അര നൂറ്റാണ്ടിന്റെ കാത്തിരിപ്പ് സഫലം . ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു
1 min read1970കളിലാണ് ബൈപ്പാസിനെകുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്
1990ലാണ് ബൈപ്പാസ് നിര്‍മാണം ആരംഭിച്ചത്
കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് എല്ലാ പിന്തുണയുമെന്ന് നിതിന്‍ ഗഡ്ക്കരി
ആലപ്പുഴ: ആലപ്പുഴക്കാരുടെ അര നൂറ്റാണ്ട് കാലത്തെ സ്വപ്നം വ്യാഴാഴ്ച്ച സഫലമായി. ആലപ്പുഴ ബൈപ്പാസ് ഇന്നലെ നാടിന് സമര്‍പ്പിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച ഉച്ചക്ക് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് നിര്‍വ്വഹച്ചത്.
കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് എല്ലാ തലങ്ങളിലുള്ള പിന്തുണയും നല്‍കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം. റോഡ് ഗതാഗതം മെച്ചപ്പെടുത്തണമെന്നും അതിനുള്ള നിര്‍ദേശങ്ങള്‍ പങ്കുവെച്ച് മന്ത്രി പറഞ്ഞു. പ്രതിവര്‍ഷം 5 ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കുറയ്ക്കണമെന്ന് ഗഡ്ക്കരി പറഞ്ഞു.
കേരളത്തിന് അഭിമാനം പകരുന്ന പദ്ധതിയാണ് ആലപ്പുഴ ബൈപ്പാസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അര നൂറ്റാണ്ട് കാത്തിരുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച ബൈപ്പാസ് പല കാരണങ്ങള്‍ മൂലം അനിശ്ചിതമായി നീളുകയായിരുന്നു. 70കളിലാണ് ബൈപ്പാസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. 17 കോടി രൂപയായിരുന്നു ആദ്യ എസ്റ്റിമേറ്റ്. ഇപ്പോള്‍ 344 കോടി രൂപ ചെലവഴിച്ചാണ് ബൈപ്പാസ് നിര്‍മാണം സാധ്യമാക്കിയത്.
ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ ബൈപ്പാസിന്റെ 15% ജോലികള്‍ മാത്രമായിരുന്നു പൂര്‍ത്തിയായിരുന്നത്. ഭൂമിക്ക് അടിയിലുള്ള ജോലികള്‍ മാത്രമായിരുന്നു അത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ബാക്കി നിന്ന 85% പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി എന്നിങ്ങനെ 344 കോടി രൂപയാണ് ആകെ അടങ്കല്‍ തുക. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴ് കോടി രൂപ കെട്ടിവെച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 4.85 കോടി രൂപ അധികമായി ലൈറ്റിനും ജങ്ഷന്‍ നവീകരണത്തിനുമായി അനുവദിച്ചാണ് ഇപ്പോള്‍ പണികള്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമേ 25 കോടി ചെലവഴിച്ചു.
ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കളര്‍കോട്, കൊമ്മാടി ജംഗ്ഷനുകള്‍ വികസിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പൊതുമരാമത്ത് വകുപ്പാണ് പണം ചെലവഴിച്ചത്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്ര സഹമന്ത്രിമാരായ വി.കെ. സിംഗ്, വി മുരളീധരന്‍, ധനമന്ത്രി തോമസ് ഐസക്ക്, പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്ക് സ്വന്തമാകുന്നത്. 6.8 കിലോമീറ്ററാണ് ദൈര്‍ഘ്യം. അതില്‍ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമുണ്ട്. ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന, സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമെന്ന ഖ്യാതിയും ആലപ്പുഴ ബൈപ്പാസിന് സ്വന്തം.
ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വന്‍കിട പാലങ്ങളാണ് കുറഞ്ഞ സമയത്ത് ഗതാഗത യോഗ്യമാകുന്നത്. അടുത്ത മെയില്‍ പാലാരിവട്ടം പാലം തുറക്കും. 100 വര്‍ഷം ഗ്യാരന്റിയുള്ള പാലമായിരിക്കും അത്. മെട്രോമാന്‍ ഇ.ശ്രീധരനാണ് മേല്‍നോട്ടചുമതല.