എയര്‍ടെല്‍ 5ജി നെറ്റ്‌വര്‍ക്ക് പരീക്ഷിച്ചുതുടങ്ങി
ഗുരുഗ്രാമിലെ സൈബര്‍ ഹബ്ബിലാണ് പരീക്ഷണം നടക്കുന്നത്. സ്വീഡിഷ് ഉപകരണ നിര്‍മാതാക്കളായ എറിക്‌സണ്‍ ഇതിനായി എയര്‍ടെല്ലുമായി സഹകരിക്കുന്നു
ഭാരതി എയര്‍ടെല്‍ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 5ജി നെറ്റ്‌വര്‍ക്ക് ആരംഭിച്ചു. ഹരിയാണ സംസ്ഥാനത്തില്‍ ഉള്‍പ്പെടുന്നതും ദേശീയ തലസ്ഥാന മേഖലയുടെ ഭാഗവുമായ ഗുരുഗ്രാമിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 5ജി നെറ്റ്‌വര്‍ക്ക് തുടങ്ങിയത്. ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് അടുത്ത തലമുറ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. അനുമതി ലഭിച്ച് ഒരു മാസത്തിനുശേഷമാണ് ഭാരതി എയര്‍ടെല്‍ ഇപ്പോള്‍ പരീക്ഷണം ആരംഭിച്ചത്. സെക്കന്‍ഡില്‍ ഒരു ജിബിയില്‍ കൂടുതല്‍ എന്ന പരമാവധി വേഗത്തിലാണ് ഇപ്പോള്‍ ഭാരതി എയര്‍ടെല്‍ 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നത്. 3500 മെഗാഹെര്‍ട്‌സ് ബാന്‍ഡിലാണ് ഗുരുഗ്രാമില്‍ പരീക്ഷണം നടക്കുന്നത്.
ഗുരുഗ്രാമിലെ സൈബര്‍ ഹബ്ബിലാണ് പരീക്ഷണം നടക്കുന്നത്. സ്വീഡിഷ് ഉപകരണ നിര്‍മാതാക്കളായ എറിക്‌സണ്‍ ഇതിനായി എയര്‍ടെല്ലുമായി സഹകരിക്കുന്നു. ഗുരുഗ്രാമിനു പിന്നാലെ വരും ദിവസങ്ങളില്‍ സമാനമായ പരീക്ഷണം മുംബൈയിലും നടത്താനാണ് എയര്‍ടെല്‍ പദ്ധതി. പരീക്ഷണ ഘട്ടത്തില്‍ 1 ജിബിപിഎസിനേക്കാള്‍ വേഗത്തിലാണ് എയര്‍ടെല്‍ ഇപ്പോള്‍ 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നത്. ഇന്ത്യയില്‍ 4ജി നെറ്റ്‌വര്‍ക്കില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെയധികം വേഗം. ഊക്‌ല റിപ്പോര്‍ട്ട് അനുസരിച്ച്, മൊബീല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ 130 സ്ഥാനത്താണ് ഇന്ത്യ. ശരാശരി ഡൗണ്‍ലോഡ് വേഗത 12.81 എംബിപിഎസ്, അപ്‌ലോഡ് വേഗത 4.79 എംബിപിഎസ് എന്നിങ്ങനെയാണ്.
പരീക്ഷണാടിസ്ഥാനത്തില്‍ 5ജി നെറ്റ്‌വര്‍ക്ക് ആരംഭിച്ചെങ്കിലും, പൊരുത്തപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ പോലും ഗുരുഗ്രാമിലെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ 5ജി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. അന്തിമ ഉപയോക്താക്കളെ ഉള്‍പ്പെടുത്തി പരീക്ഷണം നടത്തരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധന നിലനില്‍ക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ക്കായി ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്ന ഡിവൈസുകള്‍ക്കുപോലും ഈ ഡിവൈസ് നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് പ്രത്യേക സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കണം.
ഉപകരണ നിര്‍മാതാക്കളായ എറിക്‌സണ്‍, നോക്കിയ, സാംസംഗ് എന്നിവയുമായി ചേര്‍ന്ന് 5ജി പരീക്ഷണം നടത്തുന്നതിന് എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ ഉള്‍പ്പെടെയുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡെല്‍ഹി/എന്‍സിആര്‍, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലായി 3500 മെഗാഹെര്‍ട്‌സ്, 28 ഗിഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളിലാണ് എയര്‍ടെല്ലിന് പരീക്ഷണത്തിനായി 5ജി സ്‌പെക്ട്രം ലഭിച്ചത്.
എയര്‍ടെല്‍ ഇപ്പോള്‍ പരീക്ഷണം ആരംഭിച്ചപ്പോള്‍, ഉപയോക്താക്കളുടെ എണ്ണമനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ജിയോ ഇനിയും ഔദ്യോഗികമായി 5ജി പരീക്ഷണം തുടങ്ങിയിട്ടില്ല. ക്വാല്‍ക്കോമുമായി ചേര്‍ന്ന് 5ജി പരീക്ഷണം ആരംഭിക്കുമെന്ന് മുംബൈ ആസ്ഥാനമായ ഓപ്പറേറ്റര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്കിനായി ടെലികോം ഗിയര്‍ എനേബിള്‍ ചെയ്യുന്നതിന് എറിക്‌സണ്‍, നോക്കിയ, സാംസംഗ് എന്നിവയുമായി പ്രവര്‍ത്തിച്ചുവരികയാണ് റിലയന്‍സ് ജിയോ. 2021 രണ്ടാം പകുതിയില്‍ ഇന്ത്യയില്‍ ജിയോ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രസ്താവിച്ചിരുന്നു.
ഹൈദരാബാദിലെ ഒരു വാണിജ്യ നെറ്റ്‌വര്‍ക്കില്‍ 5ജി സേവനങ്ങള്‍ നടത്തി വിജയകരമെന്ന് ബോധ്യപ്പെട്ടതായി ജനുവരിയില്‍ എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ ഡെമോ നടത്തിയ ഇന്ത്യയിലെ ആദ്യ ടെലികോം ഓപ്പറേറ്ററാണ് തങ്ങളെന്നും അവകാശവാദം ഉന്നയിച്ചിരുന്നു.