വര്‍ഷത്തിന്റെ രണ്ടാംപകുതിയോടെ വ്യോമയാന മേഖലയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടേക്കുമെന്ന് എയര്‍ അറേബ്യ സിഇഒ
1 min read‘അടുത്ത വര്‍ഷത്തോടെ വ്യോമയാന മേഖല സാധാരണ നിലയിലേക്ക് തിരിച്ചെത്തും’
ദുബായ്: ഈ വര്‍ഷം രണ്ടാം പകുതിയോടെ വ്യോമയാന മേഖലയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടേക്കുമെന്ന് എയര്‍ അറേബ്യ സിഇഒ. അടുത്ത വര്‍ഷത്തോടെ വ്യോമയാന രംഗം സാധാരണ അവസ്ഥയിലേക്ക് തിരി്‌ച്ചെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുകയും വിമാനത്താവളങ്ങള്‍ നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്യുന്നതോടെ വ്യോമയാന മേഖലയിലെ ബിസിനസുകള്‍ക്ക് നല്ല കാലം ആരംഭിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് പശ്ചിമേഷ്യയിലെ ബജറ്റ് വിമാനക്കമ്പനിയായ എയര്‍ അറേബ്യയുടെ സിഇഒ ആദേല്‍ അലി പറഞ്ഞു.
കോവിഡ്-19 പകര്‍ച്ചവ്യാധി ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നാണ് വ്യോമയാന രംഗം. എന്നാല്‍ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധിക്കെതിരായ വാക്‌സിന്‍ വിതരണത്തിന്റെ വേഗത വര്‍ധിച്ചതോടെ വ്യോമയാന രംഗം പ്രതിസന്ധിയില്‍ നിന്ന് പതുക്കെ കരകയറിത്തുടങ്ങുകയാണ്.
പകര്‍ച്ചവ്യാധിക്കിടയില്‍, കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എയര്‍ അറേബ്യയുടെയും ഇത്തിഹാദിന്റെയും സംയുക്ത സംരംഭമായ എയര്‍ അറേബ്യ അബുദാബി പ്രവര്‍ത്തനമാരംഭിച്ചത്. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് എയര്‍ അറേബ്യ അബുദാബി കാഴ്ച വെക്കുന്നതെന്ന് അലി പറഞ്ഞു. കോവിഡിന് ശേഷം, അബുദാബി ഹബ്ബിന് മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്നതില്‍ തനിക്ക് ഉറപ്പുണ്ട്, അബുദാബി ഹബ്ബ് വലിയ രീതിയിലുള്ള വളര്‍ച്ച നേടും. എയര്‍ അറേബ്യയ്ക്കും ഇത്തിഹാദിനും അബുദാബിക്കും അത് നേട്ടമാകുമെന്ന് എയര്‍ അറേബ്യ സിഇഒ കൂട്ടിച്ചേര്‍ത്തു.
ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള യുഎഇയിലെ ഏക വിമാനക്കമ്പനിയായ എയര്‍ അറേബ്യയ്ക്ക് ഷാര്‍ജ, റാസ് അല്‍ ഖൈമ, അബുദാബി, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളിലായി അഞ്ച് ഹബ്ബുകളാണുള്ളത്. ഹംഗറിയിലെ ബജറ്റ് വിമാനക്കമ്പനിയായ വിസ് എയറിന്റെയും അബുദാബി സ്റ്റേറ്റ് ഹോള്‍ഡിംഗ് കമ്പനിയായ എഡിക്യൂവിന്റെയും സംയുക്ത സംരംഭമായ വിസ്എയര്‍ അബുദാബി പ്രവര്‍ത്തനം ആരംഭിച്ചതോടെ യുഎഇയില്‍ എയര്‍ അറേബ്യ കൂടുതല്‍ മത്സരം നേരിടേണ്ടതായി വരും. എന്നാല്‍ വിപണി വലുതാണെന്നും ഇരു കമ്പനികള്‍ക്കും അവരുടേതായ വിപണിയുണ്ടാക്കാന്‍ സാധിക്കുമെന്നും അലി പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹബ്ബില്‍ നിന്നും 15 രാജ്യങ്ങളിലെ 23 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് വിസ് എയര്‍ അബുദാബി സര്‍വ്വീസ് നടത്തുന്നത്. അബുദാബി പുതിയ കോവിഡ്-19 ക്വാറന്റീന്‍ രഹിത യാത്രാ നിയമങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതലിടങ്ങളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് വിസ് എയര്‍ അബുദാബി.
പ്രതിസന്ധിഘട്ടത്തിലും 120 എയര്‍ബസ് എ320 ഫാമിലി ജെറ്റുകള്‍ക്കുള്ള ഓര്‍ഡറുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് എയര്‍ അറേബ്യയുടെ തീരുമാനം. 20 അള്‍ട്രാ ലോങ് ഖേഞ്ച് എ321എക്‌സ്എല്‍ആര്‍ വിമാനങ്ങള്‍ ഉള്‍പ്പടെയുള്ളവ 2024 ജൂലൈയോടെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് സിഇഒ ആറിയിച്ചു. 2024ഓടെ വ്യോമയാന വിപണി 2019ലെ അസ്ഥയിലേക്ക് മടങ്ങുമെന്നാണ് എല്ലാ സൂചനകളും വ്യക്തമാക്കുന്നത്. അത്തരം പ്രവചനങ്ങളെല്ലാം സത്യമായാല്‍ വിമാനങ്ങളെ ഏറ്റെടുക്കാനുള്ള നിലയിലായിരിക്കും കമ്പനിയെന്നും അലി പ്രതീക്ഷ പ്രകടിപ്പിച്ചു.
യാത്രാഡിമാന്‍ഡ് കുത്തനെ ഇടിയുകയും വിമാനക്കമ്പനികളുടെ വരുമാനം തകരുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പണച്ചിലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഓര്‍ഡര്‍ ചെയ്ത വിമാനങ്ങളുടെ ഡെലിവറി നീട്ടിവെക്കാന്‍ ലോകമെമ്പാടുമുള്ള വിമാനക്കമ്പനികള്‍ വിമാന നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.