“നീലകുറിഞ്ഞി’’: ഇടുക്കി ജില്ലയിൽ ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം
ഇടുക്കി: ഇടുക്കി ജില്ലയിൽ അടിമാലി ഹൈസ്കൂളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം നാളെ (സെപ്റ്റംബർ 23 ശനിയാഴ്ച) നാടിന് സമർപ്പിക്കും. രാവിലെ 11 മണിക്ക്, ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എ.രാജ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു സ്വാഗതം ആശംസിക്കും. നവകേരളം കർമപദ്ധതി 2 സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമ പദ്ധതി വിശദീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്.എസ്. ഐ.എ.എസ് ബ്രോഷർ പ്രകാശനം നിർവഹിക്കും. ചടങ്ങിൽ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സാമുഹ്യപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് നീലക്കുറിഞ്ഞി എന്ന പേരിൽ വിജ്ഞാന കേന്ദ്രം പൂർത്തീകരിച്ചത്.
പശ്ചിമഘട്ട പ്രദേശങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കി മൂന്നാറിന്റെ സമ്പന്നമായ ജൈവവൈവിധ്യ അനുഭവം വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ ഏവർക്കും പകര്‍ന്നു നല്‍കും വിധത്തില്‍ ത്രീഡി മോഡലുകള്‍ ,മാപുകള്‍, ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേകള്‍ ,ഓഡിയോ – വിഷ്വല്‍ യൂണിറ്റുകള്‍, ടച്ച് സ്‌ക്രീന്‍ കിയോസ്‌കുകള്‍, പെയിന്റിങ്ങുകള്‍ എന്നിങ്ങനെ വിവിധങ്ങളായ സംവിധാനങ്ങളാണ് ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. പ്രാദേശിക ഗോത്ര സംസ്‌കാരത്തെക്കുറിച്ചുള്‍പ്പെടെയുള്ള അവബോധം നല്‍കുന്ന വിജ്ഞാന കേന്ദ്രം മൂന്നാറിലേക്കും സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തുന്ന പഠന – വിനോദ യാത്രാ സംഘങ്ങള്‍ക്ക് വേറിട്ടൊരു അനുഭവമാകും. തിങ്കൾ ഒഴികെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം. മുതിർന്നവർക്ക് 20 രൂപയും വിദ്യാർത്ഥികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്.