ബെവ് ക്യൂ ആപ്പ് ഒഴിവാക്കി : നാളെ മുതല്‍ ബാറുകളും ബിവ്റെജസും തുറക്കും
കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26നാണ് സംസ്ഥാനത്തെ മദ്യശാലകളുടെ വില്‍പ്പന നിലച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകളും ബിവ്റെജസ് ഔട്ട്ലെറ്റുകളും തുറന്ന് പ്രവര്‍ത്തിക്കും. ബെവ് ക്യൂ ആപ്പിലാതെ നേരിട്ടാണ് മദ്യ വില്‍പ്പന നടക്കുക. സാമൂഹിക അകലം പാലിക്കുന്നതും മറ്റ് സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കാന്‍ പൊലീസിനെ വിന്യസിക്കും. ബുക്കിംഗിനായി വീണ്ടും ബെവ് ക്യൂ ആപ്പ് സജ്ജമാക്കുന്നതിന് കാലതാമസം നേരിടുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ആപ്പ് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്.
കോവിഡ് ആദ്യ തരംഗത്തിലെ ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ വീണ്ടും വില്‍പ്പന നടത്തിയത് ബെവ്ക്യൂ ആപ്പിലൂടെയായിരുന്നു. ആദ്യ ഘട്ടത്തില്‍ വ്യാപക പരാതികള്‍ ആപ്പിനെ കുറിച്ച് ഉയര്‍ന്നുവന്നിരുന്നു. ഉപയോക്താക്കളുടെ പ്രശ്നങ്ങള്‍ ക്രമേണ പരിഹരിക്കപ്പെട്ടെങ്കിലും ആപ്പിലൂടെ നല്‍കപ്പെടുന്ന സ്ലോട്ടുകള്‍ അധികവും ബാറുകള്‍ക്കാണ് പോയതെന്നും ഇത് ബിവ്റെജസ് കോര്‍പ്പറേഷന് നഷ്ടം വരുത്തുന്നുവെന്നും കോര്‍പ്പറേഷന്‍ പരാതി ഉന്നയിച്ചു.
ഫെയര്‍കോഡ് ടെക്നോളജീസ് ആണ് ബെവ്ക്യൂ ആപ്പ് തയാറാക്കിയത്. വീണ്ടും ആപ്പ് സജ്ജമാക്കാന്‍ അഞ്ചു ദിവസത്തോളം വേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. സെര്‍വര്‍ സ്പേസ് ശരിയാക്കല്‍, ബാറുകളുടെ ലിസ്റ്റ് പുതുക്കല്‍, സ്റ്റോക്ക് വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കണം. മാത്രമല്ല 30 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ഇടങ്ങളിലെ മദ്യ ശാലകളെ ഒഴിവാക്കുകയും വേണം. ഒടിപി ലഭ്യമാക്കുന്നതിന് മൊബീല്‍ കമ്പനികളുമായി ധാരണയില്‍ എത്തുകയും വേണം. ഇന്നലെ ആപ്പിലൂടെ ഒടിപിക്കായി ശ്രമിച്ച പല ഉപയോക്താക്കളും നിരാശരാകേണ്ടി വന്നതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26നാണ് സംസ്ഥാനത്തെ മദ്യശാലകളുടെ വില്‍പ്പന നിലച്ചത്. ലോക്ക്ഡൗണില്‍ നാളെ മുതല്‍ ഇളവുകള്‍ നല്‍കിത്തുടങ്ങുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ബാറുകളും ബിവ്റെജസ് ഔട്ട്ലെറ്റുകളും തുറക്കുന്നത്. പരിമിതമായ തോതില്‍ പൊതുഗതാഗതം അനുവദിക്കാനും ഓഫിസുകള്‍ ജീവനക്കാരുടെ എണ്ണം കുറച്ച് തുറന്ന് പ്രവര്‍ത്തിക്കുന്നതിനും ധാരണയായിട്ടുണ്ട്.