ബി ആര്‍ ഷെട്ടിയുടെ ആസ്തികള്‍ മരവിപ്പിക്കാന്‍ അബുദാബി കോടതിയുടെ ഉത്തരവ്
അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ പരാതിയില്‍ നേരത്തെ യുകെ കോടതിയും ഷെട്ടിയുടെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
അബുദാബി: എന്‍എംസി ഹെല്‍ത്ത് സ്ഥാപകനും പ്രവാസി വ്യവസായിയുമായ ബി ആര്‍ ഷെട്ടിയുടെ ആസ്തികള്‍ മരവിപ്പിക്കുന്നതില്‍ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന് (എഡിസിബി) വിജയം. ഷെട്ടിയുടെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള യുഎഇ ആസ്ഥാനമായ അഞ്ച് കമ്പനികളുടെയും ആസ്തികള്‍ മരവിപ്പിക്കാന്‍ അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി ഉത്തരവിട്ടു. അഞ്ച് കമ്പനികളുടെയും ഓഹരികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഷെട്ടിയെ വിലക്കിക്കൊണ്ടുള്ളതാണ് ഉത്തരവ്. ഈ കമ്പനികളുടെും ഷെട്ടിയുടെയും പേരിലുള്ള ലോകമെമ്പാടുമുള്ള ആസ്തികളാണ് മരവിപ്പിച്ചിരിക്കുന്നത്.
ഈ കമ്പനികള്‍ നിയന്ത്രിക്കുന്നത് ഷെട്ടിയാണെന്നും തന്റെ പേരിലുള്ള ആസ്തികള്‍ ഷെട്ടി ദുര്‍വ്യയം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് ജസ്റ്റിസ് ആന്‍ഡ്രൂ സ്മിത്ത് നിരീക്ഷിച്ചു. സാമ്പത്തിക തിരിമറികളും ബാധ്യതകള്‍ മറച്ചുവെക്കലും മൂലം കടക്കെണിയിലേക്ക് നീങ്ങിയ എന്‍എംസി ഹെല്‍ത്ത് കഴിഞ്ഞ വര്‍ഷം പാപ്പരത്ത നടപടികളിലേക്ക് കടന്നിരുന്നു. എഡിസിബിയിലാണ് എന്‍എംസിക്ക് ഏറ്റവുമധികം കടബാധ്യതയുള്ളത്. എന്‍എംസി ഗ്രൂപ്പ് പാപ്പരത്തത്തിലേക്ക് നീങ്ങാനുള്ള കാരണം അവിടെ നടന്ന വന്‍ സാമ്പത്തിക തട്ടിപ്പുകളാണെന്നും അതില്‍ ഷെട്ടിക്ക് പങ്കുണ്ടെന്നും എഡിസിബി ആരോപിക്കുന്നതായി ഉത്തരവില്‍ പറയുന്നു.
1975ലാണ് മംഗലാപുരം സ്വദേശിയായ ബി ആര്‍ ഷെട്ടി യുഎഇ ആസ്ഥാനമായി എന്‍എംസി ഹെല്‍ത്ത് സ്ഥാപിക്കുന്നത്. പിന്നീട് അബുദാബിയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായി എന്‍എംസി വളര്‍ന്നു. എന്നാല്‍ സ്വതന്ത്രാന്വേഷണത്തില്‍ മുമ്പ് വെളിപ്പെടുത്താത്ത 4.4 ബില്യണ്‍ ഡോളറിന്റെ കടബാധ്യതകള്‍ പപുറത്ത് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കമ്പനി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കീഴിലായി.
എഡിസിബിയുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ലണ്ടന്‍ കോടതിയും ബി ആര്‍ ഷെട്ടിയുടെയും എന്‍എംസിയുടെ മുന്‍ ഡയറക്ടര്‍മാരും ഓഹരിയുടമകളും ഉള്‍പ്പടെ അഞ്ചുപേരുടെയും ആസ്തികള്‍ മരവിപ്പിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നു. അബുദാബി കോടതിയില്‍ നിന്നും പ്രാദേശികമായുള്ള മരവിപ്പിന് അനുമതി തേടാനും ലണ്ടന്‍ കോടതി എഡിസിബിക്ക് അനുവാദം നല്‍കിയിരുന്നു. ബിആര്‍എസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഹോള്‍ഡിംഗ്‌സ് 1, ബിആര്‍എസ് ഇന്‍വെസ്റ്റ്‌മെന്ററ്‌സ് ഹോള്‍ഡിംഗ്‌സ് 2, ബിആര്‍എസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഹോള്‍ഡിംഗ് 3, ബിആര്‍എസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടി, ബിആര്‍എസ് ഹെല്‍ത്ത് എന്നീ കമ്പനികളാണ് എഡിജിഎം കോടതിയുടെ ഉത്തരവില്‍ പറയുന്ന അഞ്ച് കമ്പനികള്‍.
ഒരു തട്ടിപ്പിലും താന്‍ പങ്കാളിയല്ലെന്നും എന്‍എംസി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചിലരുടെ അത്യാഗ്രഹത്തിനും തട്ടിപ്പിനും ഇരയായ വ്യക്തിയാണ് താനെന്നും ഷെട്ടി തന്നോട് പറഞ്ഞതായി ആസ്തികള്‍ മരവിപ്പിക്കാനുള്ള ഉത്തരവിന് അംഗീകാരം നല്‍കിക്കൊണ്ട് ജസ്റ്റിസ് സ്മിത്ത് പറഞ്ഞു. ഷെട്ടിയുടെ പേരില്‍ ബാങ്ക് ഓഫ് ബറോഡയില്‍ വ്യാജ എക്കൗണ്ട് തുറന്ന് പണം അതിലേക്ക് മാറ്റിയത് അവരാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനും നഷ്ടപ്പെട്ട പേര് വീണ്ടെടുക്കാനുമുള്ള പരിശ്രമത്തിലാണ് ഷെട്ടിയെന്നും ജഡ്ജി പറഞ്ഞു.
യുകെയില്‍ ലിസ്റ്റ് ചെയ്ത എന്‍എംസിയുടെ അഡ്മിനിസ്‌ട്രേറ്ററായി അല്‍വരെസ് ആന്‍ഡ് മര്‍സലിനെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് നിയമിച്ചത്. സെപ്റ്റംബറോടെ ഷെട്ടിയുടെ മുപ്പതോളം യുഎഇ കമ്പനികളിലും അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. അതിനുശേഷം എന്‍എംസിയുടെ സുപ്രധാനമല്ലാത്ത ആസ്തികള്‍ പലതും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ മുന്‍കൈ എടുത്ത് വിറ്റിരുന്നു. നിലവിലെ 4 ബില്യണ്‍ ഡോളറിന്റെ കടബാധ്യത കമ്പനിക്ക് കൈകാര്യം ചെയ്യാവുന്ന 2.25 ബില്യണ്‍ ഡോളറിലേക്ക് എത്തിക്കുന്നതിനുള്ള പുനഃസംഘടനയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാ
ആദ്യപാദ അറ്റാദായം അഞ്ചിരട്ടി വര്‍ധിച്ച് 11.2 ബില്യണ്‍ ദിര്‍ഹമായി മാറിയ എഡിസിബി നഷ്ടം കണക്കാക്കിയുള്ള ബാങ്കിന്റെ നീക്കിയിരുപ്പ് 63 ശതമാനം കുറഞ്ഞ് 704 ദശലക്ഷം ദിര്‍ഹമായതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുവരെ എന്‍എംസിയുമായി ബന്ധപ്പെട്ട് 1.65 ബില്യണ്‍ ദിര്‍ഹമാണ് ബാങ്ക് നീക്കിവെച്ചിരിക്കുന്നത്.