വിനാശകരമായ വിദേശ സ്വാധീനങ്ങളെ കരുതിയിരിക്കുക: പ്രധാനമന്ത്രി
ന്യൂൂഡെല്‍ഹി: കര്‍ഷക സമരം സംബന്ധിച്ച് തന്റെ സര്‍ക്കാരിനെതിരായ പ്രചാരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിദേശത്തുനിന്നുള്ള വിനാശകരമായ സ്വാധീനത്തിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കര്‍ഷകരുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. എവിടെ സമരം നടന്നാലും ഇത്തരത്തിലുള്ള ആള്‍ക്കാര്‍ അവിടെയെത്തും. അത് കൃഷിക്കാരായാലും അഭിഭാഷകനായാലും വിദ്യാര്‍ത്ഥികളായാലും പ്രതിഷേധത്തിനിറങ്ങിയാല്‍ അവര്‍ അവിടെയെത്തുന്നു. ഇവര്‍ക്ക് നാം വശംവദരാകരുതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
”രാജ്യത്ത് ഒരു പുതിയ തരം ആളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. അവര്‍ ആന്ദോളന്‍ ജീവികളാണ്(സമര ജീവി). എവിടെ സമരം ഉണ്ടായാലും അവിടെ പ്രത്യക്ഷപ്പെടുന്ന വിഭാഗമാണത്. ഓരോ പ്രതിഷേധ സൈറ്റിലും അത് എന്തിനെക്കുറിച്ചുള്ളതാണെങ്കിലും അവരെ കണ്ടെത്താനാകും. അവര്‍ക്ക് പ്രതിഷേധമില്ലാതെ ജീവിക്കാന്‍ കഴിയില്ല. നാം അവരെ തിരിച്ചറിഞ്ഞ് നമ്മുടെ രാജ്യത്തെ അവരില്‍ നിന്ന് സംരക്ഷിക്കണം” മോദി പറഞ്ഞു. അവര്‍ പ്രതിഷേധിക്കുന്നവരെ പ്രചോദിപ്പിക്കുകയും പിന്നീട് വശങ്ങളില്‍ നിന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു. ഈ ആളുകള്‍ രാജ്യത്തെ പരാന്നഭോജികളാണെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇവര്‍ ആഘാതം സൃഷ്ടിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു ഭേദഗതിയും കൂടാതെ നന്ദി പ്രമേയം പാസാക്കി.