കോവിഡ്-19 – ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍ മേഖലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി അജ്മന്‍
1 min readഅജ്മന്‍: സ്‌കൂളുകളും നഴ്‌സറികളും അടച്ചിട്ടതിന് പിന്നാലെ ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍ മേഖലകളില്‍ അടക്കം കൂടുതല്‍ നിയന്ത്രണങ്ങളുമായി അജ്മന്‍. കോവിഡ്-19 പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളിലൂടെ ജനങ്ങളുടെ ഒത്തുചേരല്‍ പരാമവധി കുറയ്ക്കുകയാണ് അജ്മന്‍ ഭരണകൂടം ലക്ഷ്യമിടുന്നത്.
സംഗീതക്കച്ചേരികള്‍ അടക്കം എല്ലാ പരിപാടികളും അടിയന്തരമായി റദ്ദ് ചെയ്തതായി അജ്മനിലെ ക്രൈസിസ്, ഡിസാസ്റ്റര്‍, എമര്‍ജന്‍സി ടീം അറിയിച്ചു. വിവാഹങ്ങളിലും മറ്റ് കുടുംബ പരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പത്തായി ചുരുക്കി. മരണാനന്തര പരിപാടികളില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. സിനിമ തീയറ്ററുകള്‍, ജിമ്മുകള്‍, ഫിറ്റ്‌നെസ് സെന്ററുകള്‍, പാര്‍ക്കുകള്‍, ഹോട്ടലുകളിലെ ബീച്ചുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം അമ്പത് ശതമാനമായി കുറച്ചു.
മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ തുടര്‍ന്നും പാലിക്കണമെന്ന് അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റിലെ എല്ലാ സ്‌കൂളുകളും നഴ്‌സറികളും അടച്ചിടാന്‍ കഴിഞ്ഞിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എമിറേറ്റിലെ കഫേകളുടെയും റെസ്റ്റേറന്റുകളുടെയും പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ പരമാവധി ശേഷിയുടെ 50 ശതമാനം ആളുകളെയേ അനുവദിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. റാസ് അല്‍ ഖൈമയിലും സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.