Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുകെ ആസ്ഥാനമായ മൃഗ പരിപാലന കമ്പനിയില്‍ മുബദല 350 മില്യണ്‍ പൗണ്ട് നിക്ഷേപിച്ചു

1 min read

യൂറോപ്പിലെ ഏറ്റവും വലിയ മൃഗ പരിപാലന കമ്പനിയായ ഐവിസി എവിടെന്‍ഷ്യയിലാണ് മുബദല നിക്ഷേപം നടത്തിയിരിക്കുന്നത്

അബുദാബി: യൂറോപ്പിലെ ഏറ്റവും വലിയ മൃഗ പരിപാലന കമ്പനിയായ ഐവിസി എവിടെന്‍ഷ്യയില്‍ അബുദാബി ആസ്ഥാനമായ മുബദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി 350 മില്യണ്‍ പൗണ്ട് നിക്ഷേപിച്ചു. യൂറോപ്പിലെ 12 രാജ്യങ്ങളിലായി 1,500 ഓളം വെറ്ററിനറി ക്ലിനിക്കുകളും ആശുപത്രികളും ഉള്ള ഐവിസി എവിടെന്‍ഷ്യ യുകെയിലെ ബ്രിസ്റ്റോള്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. നാല് ദശലക്ഷക്കണക്കിന് വളര്‍ത്തുമൃഗങ്ങള്‍ക്കാണ് എവിടെന്‍ഷ്യയുടെ സേവനം ലഭിക്കുന്നത്.

2011ല്‍ സ്ഥാപിതമായ കമ്പനി വികേന്ദ്രീകൃത മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. മൃഗങ്ങളുടെ ഏറ്റെടുപ്പ്, മൃഗ പരിപാലനവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍, ക്ലിനിക്കല്‍ ബോര്‍ഡുകള്‍ തുടങ്ങി നിരവധി ഏകീകൃത സേവനങ്ങള്‍ എവിടെന്‍ഷ്യ നല്‍കുന്നു. ഐവിസി, ഇവിടെന്‍ഷ്യ എന്നീ രണ്ട് സ്ഥാപനങ്ങള്‍ ഒന്നിച്ച് ചേര്‍ന്നാണ് നിലവിലെ കമ്പനി രൂപീകൃതമായത്. 2016 ഡിസംബറില്‍ ഇക്വിടി പ്രൈവറ്റ് ഇക്വിറ്റിയാണ് ഐവിസിയെ ഏറ്റെടുത്തത്. പിന്നീട് 2017 മേയില്‍ സ്വീഡിഷ് ആസ്ഥാനമായ വെറ്ററിനറി ഗ്രൂപ്പായ എവിടെന്‍ഷ്യയുമായി ഐവിസി ലയിക്കുകയായിരുന്നു.

അതിനുശേഷം യൂറോപ്പിലെ പ്രധാന മൃഗപരിപാലന സേവന ദാതാവായി കമ്പനി വളര്‍ന്നു. തന്ത്രപ്രധാന ഏറ്റെടുപ്പുകളും കമ്പനിയുടെ വളര്‍ച്ചയ്ക്ക് ശക്തി പകര്‍ന്നു. അതിജീവനശേഷിയുള്ളതും വളര്‍ച്ച പ്രകടിപ്പിക്കുന്നതുമായ വിപണിയിലെ സുപ്രധാന ഉപഭോക്തൃ ബിസിനസുകളിലെ നിക്ഷേപങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള നയത്തിന്റെ ഭാഗമാണ് ഐവിസി എവിടെന്‍ഷ്യയിലെ നിക്ഷേപമെന്ന് മുബദലുടെ ഉപഭോക്തൃ വിഭാഗം മേധാവി ജസ്റ്റിന്‍ സബെത് പേമാന്‍ പറഞ്ഞു. ഇടിക്യൂ, സില്‍വര്‍ ലെയ്ക്ക്, നെസ്‌ലേ, ഐവി എന്നിവരുമായി ചേര്‍ന്ന് വളര്‍ത്തുമൃഗ പരിപാലന രംഗത്ത് കമ്പനിക്കുള്ള ആധിപത്യം നിലനിര്‍ത്താന്‍ ഐവിസിയിലെ ലോകോത്തര നിലവാരത്തിലുള്ള മാനേജ്‌മെന്റുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം തുടക്കത്തില്‍ യുകെ ലൈഫ് സയന്‍സസ് മേഖലയില്‍ യുകെ സര്‍ക്കാരുമായി ചേര്‍ന്ന് 1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം മുബദല പ്രഖ്യാപിച്ചിരുന്നു. 800 മില്യണ്‍ പൗണ്ടാണ് മുബദല നിക്ഷേപിക്കുക. ശേഷിക്കുന്ന 200 മില്യണ്‍ പൗണ്ട് യുകെ സര്‍ക്കാര്‍ നല്‍കും. യുഎഇ-യുകെ സോവറീന്‍ നിക്ഷേപ പങ്കാളിത്തത്തിന്റെ (എസ്‌ഐപി) ഭാഗമാണ് ഈ നിക്ഷേപം. അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ എസ്‌ഐപി ഊര്‍ജ പരിവര്‍ത്തനം, അടിസ്ഥാന സൗകര്യം തുടങ്ങി ടെക്‌നോളജിയിലും ഇന്നവേഷനിലും അധിഷ്ഠിതമായ നിരവധി മേഖലകളില്‍ നിക്ഷേപം നടത്തും.

Maintained By : Studio3