December 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കണ്‍വെര്‍ജന്‍സ് ഇന്ത്യഎക്സ്പോയില്‍ കേരളത്തിൽനിന്നും 20 ചെറുകിട, ഇടത്തരം ഐടി സംരംഭങ്ങള്‍

1 min read

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെക്-ഇന്‍ഫ്രാ എക്സ്പോ ആയ കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയില്‍ കേരളത്തിലെ ഐടി മേഖലയില്‍ നിന്നുള്ള ഇരുപതോളം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 19 ന് ന്യൂഡല്‍ഹി പ്രഗതി മൈതാന്‍ ഭാരത് മണ്ഡപത്തില്‍ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ എക്സ്പോ 21 ന് അവസാനിക്കും. എക്സ്പോയുടെ 32-ാമത് പതിപ്പാണിത്. കേരള സര്‍ക്കാരിന്‍റെ ഐടി ഉപദേശക പാനലായ സ്റ്റേറ്റ് ഹൈ പവര്‍ ഐടി കമ്മിറ്റിയിലെ ലീഡ് ഐടി സ്ട്രാറ്റജിസ്റ്റുകള്‍ ഇത്തവണ ആദ്യമായി കേരള ഐടി പ്രതിനിധി സംഘത്തെ നയിക്കുമെന്ന പ്രത്യേകതയുമുണ്ട്. എക്സിബിഷന്‍സ് ഇന്ത്യ ഗ്രൂപ്പ് (ഇഐജി), ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ (ഐടിപിഒ) എന്നിവ സംയുക്തമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ കരുത്തുറ്റ ഐടി ആവാസവ്യവസ്ഥ പ്രദര്‍ശിപ്പിക്കുന്നതിനു പുറമേ സംസ്ഥാനത്തെ ഐടി സ്ഥാപനങ്ങളുടെ നെറ്റ് വര്‍ക്കിംഗിനും ബിസിനസ് വികസിപ്പിക്കുന്നതിനുമുള്ള അവസരങ്ങള്‍ കണ്ടെത്തുന്നതിനും എക്സ്പോ വേദിയാകും. ഭാരത് മണ്ഡപത്തിലെ ഹാള്‍ നമ്പര്‍ 3 (ബൂത്ത് നമ്പര്‍ സി35) ല്‍ 56 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പവലിയനാണ് കേരള ഐടിയ്ക്കായി ഒരുക്കുന്നത്. ടെക്നോളജി അവാര്‍ഡ് പ്രോഗ്രാമുകള്‍, കോണ്‍ക്ലേവുകള്‍, പാനല്‍ ചര്‍ച്ചകള്‍, നെറ്റ് വര്‍ക്കിംഗ് പരിപാടികള്‍ എന്നിവ എക്സ്പോയുടെ ഭാഗമാണ്. കേരളമാണ് എക്സ്പോയുടെ ഔദ്യോഗിക സംസ്ഥാന പങ്കാളിയെന്നതും ശ്രദ്ധേയം. വ്യവസായ പ്രമുഖരെയും നവീന ആശയക്കാരെയും നിക്ഷേപകരെയും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ കൊണ്ടുവരുന്ന അഭിമാനകരമായ പ്ലാറ്റ് ഫോമാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. സംസ്ഥാനത്തെ മൂന്ന് ഐടി പാര്‍ക്കുകളിലായി (ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്) വ്യാപിച്ചുകിടക്കുന്ന ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ പരിണാമത്തിന്‍റെ കേന്ദ്രീകൃത മാതൃകയുള്ള കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സാങ്കേതികവിദ്യാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ്. ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, മികച്ച അക്കാദമിക് സ്ഥാപനങ്ങള്‍, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍, മികച്ച ഭരണം എന്നിവയാല്‍ സമ്പന്നമാണ് ഇവിടം. ഔദ്യോഗിക സംസ്ഥാന പങ്കാളി എന്ന നിലയിലുള്ള കേരളത്തിന്‍റെ പങ്കാളിത്തം അഭിമാനകരമാണ്. ഇത് കേരള ഐടിയുടെ സ്വാധീനശക്തിയേയും സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയേയും അടിവരയിടുന്നു. ഐടി മേഖലയിലെ പങ്കാളിത്തത്തിനും