October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രവാസികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയുമായി അബുദാബി

അബുദാബി: പ്രവാസികള്‍ക്ക് സുസ്വാഗതമരുളി യുഎഇ തലസ്ഥാനമായ അബുദാബി. പ്രവാസികള്‍ക്കിടയില്‍ ദീര്‍ഘകാല വിസ സ്‌കീമുകള്‍ പ്രചരിപ്പിക്കുന്നതിനും എമിറാറ്റി പൗരത്വം സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതിനുമുള്ള ത്രൈവ് ഇന്‍ അബുദാബി പരിപാടിക്ക് അബുദാബിയില്‍ തുടക്കമായി. സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികള്‍ക്കുള്ള പങ്ക് ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിദേശികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എമിറേറ്റില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

അബുദാബിയിലെ വിവിധ മേഖലകളില്‍  വിദേശികള്‍ക്കുള്ള അവസരങ്ങള്‍ പ്രവാസികളെ ബോധ്യപ്പെടുത്തുകയാണ് ത്രൈവ് ഇന്‍ അബുദാബിയിലൂടെ അധികാരികള്‍ ലക്ഷ്യമിടുന്നത്. 2019 നവംബറില്‍ അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം വകുപ്പ് അവതരിപ്പിച്ച പഞ്ചവല്‍സര സാംസ്‌കാരിക മേഖല നയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ക്രീയേറ്റീവ് വിസ മുഖേന എമിറേറ്റിലെ മാധ്യമ, വിനോദ വ്യവസായ മേഖലയുടെ ഭാഗമാകാന്‍ ഭാവനാ സമ്പന്നരായ പ്രവാസികള്‍ക്ക് കഴിയും. അതേസമയം പുതിയ കണ്ടുപിടിത്തങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എമിറേറ്റിലെ ഗവേഷണ വികസന ആവാസ വ്യവസ്ഥയുടെ ഭാഗമായുള്ള ഫണ്ടിംഗുകളും ഇളവുകളും ലഭ്യമാകും. അബുദാബിയുടെ ടെക് ആവാസവ്യവസ്ഥയായ ഹബ്ബ് 71ലൂടെ നൂറിലധികം ടെക് സ്റ്റാര്‍ട്ടപ്പുകളാണ് 2019 മാര്‍ച്ചിന് ശേഷം എമിറേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ക്കും പിഎച്ച്ഡി ബിരുദമുള്ളവര്‍ക്കും ഭാവി സാങ്കേതികവിദ്യകളായ എഐയും കോഡിംഗും പഠിക്കാനുള്ള അവസരം എമിറേറ്റിലുണ്ട്. നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം ധനകാര്യ സേവന മേഖലകളിലേക്കും ഐസിടി, ആരോഗ്യ സേവനം, ബയോഫാര്‍മ, ടൂറിസം, അഗ്രിടെക്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലായി നിരവധി അവസരങ്ങളാണ് എമിറേറ്റ് തുറന്നിടുന്നതെന്ന് പരിപാടി പറയുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ മാസം അബുദാബി ധനകാര്യ വകുപ്പ് 6 ബില്യണ്‍ ദിര്‍ഹത്തിന്റെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

Maintained By : Studio3