2020ല്‍ ഇത്തിഹാദിന്റെ നഷ്ടം 170 കോടി ഡോളര്‍; യാത്രക്കാരുടെ എണ്ണത്തില്‍ 76 ശതമാനം ഇടിവ്
യാത്രാവരുമാനം 74 ശതമാനം ഇടിഞ്ഞ് 120 കോടി ഡോളറായി
പ്രവര്‍ത്തനച്ചിലവ് 39 ശതമാനം കുറഞ്ഞ് 330 കോടി ഡോളറായി
അബുദാബി: അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വരുമാനത്തില്‍ വന്‍ തകര്‍ച്ച. കഴിഞ്ഞ വര്‍ഷം യാത്രാവിഭാഗത്തില്‍ നിന്നും 120 കോടി ഡോളര്‍ വരുമാനമാണ് കമ്പനി നേടിയത്. 480 കോടി ഡോളര്‍ വരുമാനം നേടിയ 2019നെ അപേക്ഷിച്ച് വരുമാനത്തില്‍ 74 ശതമാനം തകര്‍ച്ചയാണ് 2020ല്‍ കമ്പനിക്കുണ്ടായത്. ഇതോടെ കമ്പനിയുടെ മൊത്തത്തിലുള്ള നഷ്ടം 170 ഡോളറായി വര്‍ധിച്ചു. 2019ല്‍ 80 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ നഷ്ടം.
കഴിഞ്ഞ വര്‍ഷം ഇത്തിഹാദ് വിമാനങ്ങളില്‍ ആകെ യാത്ര ചെയ്തത് 4.2 ദശലക്ഷം യാത്രക്കാരാണ്. 17.5 ദശലക്ഷം യാത്രക്കാര്‍ ഉണ്ടായിരുന്ന 2019നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം 76 ശതമാനം ഇടിഞ്ഞു. 2020ല്‍ വിമാനത്തില്‍ യാത്ര ചെയ്ത യാത്രക്കാരില്‍ 80 ശതമാനം പേരും പകര്‍ച്ചവ്യാധി രൂക്ഷമാകുന്നതിന് മുമ്പുള്ള ആദ്യ മൂന്ന് മാസങ്ങളിലാണ് യാത്ര നടത്തിയത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള ആഗോള പ്രതിസന്ധി രൂക്ഷമായതോടെ വിമാനയാത്രയ്ക്കുള്ള ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഇത്തിഹാദ് പറഞ്ഞു. 2020ല്‍ മൊത്തത്തിലുള്ള യാത്രാവാഹക ശേഷി ഇത്തിഹാദ് 64 ശതമാനം കുറച്ച് 37.5 ബില്യണ്‍ എഎസ്‌കെ (അവെയ്‌ലബിള്‍ സീറ്റ് കിലോമീറ്റര്‍) ആയി വെട്ടിക്കുറച്ചിരുന്നു. 2019ല്‍ ഇത് 104 ബില്യണ്‍ ആയിരുന്നു. സീറ്റ് ലോഡ് ഫാക്ടറും 52.9 ശതമാനമായി കുറഞ്ഞു. 2019നെ അപേക്ഷിച്ച് 25.8 ശതമാനം കുറവാണിത്.
കഴിഞ്ഞ വര്‍ഷം ഇത്തിഹാദിലെ പ്രവര്‍ത്തനച്ചിലവും 39 ശതമാനം കുറഞ്ഞ് 330 കോടി ഡോളറായി. 2019ല്‍ ഇത് 540 കോടി ഡോളറായിരുന്നു. യാത്രാ വാഹക ശേഷിയിലുണ്ടായ കുറവും അതുമായി ബന്ധപ്പെട്ട മറ്റ് ചിലവുകള്‍ കുറഞ്ഞതും കാര്യക്ഷമമായ ചിലവ് ചുരുക്കല്‍ പദ്ധതികള്‍ നടപ്പിലാക്കിയതുമാണ് പ്രവര്‍ത്തനച്ചിലവ് കുറയാനുള്ള കാരണമായി ഇത്തിഹാദ് പറയുന്നത്. കമ്പനിയുടെ അധികച്ചിലവുകളും 25 ശതമാനം കുറഞ്ഞ് 80 കോടി ഡോളറായി. ധനകാര്യ ചിലവുകളിലും 23 ശതമാനം കുറവുണ്ടായിട്ടുണ്ട്.
