November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

BRAP റിപ്പോര്‍ട്ട്2020: ആസ്പയറിങ് സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ കേരളം മുന്നില്‍

1 min read

ന്യൂഡല്‍ഹി: ബിസിനസ് പരിഷ്‌കരണ പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കിയത് ആധാരമാക്കി സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും വിലയിരുത്തുന്ന 2020-ലെ BRAP റിപ്പോര്‍ട്ട് പുറത്തിറക്കി . ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ബിസിനസ് പരിഷ്‌കരണ പ്രവര്‍ത്തന പദ്ധതി (Business Reforms Action Plan) നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മികച്ച നേട്ടം കൈവരിച്ച (Top Achievers) സംസ്ഥാനങ്ങള്‍. ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവ നേട്ടം കൈവരിച്ച (Achievers) സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ മുന്നിലെത്തി. അസം, ഛത്തീസ്ഗഡ്, ഗോവ, ജാര്‍ഖണ്ഡ്, കേരളം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവ ആസ്പയറിങ് (Aspirers) സംസ്ഥാനങ്ങളുടെ വിഭാഗത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍, ബിഹാര്‍, ചണ്ഡിഗഡ്, ദാമന്‍ & ദിയു, ദാദ്ര & നഗര്‍ ഹവേലി,ഡല്‍ഹി, ജമ്മു & കശ്മീര്‍, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, പുതുച്ചേരി, ത്രിപുര എന്നിവ വളര്‍ന്നു വരുന്ന ബിസിനസ് ആവാസവ്യവസ്ഥ (Emerging Business Ecosystems) വിഭാഗത്തിലും മുന്നിലെത്തി.

ബിസിനസ് പരിഷ്‌കരണ പ്രവര്‍ത്തന പദ്ധതി (BRAP 2020) നടപ്പിലാക്കുന്നത് ആധാരമാക്കി സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും വിലയിരുത്തുന്ന BRAP റിപ്പോര്‍ട്ടിന്റെ അഞ്ചാമത്തെ പതിപ്പ്, കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമനാണ് പ്രകാശനം ചെയ്തത്.വാണിജ്യ-വ്യവസായ ഭക്ഷ്യ പൊതുവിതരണ ടെക്സ്റ്റൈല്‍സ് മന്ത്രി ശ്രീ പീയൂഷ് ഗോയല്‍, DPIIT സെക്രട്ടറി ശ്രീ അനുരാഗ് ജെയിന്‍, സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

1991 മുതല്‍ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനസ്വഭാവം കാര്യമായ പരിവര്‍ത്തനത്തിന് വിധേയമായതായി, വിലയിരുത്തല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയ ശേഷം ശ്രീമതി സീതാരാമന്‍ പറഞ്ഞു. ”ഇപ്പോള്‍ നടക്കുന്ന പരിഷ്‌കാരങ്ങള്‍ പ്രതിക്രിയാപരമാണ്. 1991-ലെ പരിഷ്‌കാരങ്ങള്‍ പോലെ നിബന്ധിതമല്ല. സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും, മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. എല്ലാ തലങ്ങളിലും പ്രോത്സാഹനം കൊണ്ടു വരാന്‍ ഗവണ്‍മെന്റിനായിട്ടുണ്ട്. പരിഷ്‌ക്കരണങ്ങളുടെ പ്രോത്സാഹനം ഗവണ്‍മെന്റിന് മാത്രമായി കഴിയുന്നതല്ല മറിച്ച്, വ്യവസായത്തിനും അവിടെ വലിയ പങ്ക് നിര്‍വ്വഹിക്കാനുണ്ട്,’ ധനമന്ത്രി പറഞ്ഞു. ബിസിനസ് പരിഷ്‌കരണ പ്രവര്‍ത്തന പദ്ധതിയ്ക്ക് കീഴില്‍ നടപ്പിലാക്കുന്ന വിലയിരുത്തല്‍ ചട്ടക്കൂടില്‍ കൊണ്ടുവന്ന കാലികമായ മാറ്റങ്ങളെ ധനമന്ത്രി അഭിനന്ദിച്ചു.

ബഹുഭാഷാ രൂപത്തിലും 100% പ്രതികരണങ്ങളും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളവയും എന്ന നിലയിലേക്ക് മൂല്യനിര്‍ണ്ണയം വികസിച്ചതായി ചടങ്ങില്‍ സംസാരിച്ച കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ പറഞ്ഞു. സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങള്‍ മികച്ച രീതികള്‍ പരസ്പരം പഠിക്കുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുകയും ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുകയും ഇന്ത്യയെ ലോകമെമ്പാടുമുള്ള ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ലക്ഷ്യസ്ഥാനമായി ഉയര്‍ത്തുകയും ചെയ്യുക എന്ന ഏകീകൃത ലക്ഷ്യത്തോടെയാണ് ബിസിനസ് പരിഷ്‌കരണ പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

”2014-ല്‍, ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയപ്പോള്‍, അദ്ദേഹത്തിന്റെ പ്രധാന പ്രേരണകളിലൊന്ന്, നമ്മുടെ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനായുള്ള അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്‍, സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പങ്കാളികളെയും ഭാഗഭാക്കാക്കണം എന്നതാണ്. ആവാസവ്യവസ്ഥയിലെ വ്യത്യാസവും പരിവര്‍ത്തനവും ജീവിതം സുഗമമാക്കുമെന്നും ”ശ്രീ ഗോയല്‍ പറഞ്ഞു.

