ജനുവരി റിപ്പോര്‍ട്ട് സജീവ ഉപയോക്താക്കളില്‍ ജിയോയ്ക്ക് വീണ്ടും നഷ്ടം, ലീഡ് വര്‍ധിപ്പിച്ച് എയര്‍ടെല്‍
1 min readഏറ്റവും പുതിയ വിഎല്‍ആര്‍ അനുപാത പ്രകാരം എയര്‍ടെലിന്‍റെ ഉപയോക്താക്കളില്‍ 97.44 ശതമാനവും സജീവമാണ്
ന്യൂഡെല്‍ഹി: ഉപയോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഭാരതി എയര്‍ടെല്‍ ജനുവരിയില്‍ സജീവ ഉപയോക്താക്കളുടെ വിപണി വിഹിതത്തില്‍ തങ്ങളുടെ ലീഡ് വീണ്ടും ഉയര്‍ത്തി. ജനുവരിയില്‍ 6.9 മില്യണ്‍ സജീവ ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്തതോടെ എയര്‍ടെലിന്‍റെ വിഹിതം 34.3 ശതമാനത്തിലേക്ക് ഉയര്‍ന്നു. വിപണി മല്‍സരത്തില്‍ പിന്നിലേക്ക് പോയ വോഡഫോണ്‍ ഐഡിയയുടെ ഉപയോക്താക്കളെ സ്വന്തമാക്കുന്നതില്‍ റിലയന്‍സ് ജിയോയേക്കാള്‍ എയര്‍ടെല്‍ ഏറെ മുന്നിലെത്തുന്നു എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍.
ഇതിനു വിപരീതമായി, ജിയോയ്ക്ക് 3.5 ദശലക്ഷം സജീവ ഉപയോക്താക്കളെ ജനുവരിയില്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ഒമ്പത് മാസത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണിത്. കമ്പനിയുടെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം 325 ദശലക്ഷമായി താഴുകയും ചെയ്തു. സജീവ ഉപയോക്താക്കളില്‍ ജിയോയുടെ വിഹിതം വിഹിതം 33.2 ശതമാനമായി. വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോഴും വിപണിയിലെ ഒന്നാം സ്ഥാനക്കാരാണ് റിലയന്‍സ് ജിയോ. 4ജി സേവന മികവിന്‍റെ കൂടുതല്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ എയര്‍ടെലിലേക്ക് എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജനുവരിയില്‍ 15 മാസത്തിനിടെ ആദ്യമായി മൊത്ത ഉപയോക്താക്കളുടെ എണ്ണത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്താന്‍ വോഡഫോണ്‍ ഐഡിയയ്ക്കായി. സജീവ ഉപയോക്താക്കളുടെ എണ്ണത്തിലെ ഇടിവ് 0.3 ദശലക്ഷമായി കുറയുകയും ചെയ്തിട്ടുണ്ട്. കമ്പനിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് അതിന്‍റെ അവസാന തലത്തില്‍ എത്തിയെന്നതിന്‍റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഒരു മൊബൈല്‍ നെറ്റ്വര്‍ക്ക് സജീവമായി ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ യഥാര്‍ത്ഥ എണ്ണം പ്രതിഫലിപ്പിക്കുന്ന ഒരു പ്രധാന വിലയിരുത്തലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ആക്റ്റിവ് അല്ലെങ്കില്‍ ‘വിസിറ്റേര്‍സ് ലൊക്കേഷന്‍ രജിസ്റ്റര്‍’ (വിഎല്‍ആര്‍) ഡാറ്റ. ഏറ്റവും പുതിയ വിഎല്‍ആര്‍ അനുപാത പ്രകാരം എയര്‍ടെലിന്‍റെ ഉപയോക്താക്കളില്‍ 97.44 ശതമാനവും സജീവമാണെന്ന് കാണിക്കുന്നു, വിഐയുടെ കാര്യത്തില്‍ 89.63 ശതമാനമാണിത്. എന്നാല്‍ ജിയോയുടെ 79.01 ശതമാനം ഉപയോക്താക്കള്‍ മാത്രമേ സജീവമായിട്ടുള്ളൂ.