തപാല്‍വോട്ടുകളിലെ തിരിമറി; സുതാര്യത ഉറപ്പാക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: തപാല്‍ വോട്ടുകളുമായി ബന്ധപ്പെട്ട് സുതാര്യത കാത്തു സൂക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടി ആര്‍ മീണയോട് ആവശ്യപ്പെട്ടു. തപാല്‍ വോട്ടുകളുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ഇതിനകം ശ്രദ്ധയില്‍പ്പെട്ടതായി ചെന്നിത്തല പറഞ്ഞു. താന്‍ ഇതിനകം മീണയുമായി സംസാരിച്ചിട്ടുണ്ടെന്നും വിശദമായ കത്തും അയച്ചിട്ടുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
തപാല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ പിശകുകളാണ് ഉണ്ടായിട്ടുള്ളത്. വോട്ടെടുപ്പ് ചുമതലയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഏകദേശം 3 ലക്ഷത്തോളം തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് ചെന്നിത്തല പറഞ്ഞു.
‘വോട്ടെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് ചില കേന്ദ്രങ്ങളില്‍ വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടു, അവരില്‍ ചിലര്‍ക്ക് തപാല്‍ ബാലറ്റുകളും ലഭിച്ചുവെന്നാണ് പരാതി. ഇതിനര്‍ത്ഥം തനിപ്പകര്‍പ്പ് വോട്ടുകള്‍ ഉണ്ടാകാന്‍ പോകുന്നു എന്നാണ്. ഇത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ മീണയോട് ആവശ്യപ്പെട്ടു. തെറ്റായ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
80 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിട്ടുള്ള സൗകര്യത്തില്‍ സംഭവിച്ച പിഴവുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഏറ്റെടുത്ത മറ്റൊരു പരാതി. ഇതനുസരിച്ച് ഈ വൃദ്ധരായ വോട്ടര്‍മാര്‍ക്ക് അവരുടെ വീടുകളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം നല്‍കിയിരുന്നു. വീടുകളില്‍ നിന്ന് എടുത്ത വോട്ടുകള്‍ ബാലറ്റ് ബോക്സുകളിലല്ല പ്ലാസ്റ്റിക് കാരി ബാഗുകളിലായിരുന്നു സൂക്ഷിച്ചതെന്ന് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ മീണയോട് ആവശ്യപ്പെട്ടിട്ടുണ്ട്, “ചെന്നിത്തല പറഞ്ഞു.