10 ലക്ഷത്തിലധികം എയർ കണ്ടീഷണറുകൾ വിറ്റഴിച്ച് വോൾട്ടാസ്
കൊച്ചി: വോൾട്ടാസ് ലിമിറ്റഡ് 2026-27 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ മൂന്ന് മാസത്തിൽ തന്നെ 10 ലക്ഷത്തിലധികം എയർ കണ്ടീഷണറുകൾ വിറ്റഴിച്ച് നേട്ടം കൈവരിച്ചു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിലാണ് കമ്പനി ഈ അപൂർവ്വ നാഴികക്കല്ല് പിന്നിട്ടത്. ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയും ബ്രാൻഡിന്മേലുള്ള തികഞ്ഞ വിശ്വാസവുമാണ് ഈ വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. വിപണിയിലെ എല്ലാ വിഭാഗം ആളുകളുടെയും ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി പ്രീമിയം, മിഡ്, വാല്യൂ എന്നിങ്ങനെ തരംതിരിച്ചുള്ള ഉൽപ്പന്നങ്ങളാണ് വോൾട്ടാസ് കഴിഞ്ഞ വർഷം അവതരിപ്പിച്ചത്. വ്യത്യസ്തമായ വില നിലവാരത്തിലും സവിശേഷതകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയുള്ള കമ്പനിയുടെ വിപണി തന്ത്രങ്ങൾ മികച്ച ഫലം കണ്ടതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയോടെയുള്ള പുതിയ ഉൽപ്പന്നങ്ങളുടെ അവതരണവും പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തിയുള്ള വിപുലമായ പരസ്യപ്രചാരണങ്ങളും ബ്രാൻഡിന്‍റെ ജനപ്രീതി വർദ്ധിപ്പിച്ചു. ഡീലർമാർ, ഡിസ്ട്രിബ്യൂട്ടർമാർ, റീട്ടെയിലർമാർ, സർവീസ് പങ്കാളികൾ എന്നിവരടങ്ങുന്ന ശക്തമായ ശൃംഖലയുടെ പിന്തുണയാണ് വോൾട്ടാസിനെ ഈ റെക്കോർഡ് വേഗത്തിൽ ലക്ഷ്യത്തിലെത്തിച്ചത്. ഇതിന്‍റെ ഭാഗമായി ഈ സീസണിൽ വോൾട്ടാസ് തിരഞ്ഞെടുത്ത ലക്ഷക്കണക്കിന് കുടുംബങ്ങളോടുള്ള ആദരസൂചകമായി “ഇന്ത്യാസ് ഫസ്റ്റ്. കീപ്പിംഗ് ഇന്ത്യ ഫസ്റ്റ്.” എന്ന പേരിൽ കമ്പനി ഒരു ദേശീയ കാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട്. ഒരു സാമ്പത്തിക വർഷത്തിന്‍റെ ആദ്യ മൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ പത്ത് ലക്ഷം എസികളുടെ വിൽപ്പന പൂർത്തിയാക്കാൻ കഴിഞ്ഞത് വോൾട്ടാസിനെ സംബന്ധിച്ച് ചരിത്രപരമായ നേട്ടമാണെന്ന് വോൾട്ടാസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മുകുന്ദൻ മേനോൻ പറഞ്ഞു. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾ ബ്രാൻഡിലർപ്പിച്ച അചഞ്ചലമായ വിശ്വാസത്തിന്‍റെയും തങ്ങളുടെ ടീമിന്‍റെ മികച്ച പ്രവർത്തനത്തിന്‍റെയും തെളിവാണിത്. നൂതനമായ ഉൽപ്പന്നങ്ങളും ഉപഭോക്തൃ സേവനങ്ങളും ഉറപ്പാക്കിക്കൊണ്ട് വിപണിയിലെ ഈ നേതൃസ്ഥാനം വരും നാളുകളിലും നിലനിർത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
