ഫേസ്ബുക്ക് ഇന്ത്യയില്‍ കൊവിഡ് 19 അനൗണ്‍സ്‌മെന്റ് ടൂള്‍ അവതരിപ്പിച്ചു
യുഎസ് കഴിഞ്ഞാല്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ഫേസ്ബുക്ക്
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 അനൗണ്‍സ്‌മെന്റ് ടൂള്‍ അവതരിപ്പിക്കുന്നതായി ഫേസ്ബുക്ക് പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ വകുപ്പുകള്‍ക്ക് അവശ്യവും സമയോചിതവുമായ കൊവിഡ് 19 അപ്ഡേറ്റുകള്‍ പങ്കിടാനുള്ള ഉപകരണമാണിത്. കൊറോണ വൈറസ് സൃഷ്ടിച്ച പൊതുജനാരോഗ്യ പ്രതിസന്ധിയുടെ നാളുകളില്‍ ജനങ്ങളെ സുരക്ഷിതരാക്കാനും ആവശ്യമുള്ള വിവരങ്ങള്‍ എത്തിക്കാനുമുള്ള ആരോഗ്യ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് കൊവിഡ് 19 അനൗണ്‍സ്‌മെന്റ് ടൂള്‍ അവതരിപ്പിച്ചത്.
യുഎസ് കഴിഞ്ഞാല്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഫേസ്ബുക്ക് പങ്കാളികളായി. ആരോഗ്യ വകുപ്പുകള്‍ക്ക് പ്രാദേശികമായും സംസ്ഥാന വ്യാപകമായും ജനങ്ങള്‍ക്കായി സമയോചിതവും വിശ്വസനീയവുമായ കൊവിഡ് 19 വാക്‌സിന്‍ വിവരങ്ങള്‍ നല്‍കുന്നതിന് കൊവിഡ് 19 അനൗണ്‍സ്‌മെന്റ് ഫീച്ചര്‍ സഹായിക്കും. സംസ്ഥാനങ്ങള്‍ക്ക് ഈ അലര്‍ട്ടുകള്‍ സംസ്ഥാനവ്യാപകമായി അല്ലെങ്കില്‍ അവരുടെ നിര്‍ദ്ദിഷ്ട നഗരങ്ങളിലേക്ക് മാത്രമായി നല്‍കാം.
ഫേസ്ബുക്കിലെ സംസ്ഥാന ആരോഗ്യവകുപ്പ് പേജുകളുടെ പോസ്റ്റുകള്‍ കൊവിഡ് 19 അനൗണ്‍സ്‌മെന്റുകളായി അടയാളപ്പെടുത്തുന്ന സമയത്ത് ഞങ്ങള്‍ അവയുടെ റീച്ച് വര്‍ധിപ്പിക്കുകയും അതുവഴി കമ്യൂണിറ്റിയിലെ ആളുകള്‍ക്ക് അവ കാണാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുമെന്ന് പത്രക്കുറിപ്പില്‍ ഫേസ്ബുക്ക് അറിയിച്ചു. അസുഖബാധിത പ്രദേശത്തുള്ള ആളുകള്‍ക്ക് അനുബന്ധ അറിയിപ്പുകള്‍ അയയ്ക്കും. കൂടാതെ കൊവിഡ് 19 വിവര കേന്ദ്രത്തിലെ വിവരങ്ങളും നല്‍കും. കൊവിഡ് 19, വാക്‌സിനേഷന്‍ ശ്രമങ്ങളുമായി ബന്ധപ്പെട്ട സുപ്രധാനവും അടിയന്തരവുമായ അപ്ഡേറ്റുകള്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ സഹായിക്കും.