക്കാരുണ്ട്. മിഷന്റെ ഭാഗമായി മൊത്തം 200ലധികം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഇടുക്കിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിലവില്‍ ആശുപത്രിയിലെത്തുന്നവരില്‍ 60-70 ശതമാനവും ആദിവാസികളാണ്. ആവശ്യകത വലിയ തോതില്‍ കൂടുന്നുണ്ട്. അതിനാല്‍ അഗളിയിലെ ആശുപത്രി 100 ബെഡ് സംവിധാനമായി മാറ്റുകയാണ് അടുത്ത ലക്ഷ്യമെന്ന് പറയുന്നു ഡോ. നാരായണന്‍. ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ കുറച്ചുകൂടി നല്ല രീതിയില്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഒപി റൂമുകളുടെ എണ്ണം കൂട്ടാനും പദ്ധതിയുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. പുതിയ സ്‌കില്‍ സെന്ററിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്-ഭാവി പദ്ധതികളെക്കുറിച്ച് ഡോക്റ്റര്‍ പറയുന്നു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ എന്ന സംരംഭത്തിന്റെ ആശയവും ആദര്‍ശവും തിരിച്ചറിഞ്ഞ് തന്റെ കൂടെ നില്‍ക്കുന്ന ജീവനക്കാരാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നതെന്ന് ഡോ. വി നാരായണന്‍ പറയുന്നു. താന്‍ ചെയ്യുന്നതിലുമുപരി കാര്യങ്ങള്‍ ചെയ്ത് ഈ ആശയത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണ് ഇവിടുത്തെ ജീവനക്കാരെന്ന് ഡോക്റ്റര്‍ അഭിമാനത്തോടെ പറയുന്നു. ‘എന്നെ സംബന്ധിച്ചിടത്തോളം വളരെ സംതൃപ്തി നല്‍കുന്ന കാര്യമാണത്.’ അദ്ദേഹം പറഞ്ഞുനിര്‍ത്തുന്നു.

Maintained By : Studio3