അതേസമയം കമ്പനിയുടെ കാര്‍ഗോ വിഭാഗത്തില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം 66 ശതമാനം വര്‍ധിച്ച് 120 കോടി ഡോളറായി. 2019ല്‍ 70 കോടി ഡോളറിന്റെ കാര്‍ഗോയാണ് ഇത്തിഹാദ് വിമാനങ്ങള്‍ വഴി കൊണ്ടുപോയത്. പകര്‍ച്ചവ്യാധിക്കാലത്ത് 129 രാജ്യങ്ങളിലേക്ക് 2,500 ടണ്‍ അവശ്യസാധനങ്ങളുമായി 183 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ഇത്തിഹാദ് പറത്തിയത്.
പരിവര്‍ത്തന പദ്ധതികള്‍ കാര്യക്ഷമമാക്കിയതിന്റെയും പകര്‍ച്ചവ്യാധിക്കാലത്ത് നടത്തിയ പുനഃസംഘടനയുടെയും ഫലമായി 2023ഓടെ കമ്പനിയില്‍ സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ഇത്തിഹാദിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ നവംബറില്‍ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ ഇത്തിഹാദ് വ്യാപകമായ അഴിച്ചുപണി നടത്തിയിരുന്നു. വാണിജ്യവിഭാഗത്തിലുള്ള എല്ലാ ബിസിനസുകളും ഇപ്പോള്‍ ീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ മുഹമ്മദ് അല്‍ ബലൂകിയുടെ മേല്‍നോട്ടത്തിലാണ്. ആദം ബൗകദിദയെയാണ് ഇത്തിഹാദിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍. ഗസ്റ്റ് എക്‌സ്പീരിയന്‍സ്,ബ്രാന്‍ഡ്, മാര്‍ക്കറ്റിംഗ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടറായി ടെറി ദാലിയെയും നിയമിച്ചു. ഇത് കൂടാതെ, ബലൂകിക്ക് നെറ്റ്‌വര്‍ക്ക് പ്ലാനിംഗ്, സെയില്‍സ്, റെവന്യൂ മാനേജ്‌മെന്റ്, കാര്‍ഗോ, ലോജിസ്റ്റിക്‌സ്, കൊമേഴ്‌സ്യല്‍ സ്ട്രാറ്റെജി പ്ലാനിംഗ് എന്നിവയുടെയും ചുമതലയുണ്ട്.
2020ല്‍ രണ്ട് പുതിയ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ ഇത്തിഹാദില്‍ എത്തി. ഇതോടെ ഇത്തിഹാദിലെ ആകെ വിമാനങ്ങളുടെ എണ്ണം 103 ആയി. 39 ഡ്രീംലൈനര്‍ വിമാനങ്ങള്‍ സ്വന്തമായുള്ള ഇത്തിഹാദ് ലോകത്ത് ഈ വിഭാഗത്തിലുള്ള വിമാനങ്ങള്‍ ഏറ്റവുമധികമുള്ള കമ്പനിയാണ്. എ380 വിമാനങ്ങളെ നിലത്തിറക്കാനുള്ള നിര്‍ണായക തീരുമാനവും കഴിഞ്ഞ വര്‍ഷം ഇത്തിഹാദ് എടുത്തിരുന്നു. ഈ വിഭാഗത്തിലുള്ള പത്ത് വിമാനങ്ങളാണ് ഇത്തിഹാദിലുള്ളത്. യാത്രാ ഡിമാന്‍ഡ് വര്‍ധിക്കുകയാണെങ്കില്‍ മാത്രം ഇവ വീണ്ടും പറത്താനാണ് കമ്പനിയുടെ തീരുമാനം. 2020 അവസാനത്തോടെ 50 യാത്രാ വിമാന സര്‍വീസുകളും ഏഴ് കാര്‍ഗോ വിമാന സര്‍വീസുകളുമാണ് ഇത്തിഹാദ് നടത്തിയത്. പകര്‍ച്ചവ്യാധിക്ക് മുമ്പ് ഇത്തിഹാദ് നടത്തിയിരുന്ന സര്‍വീസിന്റെ 35 ശതമാനം മാത്രമാണിത്.