അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ ആദ്യപാദ അറ്റാദായം 1.121 ബില്യണ്‍ ദിര്‍ഹം
1 min read-
അറ്റാദായത്തില്‍ 436 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധന
-
പ്രവര്‍ത്തനച്ചിലവുകള്‍ 20 ശതമാനം ഇടിഞ്ഞ് 1.06 ബില്യണ്‍ ദിര്‍ഹമായി
അബുദാബി: അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് മാര്‍ച്ച് 31ന് അവസാനിച്ച ഈ വര്‍ഷം ആദ്യപാദത്തില്‍ 1.121 ബില്യണ്‍ ദിര്‍ഹം അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 436 ശതമാനത്തിന്റെയും കഴിഞ്ഞ പാദത്തെ അപേക്ഷേിച്ച് 11 ശതമാനത്തിന്റെയും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം അവസാന പാദത്തെ അപേക്ഷിച്ച് അറ്റ പലിശ വരുമാനം 10 ശതമാനം ഇടിഞ്ഞ് 2.119 ബില്യണ്‍ ദിര്‍ഹമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പലിശ വരുമാനത്തില്‍ 24 ശതമാനം ഇടിവാണ് ഉണ്ടായത്. പലിശ കുറഞ്ഞ അന്തരീക്ഷവും വെല്ലുവിളികള്‍ നിറഞ്ഞ മാക്രോ-ഇക്കോണമിക് സാഹചര്യങ്ങളുമാണ് അതിന് കാരണമെന്ന് എഡിസിബി അറിയിച്ചു.
പലിശ ഇതര വരുമാനത്തിലുള്ള വര്‍ധനയാണ് ബാങ്കിന് നേട്ടമായത്. 802 മില്യണ്‍ ദിര്‍ഹത്തിന്റെ പലിശ ഇതര വരുമാനമാണ് കഴിഞ്ഞ പാദത്തില്‍ ബാങ്ക് സ്വന്തമാക്കിയത്. നാലാംപാദത്തെ അപേക്ഷിച്ച് പലിശ ഇതര വരുമാനം 14 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനവും വര്‍ധിച്ചു. പ്രവര്‍ത്തനച്ചിലവുകള്‍ കുറയ്ക്കാനായതും ബാങ്കിന് നേട്ടമായി. അവസാന പാദത്തെ അപേക്ഷിച്ച് പ്രവര്‍ത്തനച്ചിലവുകള്‍ 20 ശതമാനം കുറഞ്ഞ് 1.061 ബില്യണ്‍ ദിര്‍ഹമായി. കിട്ടാക്കടം കണക്കാക്കിയുള്ള നീക്കിയിരുപ്പ് 2021 ആദ്യപാദത്തില്‍ 704 മില്യണ്‍ ദിര്‍ഹമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പാദത്തേക്കാള്‍ 25 ശതമാനവും കഴിഞ്ഞ വര്‍ഷം ഒന്നാംപാദത്തേക്കാള്‍ 63 ശതമാനവും കുറവാണിത്.
ഉപഭോക്താക്കളുടെ മൊത്തം നിക്ഷേപം 5 ശതമാനം കുറഞ്ഞ് 239 ബില്യണ്‍ ദിര്‍ഹമായി. ഒന്നാംപാദത്തില്‍ മൊത്തം വായ്പകളിലും 1 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. മാര്‍ച്ച് അവസാനം വരെയുള്ള കണക്ക് പ്രകാരം 236 ബില്യണ്‍ ദിര്‍ഹമാണ് ബാങ്കിന്റെ മൊത്തം വായ്പ മൂല്യം. ഏതാണ്ട് 6.71 ബില്യണ്‍ ദിര്‍ഹത്തിന്റെ വായ്പ തിരിച്ചടവുകളാണ് കഴിഞ്ഞ പാദത്തില്‍ എഡിസിബിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പകര്‍ച്ചവ്യാധി ബാങ്കിംഗ് മേഖലയിലുണ്ടാക്കിയ ആഘാതം കുറയ്ക്കുന്നതിനായി കേന്ദ്രബാങ്ക് പ്രഖ്യാപിച്ച ടെസ് പദ്ധതി എഡിസിബി അടക്കമുള്ള യുഎഇ ബാങ്കുകള്‍ക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു. ഈ സമാശ്വാസ പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചതായി കഴിഞ്ഞിടെ യുഎഇ കേന്ദ്രബാങ്ക് പ്രഖ്യാപിച്ചിരുന്നു. 50 ബില്യണ്‍ ദിര്‍ഹത്തിന്റെ പലിശ രഹിത വായ്പ സഹായത്തിന് അടുത്ത വര്‍ഷം ജൂണ്‍ 30 വരെ ബാങ്കുകള്‍ യോഗ്യരായിരിക്കും.
2020ല്‍ എന്‍എംസി ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക് പ്രവേശിച്ചതിന് ശേഷം കമ്പനിയില്‍ പുനഃസംഘടന നടപ്പിലാക്കുന്നതിനായി അഡ്മിന്‌സ്‌ട്രേറ്റര്‍മാരുമായും മറ്റ് വായ്പദാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയാണെന്ന് എന്‍എംസി ഹെല്‍ത്ത് ഗ്രൂപ്പിന് അനുവദിച്ച വായ്പയുമായി ബന്ധപ്പെട്ട് ബാങ്ക് പ്രതികരിച്ചു. എന്‍എംസിയുടെ പ്രവര്‍ത്തനത്തുടര്‍ച്ച ഉറപ്പാക്കുന്നതിനും പുനഃസംഘടനയ്ക്ക വഴിയൊരുക്കുന്നതിനുമായി 325 മില്യണ്‍ ദിര്‍ഹത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഫണ്ടിംഗ് ഫെസിലിറ്റിയില്‍ എഡിസിബിയും മറ്റ് വായ്പ ദാതാക്കളും പങ്കെടുത്തിരുന്നു.
മാര്‍ച്ചില്‍ ഓഹരിയൊന്നിന് 0.27 ദിര്‍ഹം ലാഭവിഹിതം അനുവദിക്കാന്‍ എഡിസിബി തീരുമാനിച്ചിരുന്നു. മൊത്തത്തില്‍ 1.878 ബില്യണ്‍ ദിര്‍ഹത്തിന്റെ ലാഭവിഹിതമാണ് എഡിസിബി ഓഹരിയുമടകള്‍ക്കായി അനുവദിക്കുക. 2020ലെ അറ്റാദായത്തിന്റെ 49 ശതമാനം വരുമിത്.