മേക്ക് ഇന്‍ ഇന്ത്യയുമായി ആമസോണും
1 min read>> തദ്ദേശീയമായ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാന്‍ ആമസോണ്‍ ഇന്ത്യ
>> ആദ്യ മാനുഫാക്ച്ചറിംഗ് ഔട്ട്ലെറ്റ് ചെന്നൈയില്‍
>> ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും
ചെന്നൈ: ശതകോടീശ്വര സംരംഭകന്‍ ജെഫ് ബെസോസിന്‍റെ ഇ-കൊമേഴ്സ്, ടെക് കമ്പനിയായ ആമസോണ്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്തും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി തങ്ങള്‍ ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് പ്രോല്‍സാഹനമേകുന്നതാണ് തീരുമാനം.
കോണ്‍ട്രാക്റ്റ് മാനുഫാക്ച്ചറിംഗ് കമ്പനിയായ ക്ലൗഡ് നെറ്റ് വര്‍ക്ക് ടെക്നോളജിയുമായി ചേര്‍ന്നാണ് ആമസോണ്‍ ഇന്ത്യയില്‍ നിര്‍മിക്കൂ പദ്ധതിക്ക് കരുത്ത് പകരുക. ഫോക്സ്കോണിന്‍റെ സബ്സിഡിയറിയാണ് ഈ കമ്പനി. ചെന്നൈയില്‍ ഈ വര്‍ഷം അവസാനം തന്നെ ആമസോണിന്‍റെ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കും.
തയ് വാന്‍ കേന്ദ്രമാക്കി ഫോക്സ്കോണ്‍ ലോകത്തിലെ ഏറ്റവും വലിയ ഐപാഡ്, ഐഫോണ്‍, ഷഓമി ഫോണ്‍ നിര്‍മാണ കമ്പനികളിലൊന്നാണ്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി സാക്ഷാല്‍ക്കരിക്കാനായി ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ആമസോണ്‍ പ്രതിജ്ഞാബദ്ധരാണ്. 10 ദശലക്ഷം ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഡിജിറ്റൈസ് ചെയ്യാനായി ഒരു ബില്യണ്‍ ഡോളര്‍ ചെലവിടുമെന്ന് ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2025 ആകുമ്പോഴേക്കും 1 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ലക്ഷ്യമാണ്-ആമസോണ്‍ ഇന്ത്യയുടെ ഗ്ലോബല്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും കണ്‍ട്രി ലീഡറുമായ അമിത് അഗര്‍വാള്‍ വ്യക്തമാക്കി.
ആയിരക്കണക്കിന് ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക് ഡിവൈസുകള്‍ ചെന്നൈയില്‍ നിര്‍മിക്കപ്പെടും. മറ്റ് നഗരങ്ങളിലേക്കും ഉല്‍പ്പാദനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.