വെല്‍ത്ത് മാനേജ്മെന്‍റില്‍ സര്‍ട്ടിഫിക്കേഷനുമായി എന്‍ഐഎസ്എം, ക്രിസില്‍
1 min readന്യൂഡെല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് (എന്‍ഐഎസ്എം), ക്രിസിലുമായി സഹകരിച്ച് വെല്‍ത്ത് മാനേജ്മെന്‍റില്‍ ഒരു സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം ആരംഭിച്ചു. സമ്പത്ത് മാനേജ്മെന്‍റിന്‍റെ- മുഴുവന്‍ പ്രക്രിയകളെ കുറിച്ചുമുള്ള ധാരണ ലഭ്യമാക്കുന്ന ഈ കോഴ്സിലൂടെ ക്ലയന്‍റുകളെ കൂടുതല്‍ഫലപ്രദമായി സേവിക്കാനാകും. കൂടാതെ ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ബ്രോക്കറേജുകള്‍, ഫാമിലി വെല്‍ത്ത് ഓഫീസുകള്‍ എന്നിവയുടെ വെല്‍ത്ത് മാനേജുമെന്‍റ് ശേഷി വര്‍ധിപ്പിക്കുന്നതിനും സഹായകമാകും.
പരമ്പരാഗത പാഠ്യപദ്ധതികള്‍ സാമ്പത്തിക ഉല്‍പ്പന്നങ്ങളെ കുറിച്ച് നല്ല ഗ്രാഹ്യം നല്‍കുന്നുണ്ടെങ്കിലും അതില്‍ മിക്കതും അക്കാദമിക് തലത്തിലുള്ളതും ആഗോള രീതികള്‍ പിന്തുടരുന്നവയുമാണ്. എന്നാല്‍, എന്‍ഐഎസ്എം, ക്രിസില്‍ സര്‍ട്ടിഫൈഡ് വെല്‍ത്ത് മാനേജര്‍ പ്രോഗ്രാം സമ്പത്ത് കെട്ടിപ്പടുക്കുന്നതിനും വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ക്ലയന്‍റ് ആവശ്യകതകളെ നേരിട്ട് അഭിസംബോധന ചെയ്യുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്ന് ക്രിസില്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ അസറ്റ് അണ്ടര്‍ മാനേജ്മെന്‍റ് (എയുഎം) ഈ വര്‍ഷം മാര്‍ച്ചില്‍ 31 ലക്ഷം കോടി രൂപയിലെത്തി, 2016ലെ ഇതേ ഘട്ടത്തില്‍ ഇത് 12 ലക്ഷം കോടി രൂപയായിരുന്നു. ചില്ലറ നിക്ഷേപകരുടെ ശക്തമായ പങ്കാളിത്തമാണ് പ്രകടമാകുന്നത്.