കോവിഡ് പ്രതിരോധം : പിന്തുണയ്ക്കാന്‍ ആര്‍ബിഐ; വന്‍ പ്രഖ്യാപനങ്ങള്‍ നടത്തി ദാസ്
- അടിയന്തര പരിഗണന ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനെന്ന് ആര്‍ബിഐ ഗവര്‍ണര്‍
- പ്രഖ്യാപിച്ചത് 50,000 കോടി രൂപയുടെ സാമ്പത്തിക പിന്തുണ
- വാക്സിന്‍ നിര്‍മാതാക്കള്‍ക്കും മറ്റുമുള്ള വായ്പകള്‍ ഉദാരമാകും
ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിയുടെ രണ്ടാ വരവില്‍ ഇന്ത്യയുടെ ആരോഗ്യസേവനരംഗത്തെ അടിസ്ഥാനസൗകര്യം കടുത്ത രീതിയില്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍ പിന്തുണയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ബുധനാഴ്ച്ച ആര്‍ബിഐ ഗവര്‍ണര്‍ അപ്രതീക്ഷിതമായാണ് സാമ്പത്തിക പിന്തുണ നല്‍കുന്ന നടപടികള്‍ പ്രഖ്യാപിച്ചത്.
വാക്സിന്‍ നിര്‍മാതാക്കള്‍ക്കും ആശുപത്രികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമെല്ലാം ഫണ്ടിംഗ് സാധ്യതകള്‍ എളുപ്പത്തിലാക്കുന്നതിനുള്ള നടപടികളാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ജീവിതവും ജീവനും സംരക്ഷിക്കാന്‍ അടിയന്തരപ്രാധാന്യമുള്ള നടപടികള്‍ ആര്‍ബിഐ കൈക്കൊള്ളുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
കോവിഡ് രണ്ടാംതരംഗത്തിന്‍റെ സാമ്പത്തിക ആഘാതം ഇതുവരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 50,000 കോടി രൂപയുടെ സാമ്പത്തിക പിന്തുണയാണ് ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. ഇതുപയോഗപ്പടുത്തി ബാങ്കുകള്‍ക്ക് വാക്സിന്‍ ഉല്‍പ്പാദകര്‍ക്കും ഇറക്കുമതി സ്ഥാപനക്കള്‍ക്കും വിതരണക്കാര്‍ക്കും ആശുപത്രികള്‍ക്കും ഡിസ്പെന്‍സറികള്‍ക്കും കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ആരോഗ്യസേവന ദാതാക്കള്‍ക്കുമെല്ലാം വായ്പ നല്‍കാവുന്നതാണ്.
ബാങ്കുകള്‍ക്ക് റിപ്പോ നിരക്കിലാകും ഈ ഫണ്ടുകള്‍ ലഭിക്കുക. കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുകയാണ് ഉദ്ദേശ്യം. 2022 മാര്‍ച്ച് 31 വരെ ഈ സംവിധാനമുണ്ടാകും. ആര്‍ബിഐയില്‍ നിന്ന് മികച്ച പലിശനിരക്ക് നേടാന്‍ കോവിഡ് ലോണ്‍ ബുക്ക് സഹായിക്കുമെന്നും കരുതുന്നു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ഡോ. റെഡ്ഡീസ് പോലുള്ള വാക്സിന്‍ നിര്‍മാതാക്കള്‍ക്കും ഇറക്കുമതി സ്ഥാപനങ്ങള്‍ക്കും പുതിയ നടപടികള്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. വിപണിയില്‍ ലഭ്യമാക്കുന്ന വാക്സിനുകളുടെ എണ്ണം വലിയ തോതില്‍ കൂട്ടാന്‍ ഇത് സഹായിക്കും.