കേന്ദ്രത്തിന്‍റെ ഉറപ്പ് 15 ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 1.93 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കും
1 min read- കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്
- 1.63 കോടി ഡോസ് കോവിഷീല്‍ഡ് വാക്സിനും 29.49 ലക്ഷം ഡോസ് കോവാക്സിനും നല്‍കും
- ഇതുവരെ വിതരണം ചെയ്തത് 18 കോടി വാക്സിന്‍ ഡോസുകള്‍
ന്യൂഡെല്‍ഹി: വരുന്ന 15 ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഒരു കോടി 92 ലക്ഷം വാക്സിനുകള്‍ കൂടി സൗജന്യമായി നല്‍കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങളില്‍ കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ വാക്സിനുകള്‍ നല്‍കാന്‍ കേന്ദ്രം തീരുമാനമെടുത്തത്.
അതേസമയം നൂറ്റാണ്ടിലൊരിക്കല്‍ മാത്രം വരുന്ന മഹാമാരിയാണ് ലോകത്തെ വെല്ലുവിളിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാരണം ഇത് നമ്മുടെ മുന്നില്‍ ഒരു അദൃശ്യ ശത്രുവാണ്. ഗവണ്മെന്‍റ് കോവിഡ്-19 നെ എല്ലാ ശക്തിയോടെയും പോരാടുകയാണെന്നും രാജ്യത്തിന്‍റെ വേദന ലഘൂകരിക്കാന്‍ എല്ലാ ഗവണ്മെന്‍റ് വകുപ്പുകളും രാവും പകലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ കേന്ദ്ര ഗവണ്മെന്‍റും എല്ലാ സംസ്ഥാന ഗവണ്മെന്‍റുകളും ഒരുമിച്ച് നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്താകമാനം ഇതുവരെ 18 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഗവണ്മെന്‍റ് ആശുപത്രികളില്‍ സൗജന്യ വാക്സിനേഷന്‍ നടത്തിവരുന്നു. കൊറോണയ്ക്കെതിരായ സംരക്ഷണത്തിനുള്ള ഒരു പ്രധാന മാര്‍ഗമാണ് വാക്സിന്‍ എന്നും ഗുരുതരമായ രോഗ സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ദുഷ്കരമായ വേളയില്‍ ഓക്സിജന്‍ വിതരണം ഉറപ്പാക്കാന്‍ സായുധ സേന പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വേയും ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുന്നു. ദുഷ്കരമായ സമയങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെടുന്ന ഒരു രാജ്യമല്ല ഇന്ത്യയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, ഈ വെല്ലുവിളിയെ ശക്തിയും അര്‍പ്പണബോധവും കൊണ്ട് മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.