എന്‍എംസിയുടെ ഹോസ്പിറ്റല്‍ ബിസിനസില്‍ കണ്ണുടക്കി അബുദാബിയിലെ മുബദാല
ഏതാണ്ട് 230 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന മുബദാല അബുദാബിയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ടാണ്
അബുദാബി: അബുദാബിയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ മുബദാല എന്‍എംസിയുടെ പ്രധാനപ്പെട്ട ഹോസ്പിറ്റല്‍ ബിസിനസ് വാങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വിഷയവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെ സാമ്പത്തിക തിരിമറികള്‍ കാരണം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കീഴിലായ എന്‍എംസിയെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ച് ഉയര്‍ത്താന്‍ മുബദാല എത്തുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.
വെളിപ്പെടുത്താത്ത നാല് ബില്യണ്‍ ഡോളറിന്റെ കടബാധ്യത പുറത്ത് വന്നതിനെ തുടര്‍ന്ന് യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ എന്‍എംസി ഹെല്‍ത്ത്‌കെയര്‍ തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്നു. യുഎഇയിലും വിദേശങ്ങളിലുമുള്ള നിരവധി ബാങ്കുകളില്‍ നിന്നും എന്‍എംസി വലിയ തുകകള്‍ കടമെടുത്തിട്ടുണ്ട്. നിലവില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കീഴിലുള്ള കമ്പനി യുഎഇയിലും ഒമാനിലുമുള്ള ഹെല്‍ത്ത്‌കെയര്‍ ബിസിനസുകള്‍ വില്‍ക്കാനുള്ള പദ്ധതിയിലാണ്. ഈ വില്‍പ്പനയിലൂടെ 1 ബില്യണ്‍ ഡോളറാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏതാണ്ട് 230 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന മുബദാല എന്‍എംസിയുടെ ഹെല്‍ത്ത്‌കെയര്‍ ബിസിനസ് വാങ്ങാന്‍ താല്‍പ്പര്യമറിയിച്ചെന്നാണ് സൂചന. നിക്ഷേപകര്‍ എന്ന നിലയ്ക്ക് തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയ്ക്ക് അനുയോജ്യമായ അവസരങ്ങള്‍ നിരന്തരമായി വിലയിരുത്താറുണ്ടെന്ന് മുബദാല വക്താവ് വ്യക്തമാക്കി.
അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹോള്‍ഡിംഗ് കമ്പനിയായ എഡിക്യൂ, യൂറോപ്പിലെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിവിസി തുടങ്ങിയ കമ്പനികള്‍ക്കും ഈ ഇടപാടില്‍ താല്‍പ്പര്യമുണ്ടെന്നാണ് സൂചന.