ഈ വര്‍ഷം കയര്‍ മേഖലയ്ക്ക് കയര്‍ മേഖലയ്ക്ക് വകയിരുത്തിയത് 117 കോടി
ആലപ്പുഴ: ഈ വര്‍ഷം കയര്‍ മേഖലയ്ക്ക് 117 കോടി രൂപ വകയിരുത്തിയതായും അതില്‍ 52 കോടി രൂപ ഇതിനകം ചെലവഴിച്ചതായും വ്യവസായ മന്ത്രി പി. രാജീവ്. കയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതിയുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കുറഞ്ഞ വിലയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് ചകിരിയെത്തുന്നതും കയറുത്പന്നങ്ങള്‍ വിറ്റഴിയാതെ കെട്ടികിടക്കുന്നതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കയര്‍ മേഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പുനഃസംഘടന ആവശ്യമാണ്. വിപണനം, യന്ത്രവത്കരണം തുടങ്ങിയ കാര്യങ്ങളില്‍ കാലാനുസൃതമായ മാറ്റം വരണം. പുതിയ ഉത്പന്നങ്ങള്‍ സൃഷ്ടിക്കുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയും വേണം. തൊഴിലാളികളുടെ ജീവത നിലവാരം ഉയര്‍ത്തണം. ഇപ്രകാരം കയര്‍ മേഖലയിലെ പ്രശ്നങ്ങള്‍ സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മറ്റിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി സ്വതന്ത്ര സ്വഭാവത്തോടെയാകും കമ്മിറ്റി പ്രവര്‍ത്തിക്കുക-മന്ത്രി പറഞ്ഞു.
വിദഗ്ധ സമിതിയുടെ പരിശോധന വിഷയങ്ങള്‍ക്കും യോഗം രൂപം നല്‍കി. കയര്‍ മേഖലയിലെ പൊതുമേഖല- സഹകരണ സ്ഥാപനങ്ങളുടെ ഘടനാപരമായ പുനഃസംഘടന, കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണം, തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, കയര്‍ ഉത്പാദനത്തിലെ യന്ത്രവത്കരണവുമായി ബന്ധപ്പെട്ട സാധ്യതകള്‍ എന്നിവയുള്‍പ്പെടെ 11 പരിഗണന വിഷയങ്ങളാണ് സമിതിയ്ക്ക് നല്‍കിയിട്ടുള്ളത്.