”2014-ല്‍ ആരംഭിച്ച പ്രക്രിയ മുന്നോട്ട് പോയതോടെ ഫലം ദൃശ്യമാകാന്‍ തുടങ്ങി. ഏതാനും മേഖലകളിലും കുറച്ച് നഗരങ്ങളിലും കുറച്ച് ബിസിനസ് സംരംഭങ്ങളിലും മാത്രമായി ഒതുങ്ങി നിന്ന ബിസിനസ്സ് സുഗമമാക്കല്‍ പ്രക്രിയ പരിമിതികള്‍ മറികടന്ന്, മത്സരാധിഷ്ഠിത ഫെഡറലിസത്തിന്റെയും സഹകരണത്തിന്റെയും സത്ത ഉള്‍ക്കൊണ്ട് രാജ്യത്തുടനീളം പ്രതിഫലിക്കുന്നതായി’ വാണിജ്യ, വ്യവസായ മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങള്‍ തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്തയതിനാല്‍ അവയെ റാങ്ക് ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കുന്നതാണ് ഉചിതമെന്നും DPIIT സെക്രട്ടറി ശ്രീ അനുരാഗ് ജെയിന്‍ പറഞ്ഞു.

BRAP 2020-ല്‍ 301 പരിഷ്‌കരണ ബിന്ദുക്കള്‍ ഉള്‍പ്പെടുന്നു.വിവരങ്ങളുടെ ലഭ്യത , ഏകജാലക സംവിധാനം, തൊഴില്‍, പരിസ്ഥിതി, മേഖലാ പരിഷ്‌കാരങ്ങള്‍, ഒരു സാധാരണ ബിസിനസ് പ്രക്രിയയിലുടനീളം വ്യാപിച്ചുകിടക്കുന്ന മറ്റ് പരിഷ്‌കാരങ്ങള്‍ എന്നിങ്ങനെ 15 ബിസിനസ് നിയന്ത്രണ മേഖലകള്‍ പരിഷ്‌കരണ ബിന്ദുക്കളില്‍ ഉള്‍പ്പെടുന്നു.

BRAP 2020-ല്‍ ആദ്യമായി മേഖലാ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ വ്യാപാര ലൈസന്‍സ്, ആരോഗ്യ സംരക്ഷണം, ലീഗല്‍ മെട്രോളജി, സിനിമാ ഹാളുകള്‍, ഹോസ്പിറ്റാലിറ്റി, ഫയര്‍ NOC, ടെലികോം, സിനിമാ ഷൂട്ടിംഗ്, വിനോദ സഞ്ചാരം എന്നിങ്ങനെ 9 മേഖലകളിലായി 72 പരിഷ്‌കാരങ്ങള്‍ വിഭാവനം ചെയ്യുന്നു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT), 2014 മുതല്‍, രാജ്യത്തുടനീളം ഒരു നിക്ഷേപ-സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ബിസിനസ് പരിഷ്‌കാരങ്ങള്‍ക്കായിബിസിനസ് പരിഷ്‌കരണ പ്രവര്‍ത്തന പദ്ധതി (BRAP) റിപ്പോര്‍ട്ട് പുറത്തിറക്കി വരുന്നു. സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ മൂല്യനിര്‍ണ്ണയത്തിന്റെ 4 പതിപ്പുകള്‍ ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. 2020 ലെ മൂല്യനിര്‍ണ്ണയ പതിപ്പാണ് ഏറ്റവും പുതിയത്.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് പ്രതികരണങ്ങള്‍ സ്വീകരിക്കുന്ന ഒരു ഫീഡ്ബാക്ക് അധിഷ്ഠിത സംവിധാനം DPIIT ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും വിലയിരുത്തുന്നത് അതത് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ യഥാര്‍ത്ഥ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ അടിസ്ഥാനമാക്കിയാണ്.

ബിസിനസ് സൗഹൃദ പദ്ധതിയുടെ (Ease of Doing Business program) സ്ഥാപന വത്കൃത സംവിധാനമാണ് DPIIT. ബിസിനസ്സ് നിയന്ത്രണ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി DPIIT സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയുംഭരണകൂടങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും തടസ്സങ്ങള്‍ മറികടക്കുന്നതിനുള്ള യോജിച്ച സമീപനം സ്വീകരിക്കുകയും ചെയ്യുന്നു.

Maintained By : Studio3