നിക്ഷേപ അവസരങ്ങള്‍ക്കും എക്സ്പോ പുത്തന്‍ വഴി തുറക്കുന്നു. കേരള ഐടി സംഘത്തെ നയിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും സഞ്ജീവ് നായര്‍ കൂട്ടിച്ചേര്‍ത്തു. കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയുടെ ഔദ്യോഗിക സംസ്ഥാന പങ്കാളിയാകാന്‍ കേരളത്തിന് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, നൂതന സൗകര്യങ്ങള്‍, എഐ, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, എവിജിസി-എക്സ് ആര്‍ പോലുള്ള വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഐടി സംരംഭങ്ങള്‍ക്ക് വളരാന്‍ പറ്റുന്നയിടമായി കേരളം മാറിയിട്ടുണ്ട്. 1,000-ത്തിലധികം ഐടി/ഐടിഇസ് കമ്പനികളേയും 1.5 ലക്ഷം പ്രൊഫഷണലുകളേയും ഉള്‍ക്കൊള്ളാന്‍ കേരളത്തിന് സാധിക്കുന്നു. സംസ്ഥാനത്തെ ഐടി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും ആഗോളതലത്തില്‍ സാന്നിധ്യം ഉറപ്പാക്കുന്നതിനുമുള്ള അവസരം ഇതിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 55,000 ത്തിലധികം വ്യവസായ സന്ദര്‍ശകര്‍, 1200 ബ്രാന്‍ഡുകള്‍, 40 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ എന്നിവര്‍ എക്സ്പോയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐടി, ഐസിടി, ബ്രോഡ് കാസ്റ്റ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ഫിന്‍ടെക്, എംബെഡഡ് ടെക്നോളജി തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകള്‍, ഡിജിറ്റല്‍ ട്രെയില്‍ബ്ലേസര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുടെ ഒത്തുചേരലിനും കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ വേദിയാകും. കേരള ഐടി പ്രതിനിധി സംഘത്തിലുള്ള ആബാസോഫ്റ്റ് ടെക്നോളജീസ് ഇന്ത്യ, എടീം ഇന്‍ഫോ സോഫ്റ്റ് സൊല്യൂഷന്‍സ്, ക്ലൗഡ് കണ്‍ട്രോള്‍ സൊല്യൂഷന്‍സ്, കോഡില്‍ ടെക്നോളജീസ്, കോഡ്സാപ്പ് ടെക്നോളജീസ് എല്‍എല്‍പി, ഡെസ്ക്ലോഗ് സൊല്യൂഷന്‍സ്, ഇവെന്തെക്സ് സൊല്യൂഷന്‍സ്, ഫോക്സ്ഡെയ്ല്‍, ഫ്യൂച്ചര്‍മഗ്, ഐലീഫ് സൊല്യൂഷന്‍സ്, കേരള സ്പേസ് പാര്‍ക്ക് (കെ സ്പേസ്), ലീയെറ്റ് ടെക്നോ ഹബ് എല്‍എല്‍പി, റിച്ചിനോവേഷന്‍സ് ടെക്നോളജീസ്, സോഫ്റ്റ്ലാന്‍ഡ് ഇന്ത്യ ലിമിറ്റഡ്, ടെക്ബ്രെയിന്‍, ടെക്ജെന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്നോളജീസ്, തിങ്ക്പാം ടെക്നോളജീസ്, ടില്‍റ്റ്ലാബ്സ്, യുവിജെ ടെക്നോളജീസ്, സൂന്തിയ എന്നീ കമ്പനികളാണ് എക്സ്പോയില്‍ പങ്കെടുക്കുന്നത്. വ്യവസായ പ്രമുഖര്‍, ടെക്നോപ്രണര്‍മാര്‍, ഡിജിറ്റല്‍ വിദഗ്ധര്‍, നൂതനാശയക്കാര്‍, ഗവേഷകര്‍, ഡാറ്റാ ശാസ്ത്രജ്ഞര്‍, നിക്ഷേപകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അക്കാദമിക് വിദഗ്ധര്‍, ചിന്തകര്‍, പ്രമുഖ സംഘടനകള്‍, ലോകമെമ്പാടുമുള്ള വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവരും എക്സ്പോയില്‍ പങ്കാളികളാകും.

  അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനം 2026 ജനുവരി 6 മുതല്‍
Maintained By : Studio3